ബിൻലാദൻ രക്ഷപ്പെട്ടത് സ്ത്രീവേഷത്തിലെന്ന് സിഐഎ (CIA) മുൻ ഓഫിസർ ജോൺ കിരിയാക്കൂ

ന്യൂഡൽഹി: 2001 സെപ്‌റ്റംബർ 11-ലെ ഭീകരാക്രമണത്തിനുശേഷം അമേരിക്ക പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച അൽ-ഖ്വയിദ സ്ഥാപകൻ ഉസാമ ബിൻ ലാദൻ അഫ്ഗാനിസ്ഥാനിലെ തോറ ബോറ മലനിരകളിൽനിന്ന് രക്ഷപ്പെട്ടത് സ്ത്രീവേഷത്തിലാണെന്ന് വെളിപ്പെടുത്തൽ. സിഐഎ (CIA) മുൻ ഓഫിസർ ജോൺ കിരിയാക്കൂവാണ് ഈ നിർണായക വിവരം പുറത്തുവിട്ടത്. സിഐഎയിൽ 15 വർഷം പ്രവർത്തിക്കുകയും പാകിസ്ഥാനിലെ സിഐഎ ഭീകരവിരുദ്ധ ഓപ്പറേഷൻസിൻ്റെ മേധാവിയായിരുന്നയാളാണ് കിരിയാക്കൂ. ദേശീയ വാർത്ത ഏജൻസിയായ എഎൻഐക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ കാര്യങ്ങൾ വെളിപ്പെടുത്തിയത്.9/11 ആക്രമണത്തിനുശേഷം അഫ്ഗാനിസ്ഥാനിലെ തോറ ബോറ മലകളിൽ അൽ-ഖ്വയിദ ഭീകരരെ യുഎസ് സൈന്യം വളഞ്ഞതായി അമേരിക്ക വിശ്വസിച്ചിരുന്നു. എന്നാൽ സെൻട്രൽ കമാൻഡിൻ്റെ കമാൻഡർക്ക് വേണ്ടി പ്രവർത്തിച്ച പരിഭാഷകൻ യഥാർഥത്തിൽ യുഎസ് സൈന്യത്തിൽ നുഴഞ്ഞുകയറിയ അൽ-ഖ്വയിദ ഏജൻ്റ് ആയിരുന്നുവെന്ന വിവരം അവർ അറിഞ്ഞിരുന്നില്ല. ബിൻ ലാദൻ വളയപ്പെട്ടപ്പോൾ മലയിറങ്ങിവരാൻ ആവശ്യപ്പെടുകയും പരിഭാഷകൻ വഴി "സ്ത്രീകളെയും കുട്ടികളെയും ഒഴിപ്പിക്കാൻ പുലർച്ചെ വരെ സമയം തരുമോ?" എന്ന് ചോദിക്കുകയും കീഴടങ്ങാമെന്ന് അറിയിക്കുകയും ചെയ്തു.ഈ ആശയം അംഗീകരിക്കാൻ പരിഭാഷകൻ ജനറൽ ഫ്രാങ്ക്‌സിനെ പ്രേരിപ്പിച്ചതിലൂടെ നടന്നത് ഒരു തന്ത്രമായിരുന്നു. പുരുഷന്മാർ സ്ത്രീവേഷം ധരിക്കുകയും, ബിൻ ലാദൻ ഒരു സ്ത്രീയായി വേഷംമാറി രാത്രിയുടെ മറവിൽ ഒരു പിക്കപ്പ് ട്രക്കിൻ്റെ പിന്നിലിരുന്ന് പാകിസ്ഥാനിലേക്ക് രക്ഷപ്പെടുകയുമായിരുന്നു. പുലർച്ചെയായപ്പോൾ തോറ ബോറയിൽ കീഴടങ്ങാൻ ആരും അവശേഷിച്ചിരുന്നില്ല, എല്ലാവരും രക്ഷപ്പെട്ടു. ഇതോടെ യുഎസിന് തങ്ങളുടെ പോരാട്ടം പാകിസ്ഥാനിലേക്ക് മാറ്റേണ്ടിവന്നതായും കിരിയാക്കൂ പറഞ്ഞു.