'ഉക്രെയ്‌നിനുള്ള മാനുഷിക സഹായത്തിന് ഇന്ത്യയോട് നന്ദിയുണ്ട്' :മാർഗസ് സാക്‌ന

'ഉക്രെയ്‌നിനുള്ള മാനുഷിക സഹായത്തിന് ഇന്ത്യയോട് നന്ദിയുണ്ട്' :മാർഗസ് സാക്‌ന

ടാലിൻ (എസ്റ്റോണിയ): റഷ്യ, യുക്രൈൻ യുദ്ധത്തിൽ ഇന്ത്യയ്‌ക്ക് അർഥവത്തായ പങ്ക് വഹിക്കാൻ കഴിയുമെന്ന് എസ്തോണിയ വിദേശകാര്യ മന്ത്രി മാർഗസ് സാക്‌ന. റഷ്യയുമായുള്ള ഡൽഹിയുടെ ശക്തമായ ബന്ധവും ഐക്യരാഷ്ട്രസഭ ചാർട്ടറിലെ തത്വങ്ങളോടുളോട് ഇന്ത്യ പങ്കിട്ട പ്രതിബദ്ധതയും ചൂണ്ടിക്കാട്ടിയാണ് പരാമർശം.

റഷ്യ-ഉക്രെയ്ൻ സംഘർഷത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പങ്കിനെക്കുറിച്ച് സംസാരിച്ച സാക്‌ന, റഷ്യയുമായി ദീർഘകാലവും സജീവവുമായ സാമ്പത്തിക ബന്ധങ്ങളുള്ള ഒരു "വലിയ രാജ്യം" എന്നാണ് ഇന്ത്യയെ വിശേഷിപ്പിച്ചത്. റഷ്യയുടെ പ്രവർത്തനങ്ങൾ യൂറോപ്യൻ സുരക്ഷയെയും അന്താരാഷ്ട്ര മാനദണ്ഡങ്ങളെയും ലംഘിക്കുന്നുണ്ടെന്ന് മോസ്കോയോട് വ്യക്തമാക്കാനും സമ്മർദ്ദം ചെലുത്താനും ഇന്ത്യയ്ക്ക് കഴിയുമെന്നും വിദേശകാര്യ മന്ത്രി മാർഗസ് സാക്‌ന വ്യക്തമാക്കി.

"ഇന്ത്യയ്ക്ക് റഷ്യയിൽ കുറച്ച് സമ്മർദ്ദം ചെലുത്താനും, പ്രധാനമന്ത്രി മോദിയും ഇന്ത്യൻ ജനതയും മുഴുവനും ലോകവുമായി പങ്കിടുന്ന ഐക്യരാഷ്ട്രസഭയുടെ ചാർട്ടർ മൂല്യങ്ങൾക്ക് റഷ്യ എതിരാണെന്ന് വിശദീകരിക്കാനും കഴിയും. റഷ്യ തെറ്റായ വഴിയിലാണെന്ന് വിശദീകരിക്കാൻ ഇന്ത്യയ്ക്ക് ധാരാളം സ്വാധീനമുണ്ട്'' - സാക്‌ന പറഞ്ഞു.റഷ്യ, യുക്രൈൻ യുദ്ധം മൂന്നാം വർഷത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് എസ്തോണിയ വിദേശകാര്യ മന്ത്രി മാർഗസ് സാക്‌നയുടെ പരാമർശം. എസ്റ്റോണിയ ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങൾ യുക്രൈന് ഉറച്ച പിന്തുണ നൽകുന്നത് തുടരുകയാണ്. ഇതിനകം റഷ്യയ്‌ക്കെതിരായ ഉപരോധങ്ങളെ പിന്തുണയ്ക്കുകയും യുക്രൈന് സൈനിക, മാനുഷിക സഹായങ്ങൾ വർധിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്. യൂറോപ്യൻ യൂണിയനിലും നാറ്റോയിലും അംഗമായ എസ്റ്റോണിയ, റഷ്യയുടെ നടപടികൾക്കെതിരെ ശക്തമായി ശബ്‌ദമുയർത്തുന്ന രാജ്യമാണ്.

എന്നാൽ ഇന്ത്യ റഷ്യയുമായി തന്ത്രപരവും സാമ്പത്തികവുമായ ബന്ധം നിലനിർത്തുന്ന രാജ്യമാണ്. എന്നാൽ റഷ്യ, യുക്രൈൻ യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ "ഇത് യുദ്ധത്തിൻ്റെ യുഗമല്ല" എന്ന് പ്രധാനമന്ത്രി മോദി പരസ്യമായി പ്രസ്‌താവിച്ചിട്ടുമുണ്ട്. വളർന്നുവരുന്ന ഒരു ആഗോള ശക്തി എന്ന നിലയിൽ ഇന്ത്യയ്ക്ക് സംഘർഷം ലഘൂകരിക്കാനുള്ള ശ്രമങ്ങളിൽ ഒരു പാലമായി പ്രവർത്തിക്കാൻ കഴിയുമെന്നാണ് യൂറോപ്പ്യൻ രാജ്യങ്ങളുടെ പ്രതീക്ഷ. നേരത്തെ, റഷ്യ അടുത്ത വർഷം ഒരു യുദ്ധത്തിന് തയാറെടുക്കുകയാണെന്ന സൂചനകൾ തങ്ങൾക്ക് ലഭിച്ചതായി പ്രസിഡൻ്റ് വോളോഡിമർ സെലെൻസ്‌കി നേരത്തെ പറഞ്ഞിരുന്നു.

''അടുത്ത വർഷം യുദ്ധവർഷമാക്കാൻ തയായാറെടുക്കുകയാണെന്ന സൂചനകൾ മോസ്കോയിൽ നിന്ന് വീണ്ടും കേട്ടു. ഈ സൂചനകൾ ഞങ്ങൾക്ക് വേണ്ടി മാത്രമല്ല. യുണൈറ്റഡ് സ്റ്റേറ്റ്സ് അവരെ കാണേണ്ടത് നിർണായകമാണ്, അവരെ കാണുക മാത്രമല്ല പ്രതികരിക്കുകയും വേണം'' - യുക്രൈൻ പ്രസിഡൻ്റ് വോളോഡിമർ സെലെൻസ്‌കി വ്യക്തമാക്കി