ബംഗ്ലാദേശ് തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷ സമുദായത്തിൽ നിന്ന് വിജയിച്ചത് നാല് പേര്‍

ബംഗ്ലാദേശ് തെരഞ്ഞെടുപ്പിൽ  ന്യൂനപക്ഷ സമുദായത്തിൽ നിന്ന് വിജയിച്ചത് നാല് പേര്‍

ധാക്ക: ബംഗ്ലാദേശ് തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷ സമുദായങ്ങളിൽ നിന്നുള്ള നാല് സ്ഥാനാർഥികൾ വിജയിച്ചു. അതിൽ രണ്ട് പേർ ഹിന്ദുക്കളാണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ബിഎന്‍പി (ബംഗ്ലാദേശ് നാഷണലിസ്‌റ്റ് പാർട്ടി) സ്ഥാനാര്‍ഥികളാണ് വിജയിച്ചത്. രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷമാണ് രാജ്യത്ത് ബിഎൻപി ആധികാരത്തിലെത്തുന്നത്.ബിഎൻപിയിൽ മത്സരിച്ച് വിജയിച്ച രണ്ട് ഹിന്ദു സ്ഥാനാർഥികളാണ് ഗോയേശ്വർ ചന്ദ്ര റോയിയും നിതായ് റോയ് ചൗധരിയും. മഗുര, ധാക്ക മണ്ഡലങ്ങളില്‍ നിന്നാണ് ഇരുവരും മത്സരിച്ചത്. ജമാഅത്തെ ഇസ്‌ലാമിയിൽ നിന്ന് മത്സരിച്ച എതിരാളികളെ വൻ ഭൂരിപക്ഷത്തോടെ പരാജയപ്പെടുത്തുകയും ചെയ്‌തു. ബിഎൻപിയുടെ പരമോന്നത നയരൂപീകരണ സമിതിയായ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗമാണ് റോയ്. ചൗധരി പാർട്ടിയുടെ പ്രമുഖ വൈസ് പ്രസിഡൻ്റുമാരിൽ ഒരാളും പാർട്ടി നേതൃത്വത്തിൻ്റെ മുതിർന്ന ഉപദേശകനും തന്ത്രജ്ഞനുമാണ്.

തെക്കുകിഴക്കൻ മലയോര ജില്ലയായ ബന്ദർബനിൽ നിന്നുള്ള മുതിർന്ന ബിഎൻപി നേതാവും ബുദ്ധമത വിശ്വാസിയുമായ സച്ചിംഗ് പ്രു ആണ് തെരഞ്ഞെടുക്കപ്പെട്ട മൂന്നാമത്തെ ന്യൂനപക്ഷ എംപി. ഇദ്ദേഹം മർമ വംശജനാണ്. നാലാമത്തെ ന്യൂനപക്ഷ സ്ഥാനാർത്ഥിയായ ദിപൻ ദേവൻ ബുദ്ധമതക്കാർക്ക് ഭൂരിപക്ഷമുള്ള ചക്‌മ വംശജനാണ്. തെക്കുകിഴക്കൻ രംഗമാതി മലയോര ജില്ലയിൽ നിന്നാണ് അദ്ദേഹം വിജയിച്ചത്.അതേസമയം മുസ്‌ലീം ഭൂരിപക്ഷ രാജ്യത്ത് ജനസംഖ്യയുടെ എട്ട് ശതമാനത്തോളം ഹിന്ദുക്കളാണ്. തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ കണക്കനുസരിച്ച്, മതന്യൂനപക്ഷ സമുദായങ്ങളിൽ നിന്നുള്ള പത്ത് സ്ത്രീകൾ ഉൾപ്പെടെ 79 സ്ഥാനാർഥികൾ മത്സരിക്കുകയുണ്ടായിഅതിൽ കൂടുതലും ഹിന്ദുക്കളായിരുന്നു. 67 പേരെ 22 രാഷ്ട്രീയ പാർട്ടികൾ നാമനിർദേശം ചെയ്‌തപ്പോൾ, 12 പേർ സ്വതന്ത്ര സ്ഥാനാർഥികളായാണ് മത്സരിച്ചത്. കമ്മ്യൂണിസ്‌റ്റ് പാർട്ടി ഓഫ് ബംഗ്ലാദേശ് (സിപിബി) ആണ് ഏറ്റവും കൂടുതൽ സ്ഥാനാർഥികളെ നിർത്തിയത്. അവയിൽ 17 പേർ ന്യൂനപക്ഷ സ്ഥാനാർഥികളായിരുന്നു. ജമാഅത്തെ ഇസ്‌ലാമി ചരിത്രത്തിലാദ്യമായി ഒരു ന്യൂനപക്ഷ ഹിന്ദു സ്ഥാനാർഥിയെ നാമനിർദേശം ചെയ്‌തത് ചർച്ചകൾക്ക് വഴിവച്ചിരുന്നു.

ഖുൽന നിയോജകമണ്ഡലത്തിൽ നിന്നുള്ള മുതിർന്ന വ്യവസായി കൃഷ്‌ണ നന്ദിയാണ് മത്സരിച്ചത്. എന്നാൽ അദ്ദേഹം പരാജയപ്പെട്ടു. അതേസമയം 2024 ലെ തെരഞ്ഞെടുപ്പിൽ ഹിന്ദു എംപിമാരുടെ എണ്ണം 17 ആയിരുന്നു. ഷെയ്‌ഖ്‌ ഹസീനയുടെ പതനത്തിന് പിന്നാലെയുണ്ടായ പൊതുതെരഞ്ഞെടുപ്പില്‍ ബംഗ്ലാദേശില്‍ വമ്പൻ വിജയവുമായി ബിഎന്‍പി അധികാരത്തിൽ കയറിയ തെരഞ്ഞെടുപ്പ് കൂടിയാണിത്. ബിഎൻപിയുടെ ചെയർമാൻ താരിഖ് റഹ്‌മാനായിരിക്കും ബംഗ്ലാദേശിനെ ഇനി നയിക്കുക. നാളെ (ഫെബ്രുവരി 17) സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേൽക്കും.ബംഗ്ലദേശിൽ 299 സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 209 സീറ്റുകളാണ് ബിഎൻപി നേടിയത്. 20 വർഷത്തിനു ശേഷമാണ് ബിഎൻപി അധികാരത്തിൽ തിരിച്ചെത്തുന്നത്. 70 സീറ്റുകളാണ് മുഖ്യ എതിരാളിയായ ജമാഅത്തെ ഇസ്‌ലാമി നേടിയത്. 60.69 ശതമാനം പോളിങ്ങാണ് ഇത്തവണ തെരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയത്.