കേരള ടീം കശ്മീരിലേക്ക്; വിഷ്ണു വിനോദ് നായകൻ

 കേരള ടീം കശ്മീരിലേക്ക്; വിഷ്ണു വിനോദ് നായകൻ

തിരുവനന്തപുരം: വരാനിരിക്കുന്ന ആഭ്യന്തര ക്രിക്കറ്റ് സീസണിന് മുന്നോടിയായുള്ള നിർണ്ണായക ഒരുക്കങ്ങളുടെ ഭാഗമായി കേരള ക്രിക്കറ്റ് അസോസിയേഷൻ  സീനിയർ പുരുഷ ടീം ജമ്മു & കശ്മീരിലേക്ക് തിരിക്കുന്നു.  ശ്രീനഗറിൽ വെച്ച് നടക്കുന്ന ഈ വിദേശ പര്യടനത്തിൽ ആതിഥേയരായ ജമ്മു & കശ്മീർ സീനിയർ പുരുഷ ടീമുമായി രണ്ട് മൾട്ടി-ഡേ  പരിശീലന മത്സരങ്ങളിലാണ് കേരളം മാറ്റുരയ്ക്കുന്നത്. ജൂലൈ 23 മുതൽ 29 വരെ ക്രമീകരിച്ചിരിക്കുന്ന മത്സരങ്ങൾക്കായി വിക്കറ്റ് കീപ്പർ ബാറ്റർ വിഷ്ണു വിനോദ് നയിക്കുന്ന കരുത്തുറ്റ സംഘത്തെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആഭ്യന്തര ക്രിക്കറ്റിലെ കരുത്തരായ ജമ്മു കശ്മീരിനെതിരെയുള്ള പോരാട്ടം എന്നത് ഈ പരിശീലന പരമ്പരയുടെ പ്രാധാന്യം ഇരട്ടിയാക്കുന്നു.കേരളത്തിലെ സാഹചര്യങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായ കാലാവസ്ഥയിലും, കശ്മീരിലെ കഠിനമായ പിച്ച് കണ്ടീഷനുകളിലും കളിച്ച് കളിക്കാർക്ക് മികച്ച പരിചയസമ്പത്ത് നേടിക്കൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് കെ.സി.എ ഈ പ്രത്യേക പര്യടനം സംഘടിപ്പിച്ചിരിക്കുന്നത്. വരാനിരിക്കുന്ന രഞ്ജി ട്രോഫി, വിജയ് ഹസാരെ ടൂർണമെന്റുകൾക്ക് മുൻപ് ടീമിന്റെ പോരായ്മകൾ പരിഹരിക്കാൻ ഈ ടൂർണമെന്റ് സഹായിക്കുമെന്നാണ് വിലയിരുത്തൽ.

താരസമ്പന്നമായ 14 അംഗ സ്ക്വാഡിനെയാണ് കെ.സി.എ പര്യടനത്തിനായി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രമുഖ ഓപ്പണർ രോഹൻ എസ്. കുന്നുമ്മൽ, സച്ചിൻ ബേബിക്ക് പകരം മധ്യനിരയ്ക്ക് കരുത്താകാൻ മുഹമ്മദ് അസ്ഹറുദ്ദീൻ, ഐ.പി.എൽ താരം ആസിഫ് കെ.എം എന്നിവരടങ്ങുന്നതാണ് സംഘം.

കേരള ടീം സ്ക്വാഡ്:

വിഷ്ണു വിനോദ് (ക്യാപ്റ്റൻ), രോഹൻ എസ്. കുന്നുമ്മൽ, അഭിഷേക് പി. നായർ, അഹമ്മദ് ഇമ്രാൻ, ഷോൺ റോജർ, മുഹമ്മദ് അസ്ഹറുദ്ദീൻ, അഭിജിത്ത് പ്രവീൺ വി., കൃഷ്ണ പ്രസാദ്, ആദിത്യ ആനന്ദ് സർവതെ, അനുരാജ് ജെ. എസ്., നിധീഷ് എം. ഡി., ആസിഫ് കെ. എം., പവൻ രാജ്, വിശ്വേശ്വർ സുരേഷ്.

പവർ-ഹിറ്റിംഗിന് പേരുകേട്ട താരവും വിക്കറ്റ് കീപ്പർ-ബാറ്ററുമായ  വിഷ്ണു വിനോദ്, നിലവിൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ (IPL) പഞ്ചാബ് കിങ്സ്  താരമാണ്. കേരള ക്രിക്കറ്റ് ലീഗിൽ  ട്രിവാൻഡ്രം റോയൽസ് ടീമിനായാണ് അദ്ദേഹം കളിക്കുന്നത്