മുംബൈയിൽ കനത്ത മഴ: മാൻഖുർഡിൽ മൂന്നുനില കെട്ടിടം തകർന്നുവീണ് ആറുപേർക്ക് ദാരുണാന്ത്യം

മുംബൈയിൽ കനത്ത മഴ:  മാൻഖുർഡിൽ മൂന്നുനില കെട്ടിടം തകർന്നുവീണ് ആറുപേർക്ക് ദാരുണാന്ത്യം

മുംബൈ: കനത്ത മഴയെത്തുടർന്ന് മുംബൈയിലെ മാൻഖുർഡിൽ മൂന്നുനില കെട്ടിടം തകർന്നുവീണ് ആറുപേർ മരിച്ചു. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്. ഞായറാഴ്ച രാത്രിയോടെയാണ് സംഭവം.മാൻഖുർദിലെ മണ്ഡല പ്രദേശത്ത് ഹനുമാൻ ക്ഷേത്രത്തിന് പിന്നിലുള്ള ജനതാ നഗറിലെ അഞ്ചാം നമ്പർ ചൗളിലാണ് (വരിവരിയായുള്ള വീടുകൾ) ഞായറാഴ്ച രാത്രി 8.30ഓടെ അപകടമുണ്ടായത്. മൂന്നുനില കെട്ടിടത്തിൻ്റെ രണ്ട്, മൂന്ന് വീടുകൾ തകർന്നുവീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. മുംബൈ ഫയർ ബ്രിഗേഡ്, പൊലീസ്, ബിഎംസി വാർഡ് ഓഫിസ് അധികൃതർ, 108 ആംബുലൻസ് സർവീസ് എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ദേശീയ ദുരന്തനിവാരണ സേനയുടെ (എൻഡിആർഎഫ്) സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്.

നാല് സ്ത്രീകളും ഒരു പുരുഷനും ഉൾപ്പെടെ അഞ്ചുപേരെ ശതാബ്ദി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. രാജവാഡി ആശുപത്രിയിൽ പ്രവേശിപ്പിച്ച മറ്റൊരാളും മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. പരിക്കേറ്റ ഒരാൾ രാജവാഡി ആശുപത്രിയിൽ ചികിത്സയിലാണ്. അവശിഷ്ടങ്ങൾക്കിടയിൽ ഒരാൾ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. ഇയാൾക്കായി തിരച്ചിൽ തുടരുകയാണെന്ന് അധികൃതർ വ്യക്തമാക്കി. കലക്ടറുടെ ഭൂമിയിലുള്ള അടുത്ത കുടിലിലേക്കാണ് കെട്ടിടം തകർന്നുവീണതെന്നും ഒരാളെ കാണാതായിട്ടുണ്ടെന്നും പ്രാദേശിക ബിജെപി കോർപറേറ്റർ നവനാഥ് ബാൻ പറഞ്ഞു. കനത്ത മഴ രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.

മരം വീണ് രണ്ട് മരണം

മറ്റൊരു സംഭവത്തിൽ, മുംബൈ കുർളയിലെ നവപാഡ ഭാഗത്ത്  ഗോമസ് ഗൗൺ കെട്ടിടത്തിന് സമീപം കടയ്ക്ക് മുകളിലേക്ക് മരം വീണ് 63കാരൻ മരിച്ചു. ഞായറാഴ്ച ഉച്ചയോടെ കനത്ത മഴയിലും ശക്തമായ കാറ്റിലുമാണ് അപകടമുണ്ടായത്. യൂനുസ് കുണ്ടാവാലയാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ ഇയാളെ നാട്ടുകാർ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുംബൈ ഫയർ ബ്രിഗേഡ്, പൊലീസ്, ബെസ്റ്റ്, മുനിസിപ്പൽ വാർഡ് ഓഫിസ് അധികൃതർ എന്നിവർ സ്ഥലത്തെത്തി യന്ത്രസഹായത്തോടെ മരം മുറിച്ചുമാറ്റി. മരം വീണതിനെത്തുടർന്ന് വൈദ്യുതി കമ്പികൾ പൊട്ടി വൈദ്യുതി ബന്ധം തടസ്സപ്പെട്ടിരുന്നു. ഇത് പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ ബെസ്റ്റ് ജീവനക്കാർ തുടരുകയാണ്.ഗോരേഗാവ് ഈസ്റ്റിലെ ആരെ കോളനി പ്രദേശത്ത് ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന 18കാരൻ്റെ തലയിലേക്ക് മരക്കൊമ്പ് വീണ് മരിച്ചു. ശനിയാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായതെങ്കിലും ഞായറാഴ്ചയാണ് അധികൃതർ വിവരമറിഞ്ഞത്. സുഹൃത്തുക്കൾക്കൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന കുമാർ ഹസൻ റാസ ജഹാംഗീർ ആലം സയ്യിദ് ആണ് മരിച്ചത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ജൂൺ 30ന് ചെമ്പൂരിൽ ഓടിക്കൊണ്ടിരുന്ന സ്കൂൾ ബസിന് മുകളിലേക്ക് മരം കടപുഴകിവീണ് 11കാരൻ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിന് പിന്നാലെയാണ് ഈ അപകടങ്ങൾ.

രാഷ്ട്രീയ പോര് മുറുകുന്നു

സംഭവത്തിൽ പ്രതിഷേധിച്ച് മഹാരാഷ്ട്ര നവനിർമാൺ സേന (എംഎൻഎസ്) പ്രവർത്തകർ കൈയിൽ കറുത്ത ബാഡ്ജ് ധരിച്ച് റോഡിൽ പ്രതിഷേധിക്കുകയും പൊലീസുമായി ഏറ്റുമുട്ടുകയും ചെയ്തു. എംഎൻഎസ് കാന്തിവാലി ഡിവിഷൻ പ്രസിഡൻ്റ് മഹേന്ദ്ര ഭാനുശാലി സംഭവത്തെ അപലപിച്ചു. അപകടത്തിന് കാരണം മേയർ റിതു താവഡെയാണെന്ന് ബിഎംസി പ്രതിപക്ഷ നേതാവ് കിഷോരി പെഡ്നേക്കർ ആരോപിച്ചു. ഭരണകൂടമല്ല, മേയറാണ് ഇതിന് ഉത്തരവാദിയെന്നും അവർ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും കിഷോരി പെഡ്നേക്കർ പറഞ്ഞു. കഴിഞ്ഞ 30 വർഷമായി ബിഎംസി ഭരിക്കുന്നത് ബിജെപിയാണ്. ഇതിൽ 25 വർഷവും ശിവസേനയുമായി സഖ്യത്തിലായിരുന്നു. എന്നിട്ടും പൗരന്മാരെ അപകടത്തിലേക്ക് തള്ളിവിട്ട് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാണ് പാർട്ടി ശ്രമിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

മുംബൈയെ കൊള്ളയടിച്ച് ബിജെപി പോക്കറ്റ് നിറച്ചുവെന്നും ഉത്തരവാദിത്തത്തിൽ നിന്ന് അവർക്ക് ഒളിച്ചോടാനാകില്ലെന്നും മുംബൈ കോൺഗ്രസ് പ്രസിഡൻ്റും എംപിയുമായ വർഷ ഗെയ്ക്‌വാദ് വിമർശിച്ചു. മുംബൈയുടെ ഇന്നത്തെ തകർച്ചയ്ക്ക് കാരണം ബിജെപി മാത്രമാണെന്നും അവർ പറഞ്ഞു.

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

അതേസമയം, കനത്ത മഴയെത്തുടർന്ന് മുംബൈയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ തിങ്കളാഴ്ച നഗരത്തിലെ എല്ലാ സർക്കാർ, സ്വകാര്യ, കോർപറേഷൻ സ്കൂളുകൾക്കും കോളജുകൾക്കും ബിഎംസി അവധി പ്രഖ്യാപിച്ചു. വിദ്യാർഥികളുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്ന് ഞായറാഴ്ച വൈകിട്ട് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ ബിഎംസി വ്യക്തമാക്കി. മുംബൈയിൽ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പുണ്ട്.