കഠിന ശൈത്യത്തിൽ ഗാസ: മാനുഷിക സഹായ നിയന്ത്രണങ്ങള്‍ പിൻവലിക്കണമെന്ന് മിഡിൽ ഈസ്റ്റ്, ഏഷ്യൻ രാജ്യങ്ങൾ

ഗാസ: കഠിനമായ ശൈത്യകാലം നേരിടുന്ന പലസ്‌തീനിൽ ഏർപ്പെടുത്തിയിരിക്കുന്ന മാനുഷിക സഹായ നിയന്ത്രണങ്ങള്‍ പിൻവലിക്കാൻ ആവശ്യപ്പെട്ട് മിഡിൽ ഈസ്റ്റ്, ഏഷ്യൻ രാജ്യങ്ങൾ. ഇസ്രായേൽ ഏർപ്പെടുത്തിയ ഉപരോധങ്ങള്‍ അതിവേഗം നീക്കി മാനുഷിക സഹായം എത്തിക്കണമെന്നും മിഡിൽ ഈസ്റ്റ്, ഏഷ്യൻ രാജ്യങ്ങൾ ഇസ്രായേലിനോട് ആവശ്യപ്പെട്ടതായി റിപ്പോർട്ട്.
ഏകദേശം 1.9 ദശലക്ഷം പലസ്‌തീനികള്‍ കുടിയിറക്കപ്പെട്ടുവെന്നും നിലവിൽ രാജ്യം കഠിനമായ ശൈത്യകാലം നേരിടുന്നുവെന്നും ഖത്തർ, ഈജിപ്‌ത്, ജോർദാൻ, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, തുർക്കി, ഇന്തോനേഷ്യ, പാകിസ്ഥാൻ എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാർ പ്രസ്‌താവനയിലൂടെ അറിയിച്ചു. തകർന്ന ടെൻ്റുകൾ, തകർന്ന കെട്ടിടങ്ങള്‍ എന്നിവയ്‌ക്കിടയിൽ പലസ്‌തീൻ ജനത അതികഠിന ശൈത്യകാലം നേരിടുന്നു. പോഷകാഹാരക്കുറവും മെച്ചപ്പെട്ട പാർപ്പിടവും ഇല്ലാത്തത് ജനജീവിതം ദുസഹമാക്കുന്നുവെന്നും പ്രസ്‌താവനയിൽ പറയുന്നു.ഗാസയിലെ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിന് അന്താരാഷ്ട്ര നിയമപ്രകാരം ബാധ്യതകൾ ഉണ്ടായിരുന്നിട്ടും, മാനുഷിക സഹായത്തിന് ഇസ്രായേൽ കർശനമായ പരിധികൾ ഏർപ്പെടുത്തുന്നത് തുടരുകയാണെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്‌തു. ഓരോ ദിവസവും നൂറുകണക്കിന് സഹായ ട്രക്കുകൾ ഗാസയിലേക്ക് അനുവദിക്കണം എന്നതാണ് സമാധാന ചർച്ചയിലെ ധാരണ. എന്നാൽ ശൈത്യകാലാവസ്ഥ വഷളായിട്ടും ഇസ്രായേൽ വാഗ്‌ധാനങ്ങള്‍ നിറവേറ്റുന്നതിൽ പരാജയപ്പെട്ടു. മതിയായ ഷെൽട്ടറുകൾ, പുതപ്പുകൾ, മറ്റ് അവശ്യവസ്‌തുക്കൾ എന്നിവ ലഭ്യമല്ലാതെ നിരവധി ഫലസ്‌തീൻ കുടുംബങ്ങൾ നരകയാതന അനുഭവിക്കുന്നുവെന്നാണ് റിപ്പോർട്ടുകള്‍.
2023 ഒക്ടോബർ ഏഴിന് ഇസ്രയേലിനെതിരെ ഹമാസ് നടത്തിയ ആക്രമണത്തെത്തുടർന്ന് ആരംഭിച്ച വംശഹത്യ രണ്ട് വർഷം കഴിഞ്ഞാണ് വെടിനിർത്തൽ കരാർ പ്രാവർത്തികമായത്. യുദ്ധം ഗാസ മുനമ്പില്‍ വൻ നാശനഷ്‌ടങ്ങളുണ്ടാക്കി. യുദ്ധാനന്തരം ലോകത്തിലെ ഏറ്റവും വലിയ കൂട്ടക്കുഴിമാടം എന്നാണ് ഗാസയെ വിശേഷിപ്പിക്കുന്നത്. മൃതദേഹങ്ങൾ വീണ്ടെടുക്കാനുള്ള തെരച്ചിൽ ഇപ്പോഴും തുടരുകയാണ്.'ലോകത്തിലെ ഏറ്റവും വലിയ കൂട്ടക്കുഴിമാടം' ആണ് ഗാസയിലേതെന്നാണ് കാണാതായ വ്യക്തികളെ വീണ്ടെടുക്കാൻ രൂപീകരിച്ച സമിതിയുടെ അഭിപ്രായം. 2 വർഷമായി നടന്ന യുദ്ധത്തിൽ 68,872 പേർ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു. 1,70,677 പേർക്ക് പരിക്കേറ്റു. ഒക്ടോബർ 11ന് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നിട്ടും 240 പേർ കൊല്ലപ്പെടുകയും 607 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. 511 മൃതദേഹങ്ങളാണ് ഇതുവരെ വീണ്ടെടുത്തിട്ടുള്ളത്.