ഇന്ത്യൻ മണ്ണിൽ കാലുകുത്തി ഫുട്‌ബോൾ 'മിശിഹ'; ഹർഷാരവത്തോടെ കൊൽക്കത്ത
കൊൽക്കത്ത: കാത്തിരിപ്പുകൾക്ക് വിരാമമിട്ട് ഫുട്ബോൾ ഇതിഹാസം ലയണൽ മെസി ഇന്ത്യൻ മണ്ണിൽ. പുലർച്ചെ 2.26 ന് കൊല്‍ക്കത്ത നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളത്തിൽ അതീവ സുരക്ഷയോടെയാണ് അർജൻ്റീനിയൻ സൂപ്പർ താരം എത്തിയത്. 'GOAT ഇന്ത്യ ടൂര്‍ 2025' നോട് അനുബന്ധിച്ചാണ് ഇന്ത്യയില്‍ എത്തിയത്.ആകാശനീല ജേഴ്‌സികളും സ്‌കാർഫുകളും പതാകകളും കൊണ്ട് നിറഞ്ഞ ഒരു അർജൻ്റീനിയൻ ഫാൻ ക്ലബ്ബ് പോലെയായിരുന്നു കൊൽക്കത്ത നഗരം. ബാരിക്കേഡുകൾ, പൊലീസ് വിന്യാസം, നിർത്താതെയുള്ള ആർപ്പുവിളികൾ എന്നിവയ്‌ക്കിടയില്‍ നഗരത്തിലുടനീളം "മെസി മാനിയ" രൂപംകൊണ്ടു. മെസിയുടെ ദീർഘകാല സ്ട്രൈക്ക് പങ്കാളി ലൂയിസ് സുവാരസ്, അർജൻ്റീന സഹതാരം റോഡ്രിഗോ ഡി പോൾ എന്നിവരും മെസിയോടൊപ്പം എത്തിയിരുന്നു.സ്പോൺസർമാരുടെ കൂടിക്കാഴ്‌ചയോടെ മെസി തൻ്റെ 'GOAT ഇന്ത്യ ടൂര്‍' ആരംഭിക്കും. കൊല്‍ക്കത്ത ശ്രീഭൂമി സ്‌പോര്‍ടിങ് ക്ലബ് നിര്‍മിച്ച 70 അടി ഉയരമുള്ള മെസി പ്രതിമയും അദ്ദേഹം അനാവരണം ചെയ്യും. ഉച്ചയ്ക്കു ശേഷം ഹൈദരാബാദിലേക്കു തിരിക്കുന്ന മെസി ഹൈദരാബാദ് ഉപ്പല്‍ സ്റ്റേഡിയത്തില്‍ പ്രദര്‍ശന മത്സരം കളിക്കുകയും സംഗീത നിശയിലും പങ്കെടുക്കുകയും ചെയ്യും. തുടര്‍ന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡിക്കും തെലുഗു സിനിമാ താരങ്ങള്‍ക്കുമൊപ്പം അത്താഴ വിരുന്നില്‍ പങ്കെടുക്കും. തിങ്കളാഴ്‌ച ഡല്‍ഹിയില്‍വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‌ച നടത്തും.
ഡിസംബറിലെ തണുപ്പിനെ പോലും അവഗണിച്ച് ആയിരക്കണക്കിന് ആരാധകരാണ് പ്രിയതാരത്തെ കാണാൻ അർധരാത്രി വരെ കാത്തിരുന്നത്. മെസിയെ വൻ സുരക്ഷയോടെയാണ് വിഐപി ഗേറ്റിന് പുറത്തുകൂടെ കൊണ്ടുപോയത്. ആരാധകർ അവരുടെ പ്രിയപ്പെട്ട താരത്തെ കാണാൻ ഗേറ്റുകൾക്കിടയിലൂടെ ഓടി. ഒരു വലിയ വാഹനവ്യൂഹത്തിൻ്റെ അകമ്പടിയോടെയാണ് അദ്ദേഹം ഹോട്ടൽ ഹയാത്ത് റീജൻസി ലോബിയിൽ എത്തിയത്.രാത്രി മുഴുവൻ അദ്ദേഹത്തെ കാത്ത് ഒരു ജനക്കൂട്ടം തന്നെ അവിടെ കാവലുണ്ടായിരുന്നു. മെസിയുടെ ഗോട്ട് ഇന്ത്യ ടൂറിന് മുന്നോടിയായി നഗരത്തിലുടനീളം സുരക്ഷ കർശനമാക്കിയിട്ടുണ്ട്, എല്ലാ ക്രോസിംഗുകളിലും പൊലീസുകാരെ വിന്യസിച്ചു."കൊൽക്കത്തയ്ക്ക് ഈ നിമിഷം ചരിത്രപരമായ നിമിഷമാണ്, 2011 ൽ, ക്യാപ്റ്റനായതിനുശേഷം അദ്ദേഹം വന്നു, പക്ഷേ ഇപ്പോൾ ലോകകപ്പും എട്ടാമത്തെ ബാലൺ ഡി ഓറും നേടിയ ശേഷമാണ് അദ്ദേഹം വരുന്നത്. അതിനാൽ, ഇത് ശരിക്കും സവിശേഷമാണ്. അദ്ദേഹം വീണ്ടും വരുമെന്ന് ഞാൻ കരുതുന്നില്ല, അതിനാൽ ഇത് ആഘോഷത്തിൻ്റെ ദിവസമാണ്" മെസിയെ വിമാനത്താവളത്തിൽ സ്വീകരിച്ച ടൂർ പ്രൊമോട്ടറായ സതദ്രു ദത്ത പറഞ്ഞു.
രാത്രി മുഴുവൻ കാത്തിരുന്നിട്ടും തങ്ങളുടെ പ്രിയ താരത്തെ ഒരു നോക്കു കാണാൻ പറ്റാതെ നിരവധി ആരാധകർ മടങ്ങി. കനത്ത സുരക്ഷ കാരണം മെസിയെ വിമാനത്താവളത്തിൽ നിന്ന് പിൻവാതിലിലൂടെയാണ് 'ഹോട്ടൽ ഹയാത്ത് റീജൻസി ലോബി'യിലേക്ക് കൊണ്ടുപോയത്. പുലർച്ചെ 3.30വരെ കാത്തിരുന്നിട്ടും നൂറുകണക്കിന് പേരാണ് താരത്തെ കാണാതെ മടങ്ങിയത്. മുലയൂട്ടുന്ന അമ്മാരും കുട്ടികളും ഉൾപ്പടെ നിരവധി പേർ ഹോട്ടലിൽ എത്തി. ഹോട്ടലിനടുത്തും ശൈത്യകാല തണുപ്പിനെ അതിജീവിച്ച് മെസിയെ സ്വീകരിക്കാൻ വൻ ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു.ഹോട്ടലിൽ, ഏഴാം നിലയൽ 730-ാം നമ്പർ മുറിയിലാണ് മെസി താമസിക്കുന്നത്. സുരക്ഷ മുൻ നിർത്തി ഏഴാം നില മൊത്തം സീൽ ചെയ്‌തിരിക്കുകയാണ്. ചില ആരാധകർ മെസിയോട് കഴിയുന്നത്ര അടുത്ത് താമസിക്കാൻ ഹോട്ടലിൽ മുറികൾ ബുക്ക് ചെയ്‌തിട്ടുണ്ട്.

