ബന്ദികളുടെ കൈമാറ്റം വേഗത്തിലാക്കണമെന്ന ആവശ്യവുമായി ഹമാസ്

കെയ്‌റോ: ഇസ്രയേലുമായുള്ള ബന്ദികളുടെ കൈമാറ്റം വേഗത്തിലാക്കണമെന്ന ആവശ്യവുമായി ഹമാസ്. രണ്ട് വർഷക്കാലമായി തുടരുന്ന യുദ്ധവും ഇസ്രയേലിൻ്റെ വംശഹത്യയും അവസാനിപ്പിക്കാനുള്ള ചർച്ചകള്‍ ഈജിപ്‌തിലെ ഷാം എൽ-ഷെയ്ക്കിലെ റിസോർട്ടിൽ പുരോഗമിക്കുന്നതിനിടെയാണ് ഹമാസ് തങ്ങളുടെ നിർദേശം മുന്നോട്ട് വച്ചത്. സമഗ്രവും സുസ്ഥിരവുമായ വെടിനിർത്തൽ കൈവരിക്കുന്നതിനുള്ള നിർദേശങ്ങളാണ് ഈജിപ്‌ത് ഉൾപ്പെടെ നിരവധി രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ മുന്നോട്ട് വയ്‌ക്കുന്നത്. ഇസ്രയേൽ ജയിലുകളിൽ കഴിയുന്ന പലസ്‌തീനി പൗരന്മാരെ വിട്ടയക്കുന്നതിനായി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് അനുകൂല നിലപാട് എടുത്തതോടെയാണ് ചർച്ചകള്‍ വീണ്ടും മുന്നോട്ട് നീങ്ങുന്നത്.ഗാസയിലെ തടവുകാരെ ദിവസങ്ങൾക്കുള്ളിൽ മോചിപ്പിക്കാൻ കഴിയുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വെളിപ്പെടുത്തി. "യുദ്ധം അവസാനിപ്പിക്കുന്നതിനും സാഹചര്യങ്ങൾക്കനുസരിച്ച് തടവുകാരുടെ കൈമാറ്റ പ്രക്രിയ ഉടൻ ആരംഭിക്കുന്നതിനുമുള്ള ഒരു കരാറിലെത്താൻ ഹമാസ് താത്‌പര്യപ്പെടുന്നു" - പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത മുതിർന്ന ഹമാസ് അംഗം വിദേശ മാധ്യമത്തോട് വെളിപ്പെടുത്തി.സാങ്കേതിക വിശദാംശങ്ങൾ അന്തിമമാക്കാൻ വിദേശകാര്യ മന്തിമാർ ഉള്‍പ്പെടെ നേതാക്കളെ ഈജിപ്‌തിലേക്ക് നെതന്യാഹു ക്ഷണിച്ചിരുന്നു. എല്ലാ ഇസ്രയേലി തടവുകാരെയും പലസ്‌തീൻ തടവുകാരെയും കൈമാറുന്നതിനായുള്ള അടിസ്ഥാന സാഹചര്യങ്ങളും വിശദാംശങ്ങളും ചർച്ച ചെയ്യാൻ ഹമാസിൽ നിന്നുള്ള ഒരു പ്രതിനിധിയും ആതിഥേയത്വം വഹിക്കുമെന്ന് ഈജിപ്‌ത് സ്ഥിരീകരിച്ചു.ട്രംപിൻ്റെ പ്രതിനിധിയായി രണ്ട് പേരും പങ്കെടുക്കുമെന്ന് വൈറ്റ് ഹൗസും സ്ഥിരീകരിച്ചു. ട്രംപിൻ്റെ മരുമകൻ ജാരെഡ് കുഷ്‌നറും മിഡിൽ ഈസ്റ്റ് ചർച്ച പ്രതിനിധി സ്റ്റീവ് വിറ്റ്കോഫുമാണ് പങ്കെടുക്കുന്നത്. ഗാസ മുനമ്പിലെ എല്ലാ മേഖലകളിലുമുള്ള സൈനിക പ്രവർത്തനങ്ങൾ നിർത്തണമെന്ന് ഹമാസ് നിർദേശിച്ചു.