വീൽചെയറിൽ ഇരുന്ന് ആദ്യമായി യുവതി ബഹിരാകാശത്ത്, ഇത് സുവർണ നേട്ടം

വീൽചെയറിൽ ഇരുന്ന് ആദ്യമായി യുവതി ബഹിരാകാശത്ത്, ഇത് സുവർണ നേട്ടം

ബഹിരാകാശ യാത്രാ ദൗത്യത്തിൽ നാഴികക്കല്ല് പിന്നിട്ട് ബ്ലൂ ഒറിജിൻ. വീൽ ചെയർ ഉപയോഗിക്കുന്ന ഒരു വ്യക്തിയെ ബഹാരാകാശത്ത് എത്തിച്ചെന്ന സുവര്‍ണനേട്ടം ചരിത്രത്തിൽ ആദ്യമായി പിറന്നു. ജെഫ് ബെസോസിൻ്റെ ഉടമസ്ഥതയിലുള്ള ബ്ലൂ ഒറിജിൻ മിഷേല (മിച്ചി) ബെന്തൗസി എന്ന പെൺകുട്ടിയുടെ സ്വപ്‌നമാണ് ഇതോടെ നിറവേറ്റിയിരിക്കുന്നത്.

മിഷേല (മിച്ചി) ബെന്തൗസിക്കൊപ്പം ജോയി ഹൈഡ്, ഹാൻസ് കൊയിനിഗ്‌സ്‌മാൻ, നീൽ മിൽച്ച്, അഡോണിസ് പൗരൗലിസ്, ജേസൺ സ്‌റ്റാൻസെൽ എന്നിവരുൾപ്പെടെ ആറ് ക്രൂ അംഗങ്ങൾ ഈ ദൗത്യത്തിൽ ഉണ്ടായിരുന്നു. 2025 ഡിസംബർ 20 ന് ബ്ലൂ ഒറിജിൻ 37-ാമത് എൻഎസ് റോക്കറ്റ് വിജയകരമായി ബഹിരാകാശത്തേക്ക് വിക്ഷേപിച്ചു. ഇതുവരെ ബ്ലൂ ഒറിജിൻ 92 പേരെയാണ് ബഹിരാകാശത്തേയ്‌ക്ക് അയച്ചിട്ടുള്ളത്.അംഗങ്ങളെ കർമാൻ ലൈനിന് മുകളിലൂടെ വിജയകരമായി വിക്ഷേപിക്കുകയും സുരക്ഷിതമായി ഭൂമിയിലേക്ക് തിരികെ കൊണ്ടുവരികയും ചെയ്‌തിരിക്കുന്നുവെന്ന് ബ്ലൂ ഒറിജിൻ അറിയിച്ചു. അഞ്ച് ക്രൂ അംഗങ്ങൾക്കൊപ്പമാണ് ബെന്തൗസിയെയും ബഹിരാകാശത്തേയ്‌ക്ക് അയച്ചത്. ഈ ബഹിരാകാശ ദൗത്യത്തിനായി ന്യൂ ഷെപ്പേർഡ് (എൻഎസ്) റോക്കറ്റാണ് ഉപയോഗിച്ചത്. ശാരീരിക വെല്ലുവിളികളെയെല്ലാം മറികടന്ന ബെന്തൗസി എല്ലാവർക്കും ബഹിരാകാശ ടൂറിസം പ്രാപ്‌തമാണെന്ന് ഈ ദൗത്യത്തിലൂടെ തെളിയിച്ചെന്നും ബ്ലൂ ഒറിജിൻ വ്യക്തമാക്കി."എഞ്ചിനീയർമാർ, ശാസ്ത്രജ്ഞർ, ലോകമെമ്പാടുമുള്ള സംരംഭകർ, അധ്യാപകർ, നിക്ഷേപകർ വരെ ഇപ്പോൾ ബഹിരാകാശ യാത്ര അനുഭവിക്കാൻ ആഗ്രഹിക്കുകയാണ്. ഓരോരുത്തരും അവരവരുടെ കാഴ്‌ചപ്പാടും പര്യവേഷണത്തോടുള്ള അഭിനിവേശവും കൊണ്ടുവരുന്നു. അതുപോലെ മിച്ചിയുടെ വിമാനയാത്ര പ്രത്യേകിച്ചും അർത്ഥവത്താണ്. മിച്ചിയുടെ സ്വപ്‌നം സാക്ഷാത്‌ക്കരിക്കാൻ അവളെ സഹായിക്കുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു", എന്ന് എൻഎസ് പ്രോഗ്രാമിൻ്റെ സീനിയർ വൈസ് പ്രസിഡൻ്റ് ഫിൽ ജോയ്‌സ് പറയുന്നു.പ്രവേശനക്ഷമത മുന്നിൽ കണ്ടുകൊണ്ടാണ് ദൗത്യത്തിനായി എൻഎസ് റോക്കറ്റ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത് എന്ന് ബ്ലൂ ഒറിജിൻ ചൂണ്ടിക്കാട്ടി. വീൽചെയർ ഉപയോഗിക്കുന്നവർ, കേൾവിക്കുറവുള്ളവർ, പരിമിതമായ ചലനശേഷി അല്ലെങ്കിൽ കൈകാലുകളിൽ വൈകല്യങ്ങള്‍ ഉള്ളവര്‍, കാഴ്‌ചക്കുറവുള്ളവർ എന്നിങ്ങനെയുള്ള എല്ലാവരെയും ഉൾക്കൊള്ളാൻ എൻഎസ് റോക്കറ്റിന് കഴിയുമെന്ന് എയ്‌റോസ്‌പേസ് കമ്പനി അഭിപ്രായപ്പെടുന്നു.

മിഷേല (മിച്ചി) ബെന്തൗസ് യൂറോപ്യൻ സ്പേസ് ഏജൻസിയിലെ (ESA) ഒരു എഞ്ചിനീയറാണ്, നിലവിൽ നെതർലാൻഡിൽ യംഗ് ഗ്രാജ്വേറ്റ് ട്രെയിനിയായി ജോലി ചെയ്യുന്നു. 2018-ലുണ്ടായ ഒരു മൗണ്ടൻ ബൈക്കിംഗ് അപകടത്തെത്തുടർന്ന് സുഷുമ്നാ നാഡിക്ക് പരിക്കേറ്റതിനാൽ അവർ വീൽചെയറിലാണ് സഞ്ചരിക്കുന്നത്. തന്റെ ബഹിരാകാശ യാത്രയ്ക്ക് മുമ്പ്, പാരാബോളിക് ഫ്ലൈറ്റുകളിലൂടെ അവർ മൈക്രോഗ്രാവിറ്റിയിൽ (microgravity) പരിചയം നേടിയിരുന്നു. കൂടാതെ, ലോകത്തിലെ ആദ്യത്തെ വീൽചെയർ സൗഹൃദ അനലോഗ് ബഹിരാകാശ കേന്ദ്രമായ പോളണ്ടിലെ ലൂണാർസ് റിസർച്ച് സ്റ്റേഷനിൽ മിഷൻ കമാൻഡറായും അവർ സേവനമനുഷ്‌ഠിച്ചിട്ടുണ്ട്.