ഇരുളിൽ നിന്ന് വെളിച്ചത്തിലേക്ക്; സ്നേഹസന്ദേശവുമായി ഒരു ഈസ്റ്റർ കൂടി

മുംബൈ: കുരിശുമരണം വരിച്ച യേശുദേവൻ മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റതിന്റെ ഓർമ്മ പുതുക്കലാണ് ഈസ്റ്റർ. ഉയിർപ്പിന്റെ സന്ദേശം പകർന്നുകൊണ്ട് ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു. ഈസ്റ്ററാഘോഷങ്ങളുടെ ഭാഗമായി പീഡാനുഭവങ്ങൾക്കും കുരിശുമരണത്തിനും ശേഷം യേശു ഉയർത്തെഴുന്നേറ്റതിന്‍റെ ഓർമ്മ പുതുക്കി ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും ശ്രുശ്രൂഷകളും നടന്നു. മുംബൈയിലേയും കേരളത്തിലെയും വിവിധ ദേവാലയങ്ങളിൽ ഈസ്റ്റർ ദിനത്തോടനുബന്ധിച്ച് പ്രത്യേക പ്രാർത്ഥനകളും ചടങ്ങുകളും നടന്നു. ഈസ്റ്ററെന്നാൽ വിശ്വാസികൾക്ക് ഉയിർപ്പ് തിരുന്നാൾ കൂടിയാണ്.
സ്നേഹത്തിന്റേയും പ്രത്യാശയുടേയും തിരുനാള്‍ കൂടിയാണ് ഈസ്റ്റര്‍. മനുഷ്യ തിന്മകൾ സ്വയം ഏറ്റെടുത്ത് യേശു അതിന്‍റെ പേരിൽ കുരിശിൽ തറക്കപ്പെടുകയും മൂന്നാം നാൾ ഉയർത്തെഴുന്നേൽക്കുകയും ചെയ്തു എന്നാണ് വിശ്വാസം. ആ മഹാത്യാഗത്തിന്‍റെ സ്മരണ പുതുക്കിയാണ് ക്രൈസ്തവർ ഈസ്റ്റർ ആഘോഷിക്കുന്നത്.ഓശാന ഞായറില്‍ തുടങ്ങിയ വിശുദ്ധവാരം അവസാനിക്കുന്നതും ഈസ്റ്റര്‍ ദിനത്തിലാണ്. ഒരു ഉയര്‍പ്പുണ്ടാകണമെങ്കില്‍ സഹനം നിറഞ്ഞ ഒരു കാലത്തെക്കൂടി അതിജീവിക്കണമെന്ന് വീണ്ടും ഓർമ്മിപ്പിക്കുന്ന ഈ ഈസ്റ്റര്‍.

'വിദ്വേഷത്തെയും വെറുപ്പിനെയും പുറത്താക്കണം, ലോകമെങ്ങും സമാധാനം പുലരട്ടെ'; മാർപാപ്പ
ഈസ്റ്റർ വിദ്വേഷത്തെയും വെറുപ്പിനെയും പുറത്താക്കുകയും ശക്തരെ താഴേക്കിറക്കുകയും ചെയ്യുന്നുവെന്നും മാർപാപ്പ പറഞ്ഞു.വത്തിക്കാൻ: ലോകമെമ്പാടും നടക്കുന്ന സംഘർഷങ്ങളിൽ മരവിപ്പ് തോന്നരുതെന്നും സമാധാനത്തിനായി പ്രവർത്തിക്കണമെന്നും ലിയോ പതിനാലാമൻ മാർപാപ്പ. ഐക്യത്തിന്റെയും സമാധാനത്തിന്റെയും ഈസ്റ്റർ സമ്മാനങ്ങൾ എല്ലായിടത്തും പടരാൻ നീതിക്ക് വേണ്ടി പോരാടിയ വിശുദ്ധരുടെ മാതൃക പിന്തുടരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.ഈസ്റ്റർ വിദ്വേഷത്തെയും വെറുപ്പിനെയും പുറത്താക്കുകയും ശക്തരെ താഴേക്കിറക്കുകയും ചെയ്യുന്നുവെന്നും മാർപാപ്പ പറഞ്ഞു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ നടന്ന ഈസ്റ്റർ ജാഗരണ ദിവ്യബലിയിൽ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. മാര്‍പാപ്പയായി ചുമതലയേറ്റ ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ ഈസ്റ്റര്‍ ആയിരുന്നു ഇത്.
വിഭജിക്കുകയും കൊല്ലുകയും ചെയ്യുന്ന പാപത്തിന്റെ കാഠിന്യത്തോട് ദൈവം സ്നേഹത്തിന്റെ ശക്തി ഉപയോഗിച്ച് പ്രതികരിക്കുന്നുവെന്നും അത് ജീവനെ ഒന്നിപ്പിക്കുകയും പുനഃസ്ഥാപിക്കുകയും ചെയ്യുന്നുവെന്നും പോപ്പ് പറഞ്ഞു.യുദ്ധം ഉൾപ്പെടെയുള്ള മനുഷ്യരാശിയുടെ തിന്മകളെ മറികടക്കാനും പരിവർത്തനം ചെയ്യാനും കഴിയുന്ന സ്നേഹപ്രവൃത്തിയായി യേശുവിന്റെ മരിച്ചവരിൽ നിന്നുള്ള ഉയിർത്തെഴുന്നേൽപ്പിനെ അദ്ദേഹം പ്രതിഫലിപ്പിച്ചു. ലോകമെമ്പാടും സമാധാനം പുലരാനും തഴച്ചുവളരാനും ലിയോ പതിനാലാമൻ മാർപാപ്പ ആഹ്വാനം ചെയ്തു.അവിശ്വാസം, ഭയം, സ്വാർത്ഥത, നീരസം അതുപോലെ യുദ്ധം, അനീതി, ജനങ്ങളുടെയും രാഷ്ട്രങ്ങളുടെയും ഒറ്റപ്പെടൽ തുടങ്ങിയ ശവകുടീരങ്ങൾ ഇന്നും തുറക്കപ്പെടാനുണ്ടെന്ന് മാര്‍പാപ്പ ഓര്‍മിപ്പിച്ചു. അത്തരം വെല്ലുവിളികൾക്ക് മുന്നിൽ സ്തംഭിച്ചു പോകരുതെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ വായനക്കാർക്കും 'വേൾഡ് എം ന്യുസിൻ്റെ ' ഈസ്റ്റർ ആശംസകൾ