"സൂര്യവംശിയെ പുറത്താക്കികൊണ്ട് ഗൗതം ഗംഭീർ ചെയ്തത് മണ്ടത്തരം ": ശ്രീകാന്ത്

ഹരാരെ: സിംബാബ്വെക്കെതിരായ ആദ്യ ടി20 മത്സരത്തിൽ അർധസെഞ്ചുറി നേടി ചരിത്ര റെക്കോർഡ് കുറിച്ച വൈഭവ് സൂര്യവംശിയെ കൈകാര്യം ചെയ്ത രീതിയിൽ പരിശീലകൻ ഗൗതം ഗംഭീറിന് നേരെ കടുത്ത വിമർശനം. അന്താരാഷ്ട്ര ടി20യിൽ അർധസെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡാണ് 15-കാരനായ സൂര്യവംശി സ്വന്തമാക്കിയത്. ഇതിന് പിന്നാലെയാണ് മുൻ ബി.സി.സി.ഐ സെലക്ടര് കൃഷ്ണമാചാരി ശ്രീകാന്ത്, ഗംഭീറിന്റെ ടീം തിരഞ്ഞെടുപ്പിനെതിരെ രൂക്ഷമായ ഭാഷയിൽ രംഗത്തെത്തിയത്.
ഇന്ത്യൻ സീനിയർ ടീമിനായി കളിച്ച ആദ്യ മൂന്ന് മത്സരങ്ങളിലും വലിയ പ്രകടനം പുറത്തെടുക്കാൻ സൂര്യവംശിക്ക് കഴിഞ്ഞിരുന്നില്ല. ഇംഗ്ലണ്ട് പരമ്പരയിലെ മൂന്ന് മത്സരങ്ങളിൽ യഥാക്രമം 14, 13, 15 എന്നിങ്ങനെ റൺസ് മാത്രമാണ് താരം നേടിയത്. ഇതേത്തുടർന്ന് പരമ്പരയിലെ അഞ്ചാം ടി20 മത്സരത്തിൽ സൂര്യവംശിയെ ടീമിൽ നിന്ന് ഒഴിവാക്കിയിരുന്നു. നിലവിൽ സിംബാബ്വെ പരമ്പരയിൽ ഗൗതം ഗംഭീറിന്റെ അഭാവത്തിൽ വി.വി.എസ് ലക്ഷ്മണാണ് താൽക്കാലിക പരിശീലകനായി ടീമിനൊപ്പമുള്ളത്. തന്റെ നാലാം അന്താരാഷ്ട്ര മത്സരത്തിലാണ് സിംബാബ്വെക്കെതിരെ 18 പന്തിൽ സൂര്യവംശി ഫിഫ്റ്റി അടിച്ചുകൂട്ടിയത്.വെറും മൂന്ന് മത്സരങ്ങളിലെ പരാജയത്തിന്റെ പേരിൽ ഒരു യുവതാരത്തെ ടീമിൽ നിന്ന് മാറ്റിയ ഗംഭീറിന്റെ നടപടിയെ ശ്രീകാന്റെ തന്റെ യൂട്യൂബ് ചാനലിലൂടെ ചോദ്യം ചെയ്തു.
"സൂര്യവംശിക്ക് സ്വാഭാവികമായി റൺസ് അടിച്ചുകൂട്ടാനുള്ള കഴിവുണ്ട്, ഒരു ഷോട്ട് പോലും ക്രോസ്സ് ബാറ്റ് ചെയ്ത് കളിച്ചതല്ല. അവൻ ശരിക്കും ഒരു പ്രതിഭയാണ്. വെറും മൂന്ന് പരാജയങ്ങളുടെ പേരിൽ അവന്റെ ആത്മവിശ്വാസം തകർക്കുന്ന രീതിയിൽ ഗൗതം ഗംഭീർ എങ്ങനെയാണ് ഇത്രയും വിഡ്ഢിത്തം നിറഞ്ഞ ഒരു തീരുമാനം എടുത്തത്?" ശ്രീകാന്ത് ചോദിച്ചു.
തോൽവികളിൽ തളരാതെ താരം നടത്തിയ കഠിന പരിശ്രമത്തെയും ശ്രീകാന്ത് അഭിനന്ദിച്ചു. "വൈഭവിന്റെ അർപ്പണബോധത്തെ ഞാൻ സല്യൂട്ട് ചെയ്യുന്നു. ഇംഗ്ലണ്ട് പരമ്പരയ്ക്ക് ശേഷം അവൻ വീട്ടിലേക്ക് പോയില്ല, പകരം നേരെ രാജസ്ഥാൻ റോയൽസ് ക്യാമ്പിലേക്കാണ് പോയത്. താൻ മികച്ചവനാണെന്ന് ലോകത്തിന് മുന്നിൽ തെളിയിക്കാൻ ഷോർട്ട് ബോളുകൾക്കെതിരെ അവൻ കഠിനമായി പരിശീലിച്ചു," ശ്രീകാന്ത് കൂട്ടിച്ചേർത്തു.തുടർച്ചയായ മൂന്ന് പരാജയങ്ങൾക്ക് ശേഷവും തന്റെ സ്വാഭാവിക ആക്രമണ ശൈലി മാറ്റാത്തതിനാണ് സൂര്യവംശിയെ ശ്രീകാന്ത് കൂടുതൽ പ്രശംസിച്ചത്. സാധാരണയായി മൂന്ന് കളികളിൽ പരാജയപ്പെട്ടാൽ മറ്റ് കളിക്കാർ ടീമിലെ സ്ഥാനം നിലനിർത്താൻ സിംഗിളുകളും ഡബിളുകളും എടുത്ത് കളിക്കാൻ ശ്രമിക്കുമെന്നും, എന്നാൽ വൈഭവ് യാതൊരു ഭയവുമില്ലാതെയാണ് 250 സ്ട്രൈക്ക് റേറ്റിൽ ബാറ്റ് വീശിയതെന്നും അദ്ദേഹം വ്യക്തമാക്കി. 18 പന്തിൽ അമ്പത് റൺസ് നേടുന്നത് അവന് കുട്ടിക്കളി പോലെയാണെന്നും അദ്ദേഹം പറഞ്ഞു.