പത്തുലക്ഷംരൂപ വാങ്കഡെ ഗ്രൗണ്ട് സ്റ്റാഫിന് സമ്മാനമായി നൽകി ഹാർദിക് പാണ്ഡ്യ

മുംബൈ: ഇന്ത്യയുടെ ട്വൻ്റി 20 ലോകകപ്പ് വിജയത്തിന് പിന്നാലെ വാംഖഡെ സ്റ്റേഡിയത്തിലെ ഗ്രൗണ്ട് സ്റ്റാഫുകൾക്ക് വാഗ്ദാനം ചെയ്‌തിരുന്ന സമ്മാനങ്ങൾ നൽകി ഇന്ത്യൻ ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യ. ടൂർണമെൻ്റിൽ രണ്ട് പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരങ്ങളടക്കം നേടി ഇന്ത്യയുടെ കിരീട നേട്ടത്തിൽ നിർണായക പങ്ക് വഹിക്കാൻ താരത്തിനായിരുന്നു.ലോകകപ്പിന് മുമ്പ് പരിക്കേറ്റ് വിശ്രമത്തിലായിരുന്ന ഹാർദിക്കിന് പൂർവാധികം ശക്തിയോടെ കളത്തിലേക്ക് തിരിച്ചെത്താൻ വാംഖഡെയിലെ ഗ്രൗണ്ട് സ്റ്റാഫുകളുടെ വലിയ പിന്തുണ ലഭിച്ചിരുന്നു. പരിക്കിൻ്റെ പിടിയിലായിരുന്ന കാലയളവിൽ പൂർണ സമയവും പരിശീലനത്തിനായി താരം ചിലവഴിച്ചത് വാംഖഡെയിലായിരുന്നു. അന്ന് യാതൊരു ബുദ്ധിമുട്ടുമില്ലാതെ ഗ്രൗണ്ട് ഉപയോഗിക്കാൻ സ്റ്റാഫുകൾ അവസരമൊരുക്കി. പരിക്കിൽ നിന്ന് മുക്തനായ ശേഷമുള്ള കഠിന പരിശീലനത്തിനും മറ്റ് തയാറെടുപ്പുകൾക്കും മികച്ച സൗകര്യമൊരുക്കിയത് ഇവരാണ്. ഇതിനുള്ള കൃതജ്ഞതയായാണ് ലോകകപ്പ് വിജയത്തിന് ശേഷം താരം നേരിട്ടെത്തി സമ്മാനങ്ങൾ കൈമാറിയത്. ക്രിക്കറ്റ് താരങ്ങൾ ഗ്രൗണ്ട് സ്റ്റാഫുകൾക്ക് പാരിതോഷികങ്ങൾ നൽകുന്നത് പതിവാണെന്ന് മുൻ ക്രിക്കറ്റ് അഡ്മിനിസ്ട്രേറ്റർ വ്യക്തമാക്കി.
കരിയറിൻ്റെ തുടക്കം മുതൽ തന്നെ തന്നെ സഹായിച്ചവർക്ക് മികച്ച സമ്മാനങ്ങൾ നൽകുന്നതിൽ ഹാർദിക് പാണ്ഡ്യ ശ്രദ്ധേയനാണ്. തൻ്റെ ബാല്യകാല പരിശീലകനായ ജിതേന്ദ്ര സിങ്ങിന് അദ്ദേഹം നേരത്തെ വിലയേറിയ കാർ സമ്മാനിച്ചിരുന്നു. ഇതിന് പുറമെ ലോകകപ്പ് വിജയത്തിന് ശേഷം തൻ്റെ പങ്കാളിക്ക് 10 കോടി രൂപ വിലമതിക്കുന്ന ആഡംബര കാറും ഹാർദിക് നൽകി. ലോകകപ്പിന് പുറപ്പെടുന്നതിന് മുമ്പ് ആദ്യഭാര്യ നടാഷ സ്റ്റാൻകോവിച്ചിനും മകനും സമാനമായ രീതിയിൽ അദ്ദേഹം ആഡംബര കാർ നൽകിയിരുന്നു.