സംസാരിക്കാനെന്ന് വിളിച്ചുവരുത്തി ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഉത്തര 24 പർഗാനാസ് ജില്ലയിലുണ്ടായ ദാരുണമായ കൊലപാതകത്തിൽ ഭാര്യ കൊല്ലപ്പെട്ടു. സോദേപൂരിലെ രഥീന്ദ്ര സിനിമാ ഹാളിന് സമീപം ബുധനാഴ്ച രാവിലെയാണ് സംഭവം നടന്നത് ഗീത ദാസ് എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭർത്താവ് സുഭാഷ് ദാസ് കൃത്യത്തിന് ശേഷം സ്വയം കഴുത്തിൽ കുത്തി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായ ഇയാളെ കോളേജ് ഓഫ് മെഡിസിൻ ആൻഡ് സാഗർ ദത്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഏതാനും വർഷങ്ങളായി ദമ്പതികൾ തമ്മിൽ കുടുംബപ്രശ്നങ്ങൾ നിലനിന്നിരുന്നതായി പോലീസ് പറഞ്ഞു. പ്രശ്നങ്ങളെത്തുടർന്ന് ഗീത തന്റെ മാതൃവീട്ടിലേക്ക് മാറിതാമസിക്കുകയായിരുന്നു. ബുധനാഴ്ച രാവിലെ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ഗീതയെ വിളിച്ചുവരുത്തിയ സുഭാഷ്, ബാഗിൽ കരുതിയിരുന്ന മൂർച്ചയേറിയ ആയുധമുപയോഗിച്ച് റോഡിൽ വെച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. നാട്ടുകാർ ഇടപെടാൻ ശ്രമിച്ചെങ്കിലും അക്രമിയെ പിന്തിരിപ്പിക്കാനായില്ല. തുടർന്ന് ഇയാൾ സ്വയം വയറ്റിലും കഴുത്തിലും കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.