വൈറ്റ് ഹൗസ് പൊളിച്ച് ‘സ്റ്റേറ്റ് ബാൾറൂം’ ; ട്രംപിൻ്റെ നിർമ്മാണ പദ്ധതിക്കെതിരെ വിമർശനങ്ങൾ

വൈറ്റ് ഹൗസ് പൊളിച്ച്  ‘സ്റ്റേറ്റ് ബാൾറൂം’ ;  ട്രംപിൻ്റെ നിർമ്മാണ പദ്ധതിക്കെതിരെ വിമർശനങ്ങൾ

വാഷിംങ്ടൺ:250 മില്യൺ ഡോളർ (ഏകദേശം 2070 കോടി രൂപ) ചെലവഴിച്ച്  വൈറ്റ്‌ഹൗസിൽ പുതിയതും അതിവിശാലവുമായ ‘സ്റ്റേറ്റ് ബാൾറൂം’ (നൃത്തശാല/വിരുന്നുമുറി)നിർമ്മിക്കാൻ ഒരുങ്ങുന്ന  അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപിനെതിരെ  വിമർശനങ്ങൾ ഉയരുന്നു.  ബാൾറൂം നിർമാണത്തിന്റെ ഏറ്റവും പുതിയ നീക്കമെന്ന നിലയിൽ, ഈസ്റ്റ് വിംഗിന്റെ ഒരു ഭാഗം പൊളിച്ചുനീക്കി നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചതോടെയാണ്പ്രതിഷേധം  പുതിയ തലങ്ങളിലേക്ക് ഉയർന്നത്.മോക്രാറ്റിക് നേതാവ് ഹിലരി ക്ലിന്റൺ ട്രംപിന്റെ ഈ നീക്കത്തെ രൂക്ഷമായി വിമർശിച്ചുകൊണ്ട് രംഗത്തെത്തി. വൈറ്റ്‌ഹൗസിന്റെ ഒരു ഭാഗം ബുൾഡോസറുകൾ ഉപയോഗിച്ച് തകർക്കുന്നതിന്റെ ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെ “ഇത് അദ്ദേഹത്തിന്റെ വീടല്ല. നിങ്ങളുടെ വീടാണ്. അദ്ദേഹം അത് നശിപ്പിക്കുകയാണ്.” എന്ന് അവർ എക്‌സ് (X) പ്ലാറ്റ്‌ഫോമിൽ കുറിച്ചു. 

ദേശീയ ചിഹ്നവും ജനങ്ങളുടെ സ്വത്തുമായ വൈറ്റ്‌ഹൗസിനെ, ഒരു സ്വകാര്യ റിയൽ എസ്റ്റേറ്റ് ഡെവലപ്പറെപ്പോലെ ട്രംപ് മാറ്റിയെഴുതാൻ ശ്രമിക്കുന്നു എന്ന ഗുരുതരമായ ആരോപണമാണ് ഈ വാക്കുകളിൽ ഉൾക്കൊള്ളുന്നത്. വൈറ്റ്‌ഹൗസിന്റെ ചരിത്രപരമായ കെട്ടിടഭാഗങ്ങൾ തകർക്കുന്നത് വഴി ട്രംപ് അമേരിക്കൻ ജനാധിപത്യത്തിന്റെ തന്നെ പ്രതീകാത്മകമായ അടിത്തറയെയാണ് ആക്രമിക്കുന്നതെന്ന വിമർശനമാണ് ഡെമോക്രാറ്റുകൾ ഉയർത്തുന്നത്. ട്രംപിന്റെ മുൻകാല പ്രവർത്തനങ്ങളെയും നയങ്ങളെയും പോലെ, ഈ നിർമ്മാണവും “നമ്മുടെ ജനാധിപത്യത്തെ തകർക്കുന്നതിന്റെ പ്രതീകമായി തോന്നുന്നു” എന്ന് സെനറ്റർമാർ ഉൾപ്പെടെയുള്ളവർ അഭിപ്രായപ്പെടുന്നു.നിലവിൽ വൈറ്റ്‌ഹൗസിലെ ഏറ്റവും വലിയ മുറിയായ ഈസ്റ്റ് റൂമിന് 200 പേരെ മാത്രമേ ഉൾക്കൊള്ളാൻ സാധിക്കൂ. അതുകൊണ്ട് തന്നെ സ്റ്റേറ്റ് ഡിന്നറുകളും മറ്റ് വലിയ പരിപാടികളും നടത്താൻ സൗത്ത് ലോണിൽ താത്കാലിക കൂടാരങ്ങൾ കെട്ടേണ്ട അവസ്ഥയുണ്ട്. ഈ ‘അനാവശ്യ’ രീതി ഒഴിവാക്കാൻ വേണ്ടിയാണ് ബാൾറൂം നിർമ്മിക്കുന്നതെന്ന് ട്രംപ് പറയുന്നു.ഏകദേശം 90,000 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ നിർമ്മിക്കുന്ന ഈ ബാൾറൂമിന് 999 പേരെ വരെ ഉൾക്കൊള്ളാൻ കഴിയും. മാർ-എ-ലാഗോയിലെ ബാൾറൂമിനോട് സാമ്യമുള്ള, സ്വർണ്ണ നിറത്തിലുള്ള അലങ്കാരങ്ങളോടുകൂടിയ രൂപകൽപ്പനയാണ് പ്രതീക്ഷിക്കുന്നത്.ഈ പദ്ധതിക്ക് അമേരിക്കൻ നികുതിദായകർക്ക് ഒരു ചെലവും ഉണ്ടാകില്ലെന്ന് ട്രംപ് ഉറപ്പുനൽകുന്നുണ്ട് " ഉദാരമതികളായ നിരവധി ദേശസ്‌നേഹികളും, വലിയ അമേരിക്കൻ കമ്പനികളും, ഞാനുംചേർന്നുള്ള സ്വകാര്യ ഫണ്ടുകൾ ഉപയോഗിച്ചാണ് ഈ ബാൾറൂമിന്റെ നിർമ്മാണത്തിന് ആവിശ്യമായ പണം (250 മില്യൺ ഡോളർ) കണ്ടെത്തുന്നത്. ബാൾറൂമിനായുള്ള എയർ കണ്ടീഷനിംഗ് സംവിധാനം കരിയർ ഗ്ലോബൽ കോർപ്പറേഷൻ സംഭാവനയായി നൽകിയിട്ടുണ്ട്." : ട്രംപ് 

ഈസ്റ്റ് വിംഗ്, 1902-ൽ നിർമ്മിച്ചതും 1942-ൽ നവീകരിച്ചതുമായ ചരിത്രപരമായ ഘടനയാണ്. പ്രഥമ വനിതയുടെ ഓഫീസുകൾ ഉൾപ്പെടെയുള്ള  നിരവധി പ്രധാന ഓഫീസുകൾ ഇവിടെയാണ് പ്രവർത്തിച്ചിരുന്നത്. ഈ കെട്ടിടം പൊളിക്കുന്നത് വൈറ്റ്‌ഹൗസിന്റെ പൈതൃകത്തിന് കോട്ടം വരുത്തുമെന്ന ആശങ്ക ചരിത്ര സംരക്ഷണ ട്രസ്റ്റുകൾ പങ്കുവെക്കുന്നു. ട്രംപിന്റെ മുൻ വാദങ്ങളായ “കെട്ടിടത്തെ സ്പർശിക്കില്ല” എന്നതിൽ നിന്ന് വ്യത്യസ്തമായി, ഈസ്റ്റ് വിംഗ് ഭാഗികമായി പൊളിച്ചത് കടുത്ത വിമർശനത്തിന് കാരണമായി.ട്രംപിനെ സംബന്ധിച്ചിടത്തോളം, നിർമ്മാണ പ്രവർത്തനങ്ങളുടെ ശബ്ദം “എന്റെ ചെവിക്ക് സംഗീതം” പോലെയാണെന്നും, ഇത് പണം കൊണ്ടുവരുന്നതിനെയാണ് ഓർമ്മിപ്പിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. വൈറ്റ്‌ഹൗസിനെ തന്റെ ഇഷ്ടത്തിനനുസരിച്ച് മാറ്റിയെടുക്കാനുള്ള ട്രംപിന്റെ ശ്രമങ്ങൾ, രാജ്യത്തിന്റെ ചരിത്രത്തോടും സ്ഥാപനങ്ങളോടുമുള്ള അദ്ദേഹത്തിന്റെ സമീപനം എങ്ങനെയെന്നതിനെക്കുറിച്ചുള്ള ചർച്ചകൾക്ക് തീവ്രത നൽകുന്നു.എങ്കിലും, പൊളിച്ചുനീക്കൽ ജോലികൾക്കോ സ്ഥലമൊരുക്കലിനോ ഏജൻസിക്ക് അധികാരപരിധിയില്ലെന്ന് കമ്മീഷൻ ചെയർമാൻ വിൽ ഷാർഫ് അറിയിച്ചു. 2029 ജനുവരിയിൽ ട്രംപിന്റെ കാലാവധി അവസാനിക്കുന്നതിന് മുമ്പ് നിർമ്മാണം പൂർത്തിയാക്കാൻ കഴിയുമെന്നാണ് അവരുടെ പ്രതീക്ഷ.