ഷെയ്‌ഖ് ഹസീനയുടെ പാർട്ടിക്ക് മത്സരിക്കുന്നതിന് വിലക്ക് , ബംഗ്ളാദേശിൽ പൊതുതെരഞ്ഞെടുപ്പ് ഇന്ന് : ഫലം നാളെ

 ഷെയ്‌ഖ് ഹസീനയുടെ പാർട്ടിക്ക്  മത്സരിക്കുന്നതിന് വിലക്ക് , ബംഗ്ളാദേശിൽ പൊതുതെരഞ്ഞെടുപ്പ് ഇന്ന് : ഫലം നാളെ

ധാക്ക: ഷെയ്‌ഖ്‌ ഹസീനയുടെ പതനത്തിന് പിന്നാലെയുള്ള ആദ്യ തെരഞ്ഞെടുപ്പ് ബംഗ്ലാദേശില്‍ പുരോഗമിക്കുന്നു. രാവിലെ 7.30 മുതല്‍ ബംഗ്ലാദേശില്‍ ജനങ്ങള്‍ വിധിയെഴുതി തുടങ്ങി. വൈകിട്ട് 4.30 ഓടെ വോട്ടെടുപ്പ് തുടരും. പോളിങ് പൂര്‍ത്തിയാകുന്ന മുറയ്‌ക്ക് ഇന്ന് തന്നെ വോട്ടുകള്‍ എണ്ണി തുടങ്ങും.ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയും ജമാഅത്തെ ഇസ്ലാമി-നാഷണൽ സിറ്റിസൺ പാർട്ടി സഖ്യവും തമ്മിൽ ആണ് പ്രധാന മത്സരം. ഷെയ്ഖ് ഹസീനയുടെ പാർട്ടിയായ അവാമി ലീഗിന് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട് . ആകെ 299 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. തെരഞ്ഞെടുപ്പ് സമാധാനപരമായി നടത്തുന്നതിനായി സൈന്യം, പോലീസ് എന്നിവരുൾപ്പെടെ ഏകദേശം 10 ലക്ഷത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.

നാളെ ഉച്ചയോടെ ആദ്യ ഫല സൂചനകള്‍ ലഭിക്കുമെന്നാണ് ലഭിക്കുന്ന വിവരം.12,27,11,739 വോട്ടര്‍മാരാണ് ബംഗ്ലാദേശിലുള്ളത്. 64 ജില്ലകളിലായി 42761 പോളിങ് ബൂത്തുകളാണ് ക്രമീകരിച്ചിട്ടുള്ളത്. ആകെ 350 സീറ്റുകളാണ് പാര്‍ലമെന്‍റിലുള്ളത്. ഇതില്‍ 300 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ബാക്കി 50 സീറ്റുകളാകട്ടെ സ്‌ത്രീകള്‍ക്ക് സംവരണം ചെയ്യപ്പെട്ടതാണ്. ഇത് പാര്‍ട്ടികള്‍ക്ക് വീതിച്ച് നല്‍കും. കനത്ത സുരക്ഷയോടെയാണ് പൊതുതെരഞ്ഞെടുപ്പ് നടക്കുന്നത്.

15 വര്‍ഷമായി തുടരുന്ന ഷെയ്‌ഖ് ഹസീന സര്‍ക്കാരിന്‍റെ പതനത്തിന് പിന്നാലെ ഇടക്കാല സര്‍ക്കാര്‍ മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസിന്‍റെ നേതൃത്വത്തിലാണ് ഇപ്പോള്‍ ഭരണം നടക്കുന്നത്. പൊതുതെരഞ്ഞെടുപ്പില്‍ വിജയിക്കുന്നവര്‍ക്ക് എത്രയും വേഗത്തില്‍ അധികാരം കൈമാറുമെന്ന് മുഹമ്മദ് യൂനുസ് നേരത്തെ പറഞ്ഞു. കഴിഞ്ഞ 18 മാസമായി ബംഗ്ലാദേശിനെ മുഹമ്മദ് യൂനുസാണ് നയിക്കുന്നത്.ബംഗ്ലാദേശില്‍ ഏറെ കാലങ്ങള്‍ക്ക് ശേഷമാണ് മറ്റൊരു പാര്‍ട്ടി അധികാരത്തിലേറാന്‍ പോകുന്നത്. ബംഗ്ലാദേശില്‍ നേരത്തെയുണ്ടായ കലാപങ്ങളും അടിച്ചമര്‍ത്തലുകളും തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചേക്കുമെന്നാണ് കരുതുന്നത്. അതുകൊണ്ട് ഈ തെരഞ്ഞെടുപ്പ് ബംഗ്ലാദേശിനെ സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണായകമാണ്.ഷെയ്‌ഖ് ഹസീനയുടെ അവാമി ലീഗിനെ നിരോധിച്ചതും അതോടൊപ്പം അവരുടെ അഭാവത്തില്‍ നടക്കുന്ന തെരഞ്ഞെടുപ്പുമായതിനാല്‍ ഇത്തവണ മത്സരം താരിഖ് റഹ്മാന്‍റെ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയും (ബിഎൻപി) ജമാഅത്ത്-ഇ-ഇസ്‌ലാമി നയിക്കുന്ന ഇസ്‌ലാമിക നേതൃത്വത്തിലുള്ള സഖ്യവും തമ്മിലുള്ള പോരാട്ടമായി ചുരുങ്ങി. അതേസമയം ഷഫീഖുര്‍ റഹ്‌മാന്‍റെ പാര്‍ട്ടിയുടെ മികച്ച തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ജനങ്ങളില്‍ ഏറെ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. അതുകൊണ്ട് ജമാഅത്ത്-ഇ-ഇസ്‌ലാമി ഭരണത്തിലേറിയേക്കുമെന്നും വാര്‍ത്തകള്‍ പരക്കുന്നുണ്ട്.മാത്രമല്ല ഇത്തവണത്തെ തെരഞ്ഞെടുപ്പിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. വിദേശത്തുള്ള ബംഗ്ലാദേശുകാര്‍ക്ക് പോസ്റ്റ്ല്‍ വോട്ട് രേഖപ്പെടുത്താനും അനുമതിയുണ്ട്. ഏകദേശം 15 ലക്ഷത്തോളം ബംഗ്ലാദേശുകാരാണ് പ്രവാസികളായിട്ടുള്ളത്.ബംഗ്ലാദേശിലെ കലാപവും പ്രധാനമന്ത്രിയുടെ രക്ഷപ്പെടലും: 2024ലാണ് പ്രധാനമന്ത്രി ഷെയ്‌ഖ് ഹസീന ബംഗ്ലാദേശിലെ കലാപങ്ങള്‍ക്ക് പിന്നാലെ ഇന്ത്യയില്‍ അഭയം തേടിയത്. കലാപത്തില്‍ 1400 പേരാണ് കൊല്ലപ്പെട്ടത്. എന്നാല്‍ ഇന്ത്യയില്‍ അഭയം തേടിയ ഷെയ്‌ഖ് ഹസീനക്കെതിരെ കോടതി വധശിക്ഷ വിധിച്ചു. മാത്രമല്ല ഷെയ്‌ഖ് ഹസീനയുടെ പാര്‍ട്ടിയായ അവാമി ലീഗിന് തെരഞ്ഞെടുപ്പില്‍ വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്‌തു. ഇതിനെല്ലാം പിന്നാലെയാണിപ്പോള്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.