അദാനി കമ്പനിയിൽ സർക്കാർ ഓഹരി പങ്കാളിയല്ല, എൽഡിഎഫ് കാലത്തെ ചർച്ചകൾ വ്യക്തമാക്കണം; വി.ഡി. സതീശൻ

അദാനി കമ്പനിയിൽ സർക്കാർ ഓഹരി പങ്കാളിയല്ല, എൽഡിഎഫ് കാലത്തെ ചർച്ചകൾ വ്യക്തമാക്കണം;  വി.ഡി. സതീശൻ

തിരുവനന്തപുരം:  വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉന്നയിച്ച കടുത്ത ആരോപണങ്ങൾക്ക് കൃത്യമായ വസ്തുതകൾ നിരത്തി മറുപടി നൽകി മുഖ്യമന്ത്രി വി.ഡി. സതീശൻ.പ്രതിപക്ഷ നേതാവിന്റെ കത്തിലെ ആശങ്കകളും ആരോപണങ്ങളും പൂർണ്ണമായും വസ്തുതാവിരുദ്ധമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തിന്റെ പരമാവധി താല്പര്യം മുൻനിർത്തി മാത്രമേ ഈ വിഷയത്തിൽ സർക്കാർ തുടർന്നുള്ള ഏതൊരു നടപടിയും സ്വീകരിക്കുകയുള്ളൂ. ഓഹരി കൈമാറ്റത്തിൽ മുൻപ് എൽഡിഎഫ് ഭരണകാലത്ത് അദാനി ഗ്രൂപ്പുമായി എന്തെങ്കിലും തരത്തിലുള്ള അണിയറ നീക്കങ്ങളോ ആശയവിനിമയങ്ങളോ നടന്നിട്ടുണ്ടോ എന്ന് പ്രതിപക്ഷ നേതാവ് പൊതുസമൂഹത്തോട് വെളിപ്പെടുത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

കരാർ പ്രകാരം 25 ശതമാനത്തിന് മുകളിൽ ഓഹരി കൈമാറ്റം നടത്തിയാൽ അത് തുറമുഖത്തിന്റെ ഉടമസ്ഥാവകാശ കൈമാറ്റമായി തന്നെ കാണേണ്ടി വരുമെന്നും, സംസ്ഥാന സർക്കാരിനെ അറിയിക്കാതെ അദാനി ഗ്രൂപ്പ് ഏകപക്ഷീയമായി ഇത് ചെയ്യാൻ പാടില്ലെന്നുമായിരുന്നു പ്രതിപക്ഷം ഉന്നയിച്ച പ്രധാന ആശങ്ക. എന്നാൽ, ‘മുഖ്യ ഓഹരി പങ്കാളിയായ സർക്കാരിനെ അറിയിക്കാതെയാണ് അദാനി ഗ്രൂപ്പ് നടപടികൾ സ്വീകരിക്കുന്നത്’ എന്ന പ്രതിപക്ഷ നേതാവിന്റെ വാദം തികച്ചും തെറ്റാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിൽ സംസ്ഥാന സർക്കാരിന് യാതൊരുവിധ ഓഹരി പങ്കാളിത്തവുമില്ല. വിഴിഞ്ഞം വിഷയത്തിൽ നിലവിലെ യുഡിഎഫ് സർക്കാർ എന്ത് തെറ്റാണ് ചെയ്തതെന്ന് പ്രതിപക്ഷം വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

മുൻകൂർ അനുമതി നിർബന്ധം; നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി

കരാറിലെ വ്യവസ്ഥ: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനായി സംസ്ഥാന സർക്കാരും അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡും ഒപ്പുവെച്ച കൺസഷനെയർ എഗ്രിമെന്റിലെ ക്ലോസ് 5.3 പ്രകാരം 25 ശതമാനത്തിൽ കൂടുതൽ ഓഹരി കൈമാറ്റം നടത്തുന്നതിന് സംസ്ഥാന സർക്കാരിന്റെ മുൻകൂർ അനുമതി നിയമപരമായി നിർബന്ധമാണ്.

അദാനിയുടെ കത്ത്: ഓഹരി കൈമാറ്റം സംബന്ധിച്ച് ജൂലൈ 1-ന് നിയമസഭയിൽ ഉന്നയിച്ച സബ്മിഷന് മറുപടി നൽകുന്നതുവരെ അദാനി ഗ്രൂപ്പ് സർക്കാരിനെ ഔദ്യോഗികമായി ഒന്നും അറിയിച്ചിരുന്നില്ല. അന്നേ ദിവസം വൈകുന്നേരമാണ് സർക്കാരിന് ആദ്യ കത്ത് ലഭിക്കുന്നത്. സർക്കാരിന്റെ മുൻകൂർ അനുമതി തേടാതെ അദാനി കമ്പനി ഓഹരി കൈമാറ്റത്തിന്റെ ഭാഗമായി സെബിയെ സമീപിച്ചതിലുള്ള കടുത്ത അതൃപ്തി തൊട്ടടുത്ത ദിവസം തന്നെ സംസ്ഥാന സർക്കാർ കമ്പനിയെ രേഖാമൂലം അറിയിച്ചിരുന്നു.

എംപവേർഡ് കമ്മിറ്റി: തുടർന്ന് ജൂലൈ 3-ന് അദാനി കമ്പനി മറ്റൊരു വിശദീകരണ കത്ത് സർക്കാരിന് നൽകി. ഈ വിഷയം സമഗ്രമായി പരിശോധിക്കാൻ നിലവിൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉന്നതതല എംപവേർഡ് കമ്മിറ്റിയെ മന്ത്രിസഭ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ വസ്തുതകൾ പ്രതിപക്ഷ നേതാവ് കാണാതെ പോകുന്നത് ദൗർഭാഗ്യകരമാണ്.

ദേശാഭിമാനി വാർത്തകൾ തെളിവ്; എൽഡിഎഫിനെതിരെ ചോദ്യങ്ങൾ

അദാനി വിഴിഞ്ഞം പോർട്ടിന്റെ ഓഹരികൾ പ്രമുഖ അന്താരാഷ്ട്ര ഷിപ്പിംഗ് കമ്പനിയായ എം.എസ്.സി ഗ്രൂപ്പിനാണ് കൈമാറാൻ ശ്രമിക്കുന്നത്. ഈ സർക്കാരിന്റെ കാലയളവിൽ അദാനി കമ്പനിയുടെ ഓഹരി വിൽപ്പനയുമായി ബന്ധപ്പെട്ട യാതൊരുവിധ തീരുമാനങ്ങളോ അനുമതികളോ സംസ്ഥാനം നൽകിയിട്ടില്ല. നിലവിലെ സർക്കാർ അധികാരം ഏൽക്കുന്നതിന് മുൻപ് തന്നെ ഇതുസംബന്ധിച്ച ചർച്ചകൾ അദാനി കമ്പനി ആരംഭിച്ചിരുന്നു.അങ്ങ് മുഖ്യമന്ത്രിയായിരുന്ന എൽഡിഎഫ് സർക്കാർ 2025-ൽ ഒഫീഷ്യലായി സംഘടിപ്പിച്ച വിഴിഞ്ഞം കോൺക്ലേവിൽ എം.എസ്.സി കമ്പനിയിലെ പ്രമുഖ പ്രതിനിധികൾ പങ്കെടുത്തിരുന്നില്ലേ എന്ന് വി.ഡി. സതീശൻ ചോദിച്ചു. അന്നു മുതൽക്കേ ഓഹരി കൈമാറ്റത്തിനായുള്ള ചർച്ചകൾ നടന്നിരുന്നു എന്ന് ഇതിലൂടെ വ്യക്തമല്ലേ? എൽഡിഎഫ് സർക്കാരിന്റെ ദീർഘവീക്ഷണത്തിന്റെ വിജയമാണ് ഈ വിദേശ നിക്ഷേപമെന്ന് ജൂലൈ ഒന്നിന് സിപിഎം മുഖപത്രമായ ദേശാഭിമാനി എഴുതിയതും ഇതിന്റെ തെളിവാണ്. അതിനും മുൻപ് ജൂൺ 5-ന് ‘വിഴിഞ്ഞത്ത് വരും, എം.എസ്.സി ടെർമിനൽ’ എന്ന പേരിൽ ദേശാഭിമാനി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. 49 ശതമാനം ഓഹരിയാണ് എം.എസ്.സി ലക്ഷ്യമിടുന്നതെന്നും അദാനി പോർട്സും എം.എസ്.സി പ്രതിനിധികളുമായുള്ള ചർച്ച പുരോഗമിക്കുന്നുവെന്നും ആ വാർത്തയിലുണ്ടായിരുന്നു. അന്ന് മുഖ്യമന്ത്രിയായിരുന്ന അങ്ങും സിപമ്മും അറിയാതെ ഇത്തരം വലിയ ചർച്ചകൾ നടക്കുമോ എന്ന് മുഖ്യമന്ത്രി കത്തിലൂടെ ചോദിച്ചു.