ഗാസ സമാധാന പദ്ധതി;ചര്‍ച്ച ഈജിപ്‌തില്‍

ഗാസ സമാധാന പദ്ധതി;ചര്‍ച്ച ഈജിപ്‌തില്‍

കെയ്‌റോ: ഹമാസ്, ഇസ്രയേല്‍, അമേരിക്ക തുടങ്ങിയവരുടെ പ്രതിനിധികള്‍ ഇന്ന് ഈജിപ്റ്റില്‍ സമ്മേളിക്കും. ഗാസ മുനമ്പില്‍ രണ്ട് വര്‍ഷമായി നടക്കുന്ന യുദ്ധം അവസാനിപ്പിക്കാന്‍ കാര്യങ്ങള്‍ വേഗത്തില്‍ വേണമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ഇവരോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഈജിപ്‌റ്റിലെ റിസോര്‍ട്ട് പട്ടണമായ ഷറം എല്‍ ഷെയ്‌ഖിലാണ് ചര്‍ച്ചകള്‍. 2023 ഒക്‌ടോബര്‍ ഏഴിനാണ് സംഘര്‍ഷത്തിലേക്ക് നീണ്ട ഹമാസ് ആക്രമണം അരങ്ങേിയത്. ഇതിന്‍റെ രണ്ടാം വാര്‍ഷിക തലേന്നാണ് ചര്‍ച്ചകളെന്നതും ശ്രദ്ധേയമാണ്. ട്രംപിന്‍റെ സമാധാന പദ്ധതികളോട് ഹമാസും ഇസ്രയേലും ശുഭകരമായാണ് പ്രതികരിച്ചിട്ടുള്ളത്. പോരാട്ടം അവസാനിപ്പിക്കാനും ബന്ദികളെ കൈമാറാനുമുള്ള ട്രംപിന്‍റെ നിര്‍ദേശങ്ങള്‍ എല്ലാവരും അംഗീകരിച്ചിട്ടുണ്ട്.ഗാസയിലെ ബന്ദികളെ മോചിപ്പിക്കുന്നതിന് പകരം ഇസ്രയേല്‍ ജയിലിലുള്ള പലസ്‌തീനികളെയും വിട്ടയക്കും. അതേസമയം വിശദാംശങ്ങള്‍ക്ക് ഇനിയും രൂപമാകേണ്ടതുണ്ട്. യുദ്ധം അവസാനിപ്പിക്കുന്നതിനും തടവുകാരെ വിട്ടയക്കുന്നതിനുമുള്ള കരാര്‍ നടപ്പാക്കുന്നതിലേക്ക് എത്താന്‍ തങ്ങള്‍ ബദ്ധശ്രദ്ധരായി ഉറ്റുനോക്കുകയാണെന്ന് ഹമാസിന്‍റെ മുതിര്‍ന്ന നേതാവ് അറിയിച്ചു.ദിവസങ്ങള്‍ക്കകം ബന്ദികളെ വിട്ടയക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഹമാസുമായി ശുഭകരമായ ചര്‍ച്ചകളാണ് നടക്കുന്നതെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് സ്വന്തം സാമൂഹ്യമാധ്യമ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.അമേരിക്ക, ഈജിപ്റ്റ്, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളുടെ മധ്യസ്ഥതയില്‍ മാസങ്ങള്‍ നീണ്ട മധ്യസ്ഥ ചര്‍ച്ചകളാണ് പുതിയ തലത്തിലേക്ക് കടന്നിരിക്കുന്നത്. വിനാശകരമായ യുദ്ധം അവാസനിപ്പിക്കാന്‍ നടത്തുന്ന ശ്രമങ്ങളില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിദേശകാര്യമന്ത്രിമാര്‍ ശുഭാപ്‌തി വിശ്വാസം പ്രകടിപ്പിച്ചു. സുസ്ഥിര വെടിനിര്‍ത്തലിനുള്ള യഥാര്‍ത്ഥ അവസരമാണ് ഇപ്പോള്‍ കൈവന്നിട്ടുള്ളതെന്നും അവര്‍ പറയുന്നു. ഗാസയില്‍ ബോംബാക്രമണം അവസാനിപ്പിക്കണമെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ ആവശ്യപ്പെട്ടിരുന്നു. യുദ്ധം നടത്തിക്കൊണ്ട് ബന്ദികളെ മോചിപ്പിക്കാനാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

"ഹമാസ് തീവ്രവാദികള്‍, ചര്‍ച്ച സമാധാനം കൊണ്ടുവരാൻ മാത്രം": മാര്‍ക്കോ റൂബിയോ

വാഷിങ്ടണ്‍: ഗാസ-ഇസ്രയേല്‍ സമാധാന ചര്‍ച്ചകള്‍ ഈജിപ്‌ത്തില്‍ തുടങ്ങാനിരിക്കെ ഹമാസിനെതിരെ രൂക്ഷ വിമര്‍ശനവുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ രംഗത്ത്. ഹമാസ് പലസ്‌തീൻ വിമോചന പോരാളികള്‍ അല്ലെന്നും തീവ്രവാദികളും ക്രൂരന്മാരുമാണെന്നും അദ്ദേഹം ആരോപിച്ചു. ഗാസയില്‍ സമാധാനം കൊണ്ടുവരാനുള്ള ആദ്യഘട്ട ചർച്ച ഇന്ന് ഈജിപ്‌തില്‍ ആരംഭിക്കാനിരിക്കെയാണ് മാർക്കോ റൂബിയോടെ വിമര്‍ശനം.

"ഹമാസ് ഒരു രാഷ്ട്രീയ പ്രസ്ഥാനമായല്ല പ്രവര്‍ത്തിക്കുന്നത്. കൊലയാളികളും ക്രൂരന്മാരും തീവ്രവാദികളുമായ ഹമാസിനെയാണ് ഞങ്ങൾ കൈകാര്യം ചെയ്യുന്നത്. ബന്ദികളെ മോചിപ്പിക്കുന്നതിനും സംഘർഷം പരിഹരിക്കുന്നതിനും ഞങ്ങളോടൊപ്പം പ്രവര്‍ത്തിക്കാന്‍ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് കെട്ടിപ്പടുത്ത സഖ്യം ഞങ്ങൾക്ക് പ്രതീക്ഷ നൽകുന്നു," മാര്‍ക്ക് റൂബിയോ എക്‌സില്‍ എഴുതി.