മലയാളം മിഷന്‍ 'നീലക്കുറിഞ്ഞി' പരീക്ഷ ഇന്ന്

മുംബൈ: മലയാളം മിഷന്‍റെ സീനിയര്‍ ഹയര്‍ ഡിപ്ലോമയായ 'നീലക്കുറിഞ്ഞി' പരീക്ഷ ഇന്ന് നടക്കും.കേരള സര്‍ക്കാര്‍ സാംസ്കാരിക വകുപ്പിന്‍റെ കീഴിലുള്ള മലയാളം മിഷന്‍റെ ഭാഷാദ്ധ്യാപനത്തിന്റെ അവസാന ചരണമാണ് നീലക്കുറിഞ്ഞി. കേരള സര്‍ക്കാരിന്‍റെ പൊതു വിദ്യഭ്യാസ വകുപ്പാണ് നീലക്കുറിഞ്ഞി പരീക്ഷ നടത്തുന്നത്. ചെമ്പൂര്‍ ആദര്‍ശ വിദ്യാലയത്തിലാണ് മുംബൈയിലെ പരീക്ഷാകേന്ദ്രം. ഇന്ന് രാവിലെ പത്തു മണി മുതല്‍ ഒന്നേകാല്‍ വരെയാണ് പരീക്ഷ. പരീക്ഷാര്‍ഥികള്‍ രാവിലെ ഒമ്പതരക്ക് മുമ്പായി പരീക്ഷാകേന്ദ്രത്തില്‍ പ്രവേശിക്കേണ്ടതാണ്.
മലയാളം മിഷന്‍റെ നീലക്കുറിഞ്ഞി പരീക്ഷ കേരള പൊതു വിദ്യാഭ്യാസ വകുപ്പിന്‍റെ പത്താതരം പരീക്ഷക്ക് തുല്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. അതിനാല്‍ നീലക്കുറിഞ്ഞി പരീക്ഷ പാസാകുന്ന കുട്ടികള്‍ കേരള സര്‍ക്കാരിന്‍റെ പി.എസ്.സി പോലുള്ള പരീക്ഷകള്‍ എഴുതാനുള്ള യോഗ്യതകൂടി നേടുന്നു എന്നത് എടുത്തു പറയേണ്ട വസ്തുതയാണ്.
ബഹറീന്‍, ഗോവ, ഗുജറാത്ത്, കുവൈറ്റ്, പൂനെ, കര്‍ണാടക, തമിള്‍നാട്, ഡല്‍ഹി, മുംബൈ എന്നീ ചാപ്റ്ററുകളില്‍ നിന്നുള്ള നുറ്റി ഇരുപത് പേരാണ് ഇത്തവണ നീലക്കുറിഞ്ഞി പരീക്ഷ എഴുതുന്നത്. കേരളത്തിൽ എറണാകുളം, തിരുവനന്തപുരം, കോഴിക്കോട് എന്നീ മൂന്നു കേന്ദ്രങ്ങളിലും, കേരളത്തിന് പുറത്ത് മുംബൈ അടക്കം ഒമ്പത് കേന്ദ്രങ്ങളിലുമാണ് പരീക്ഷ നടക്കുന്നത്.
ഏഴു പഠിതാക്കളാണ് മുംബൈ ചാപ്റ്ററിൽ നിന്നും ഇത്തവണ പരീക്ഷ എഴുതുന്നത്. അതാതു പഠനകേന്ദ്രത്തിലെ അധ്യാപകരുടെ പരീശീലനത്തിനു ശേഷം മലയാളം മിഷന്റെ തിരുവനന്തപുരം ഓഫീസിൽ നിന്നുള്ള വിദഗ്ധരായ അധ്യാപകരുടെയും മുംബൈ ചാപ്റ്ററിലെ നീലക്കുറിഞ്ഞി അദ്ധ്യാപകരുടെയും തീവ്രപരിശീലനത്തിനു ശേഷമാണ് ഇവര്‍ പരീക്ഷ എഴുതാന്‍ സജ്ജരായിരിക്കുന്നത്.
2024 മാര്‍ച്ചില്‍ നടന്ന പ്രഥമ നീലക്കുറിഞ്ഞി പരീക്ഷയില്‍ മുംബൈ ചാപ്റ്ററില്‍ നിന്ന് എഴുതിയ 21 പേരും, 2025 ജൂണില്‍ നടന്ന പരീക്ഷ എഴുതിയ 19 പേരും ഉന്നത വിജയം കരസ്ഥമാക്കുകയുണ്ടായി.
മറുനാട്ടില്‍ ജനിച്ചു വളര്‍ന്ന ഈ കുട്ടികള്‍ നീലക്കുറിഞ്ഞി പരീക്ഷ എഴുതുന്നത്, മുംബൈയിലെ മലയാളം മിഷൻ്റെ ആരംഭം മുതലുള്ള എല്ലാ പ്രവർത്തകർക്കും, അഭ്യുദയകാംക്ഷികൾക്കും, ഭാഷാ സ്നേഹികൾക്കും സന്തോഷിക്കാനും, അഭിമാനിക്കാനുമുള്ള അവസരം തന്നെയാണ്.
ഇന്നു നടക്കുന്ന നീലക്കുറിഞ്ഞി പരീക്ഷയിലും മുംബൈ ചാപ്റ്ററിലെ പഠിതാക്കള്‍ മിന്നുന്ന വിജയം കൈവരിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്ന് മിഷൻ മുംബൈ ചാപ്റ്റർ ഭാരവാഹികൾ ആത്‌മവിശ്വാസം പ്രകടിപ്പിച്ചു .
മുംബൈ ചാപ്റ്ററിന്റെ മുന്‍ അദ്ധ്യക്ഷന്‍ നോവലിസ്റ്റ് ബാലകൃഷ്ണന്‍ നീലക്കുറിഞ്ഞി എഴുതുന്ന എല്ലാ പഠിതാക്കള്‍ക്കും ആശംസകള്‍ നേര്‍ന്നിട്ടുണ്ട്. അതോടൊപ്പം അവരെ ഈ പരീക്ഷ എഴുതാന്‍ സജ്ജരാക്കിയ അദ്ധ്യാപകരേയും അദ്ദേഹം അഭിനന്ദിച്ചു.