വെസ്റ്റ് ഇൻഡീസ് ഇതിഹാസ ക്രിക്കറ്റ് താരം ഗാർഫീൽഡ് സോബേഴ്സ് അന്തരിച്ചു.

ലണ്ടൻ: ലോക ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഇതിഹാസ താരവും വിഖ്യാത ഓൾറൗണ്ടറുമായ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു . വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ബാർബഡോസിലെ വസതിയിലായിരുന്നു അന്ത്യം. മകൻ ഡാനിയേൽ സോബേഴ്സ് ആണ് മരണവിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

സർ ഗാരി സോബേഴ്സിന്റെ വിയോഗത്തോടെ ആഗോള ക്രിക്കറ്റിലെ സുവർണ്ണ അധ്യായത്തിനാണ് വിരാമമാകുന്നത്. ബാറ്റിംഗ്, ബൗളിംഗ്, ഫീൽഡിംഗ് തുടങ്ങി ക്രിക്കറ്റിന്റെ എല്ലാ മേഖലകളിലും ഒരുപോലെ അഗ്രഗണ്യനായിരുന്ന അദ്ദേഹം വിസ്ഡൻ നൂറ്റാണ്ടിന്റെ മികച്ച അഞ്ച് ക്രിക്കറ്റർമാരിൽ ഒരാളായി തിരഞ്ഞെടുത്ത പ്രതിഭയായിരുന്നു.1954-ൽ തന്റെ 17-ാം വയസ്സിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച സോബേഴ്സ്, വെസ്റ്റ് ഇൻഡീസിനായി 20 വർഷക്കാലത്തെ കരിയറിൽ 93 ടെസ്റ്റ് മത്സരങ്ങൾ കളിച്ചു. ഇടംകൈയ്യൻ ബാറ്ററായിരുന്ന അദ്ദേഹം ടെസ്റ്റിൽ 57.78 ശരാശരിയോടെ 8032 റൺസും, മീഡിയം പേസിലും സ്പിന്നിലുമായി 235 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. 1958-ൽ പാകിസ്ഥാനെതിരെ പുറത്താകാതെ നേടിയ 365 റൺസ് 36 വർഷക്കാലം ലോക ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറായിരുന്നു. ഈ ലോക റെക്കോർഡ് പിന്നീട് 1994-ൽ വെസ്റ്റ് ഇൻഡീസിന്റെ തന്നെ ബ്രയാൻ ലാറയാണ് തകർത്തത്. 1965 മുതൽ 1972 വരെയുള്ള കാലയളവിൽ വെസ്റ്റ് ഇൻഡീസ് ടീമിന്റെ ക്യാപ്റ്റനായും അദ്ദേഹം തിളങ്ങി.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിന്റെ ചരിത്രത്തിൽ ആദ്യമായി ഒരോവറിലെ ആറ് പന്തുകളും സിക്സർ പറത്തിയ താരമെന്ന ചരിത്ര റെക്കോർഡിനും ഗാരി സോബേഴ്സ് ഉടമയാണ്. 1968-ൽ നോട്ടിംഗ്ഹാംഷെയറിനായി കളിക്കവെ ഗ്ലാമോർഗൻ താരം മാൽകം നാഷിന്റെ ഓവറിലായിരുന്നു അദ്ദേഹം ഈ ചരിത്രനേട്ടം കുറിച്ചത്. ക്രിക്കറ്റ് ലോകത്തിന് അദ്ദേഹം നൽകിയ സമാനതകളില്ലാത്ത സംഭാവനകൾ പരിഗണിച്ച് 1975-ൽ ബ്രിട്ടനിലെ എലിസബത്ത് രാജ്ഞി അദ്ദേഹത്തിന് ‘നൈറ്റ്ഹുഡ്’ (സർ പദവി) നൽകി ആദരിച്ചു. സോബേഴ്സിന്റെ വിയോഗത്തിൽ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലും (ICC) ലോകമെമ്പാടുമുള്ള പ്രമുഖ കായിക താരങ്ങളും കടുത്ത അനുശോചനം രേഖപ്പെടുത്തി.