നേപ്പാൾ : ഇടതുപക്ഷ പാർട്ടികൾക്ക് കനത്ത തിരിച്ചടി, ബാലേന്ദ്ര ഷായുടെ ആർഎസ്‌പിക്ക് ചരിത്ര വിജയം

കാഠ്‌മണ്ഡു: നേപ്പാൾ പൊതുതെരഞ്ഞെടുപ്പിൽ പരമ്പരാഗത ഇടതുപക്ഷ പാർട്ടികൾക്ക് കനത്ത തിരിച്ചടി നൽകി മുൻ റാപ്പറും കാഠ്‌മണ്ഡു മുൻ മേയറുമായ ബാലേന്ദ്ര ഷാ (ബാലെൻ) നയിക്കുന്ന രാഷ്ട്രീയ സ്വതന്ത്ര പാർട്ടി അധികാരത്തിലേക്ക്.

നേപ്പാളില്‍ ജെൻസി പ്രക്ഷോഭത്തിന് ശേഷം നടന്ന ആദ്യ പാർലമെൻ്റ് തെരഞ്ഞെടുപ്പില്‍ ബാലേന്ദ്ര ഷായുടെ ആർഎസ്‌പി ചരിത്ര വിജയം നേടി. രാജ്യത്തെ പ്രധാന പാർട്ടികളെ തകർത്തുകൊണ്ടായിരുന്നു ആര്‍എസ്‌പിയുടെ മിന്നും ജയം.റാപ്പില്‍ നിന്ന് രാഷ്‌ട്രീയക്കാരനായി മാറിയ ഷാ നേപ്പാളിൻ്റെ അടുത്ത പ്രധാനമന്ത്രിയാകും. കഴിഞ്ഞ വർഷത്തെ ഒലി സർക്കാരിനെ അട്ടിമറിച്ച പ്രതിഷേധങ്ങൾക്ക് ശേഷമുള്ള ആദ്യ വിജയമാണിത്. ആർഎസ്‌പി പ്രധാനമന്ത്രി സ്ഥാനാർഥിയായ ഷാ, മുൻ പ്രധാനമന്ത്രി കെ പി ശർമ്മ ഒലിയെ 50,000 വോട്ടുകളുടെ വലിയ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി. 35 കാരനായ ബാലൻ 68,348 വോട്ടുകൾ നേടിയപ്പോൾ ഒലിക്ക് 18,734 വോട്ടുകൾ മാത്രമേ ലഭിച്ചുള്ളൂ.കേവല ഭൂരിപക്ഷത്തിന് ആവശ്യമായതിലും കൂടുതൽ സീറ്റുകൾ നേടിയാണ് ആർഎസ്‌പിയുടെ മുന്നേറ്റം. നേപ്പാളിലെ സ്ഥാപിത പാര്‍ട്ടികളോടുള്ള ജനത്തിൻ്റെ മനോഭാവമാണ് ഈ തെരഞ്ഞെടുപ്പില്‍ വ്യക്തമാകുന്നത്. രാജ്യത്തെ ആദ്യത്തെ മധേസി പ്രധാനമന്ത്രിയും നേപ്പാളിൻ്റെ പാർലമെൻ്ററി ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയുമായിരിക്കും ബാലൻ. അഴിമതിക്കെതിരെ പോരാടുന്നതും സ്വജനപക്ഷപാതം അവസാനിപ്പിക്കുമെന്നായിരുന്നു തെരഞ്ഞെടുപ്പില്‍ ആര്‍എസ്‌പിയുടെ വാഗ്‌ദാനം.ആർഎസ്‌പി 117 സീറ്റുകളിൽ 91 എണ്ണവും നേടി. കാഠ്‌മണ്ഡു ജില്ലയിലെ 10 മണ്ഡലങ്ങളിലും ആർഎസ്‌പിക്ക് വ്യക്തമായ വിജയം നേടാൻ കഴിഞ്ഞു. മാധേഷ് പ്രവിശ്യയിലെ എട്ട് ജില്ലകളിലായി ആകെയുള്ള 32 സീറ്റുകളിൽ ആർഎസ്‌പി എട്ട് എണ്ണം നേടി, 22 എണ്ണത്തിൽ മുന്നിലാണെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. കാഠ്‌മണ്ഡു ജില്ലയിലെ 10 സീറ്റുകളും ഭക്തപൂരിൽ രണ്ട് സീറ്റുകളും ലളിത്പൂർ ജില്ലയിലെ മൂന്ന് സീറ്റുകളും നേടി.
താഴ്‌വരയിലെ 15 സീറ്റുകളും പാർട്ടി തൂത്തുവാരി. ചിത്വാൻ 2 മണ്ഡലത്തിൽ നിന്ന് ആർഎസ്‌പി ചെയർമാൻ ലാമിച്ചനെ വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു, തുടർച്ചയായ മൂന്നാം വിജമാണിത്. തെരഞ്ഞെടുപ്പിൽ 10 വനിതാ സ്ഥാനാർഥികൾ വിജയിച്ചു, അതിൽ ഒമ്പത് പേർ ആർഎസ്‌പിയിൽ നിന്നും ഒരാൾ എൻസിയിൽ നിന്നുമാണ്.അതേസമയം, ആനുപാതിക വോട്ടിങ് സമ്പ്രദായത്തിലും ആർഎസ്‌പി മുന്നിലായിരുന്നു, പാർട്ടി 10,28,797 വോട്ടുകൾ നേടി, തൊട്ടുപിന്നാലെ നേപ്പാളി കോൺഗ്രസ് 3,42,934 വോട്ടുകൾ നേടി. സിപിഎൻ-യുഎംഎല്ലിന് 3,73,475 ഉം, നേപ്പാളി കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് 1,19,902 ഉം, ആർപിപിക്ക് 73,593 ഉം, എസ്‌എസ്‌പിക്ക് 43,099 ഉം, രാഷ്ട്രീയ പരിവർത്തൻ പാർട്ടിക്ക് 23,644 ഉം, ജനതാ സമാജ്‌വാദി പാർട്ടിക്ക് 13,692 വോട്ടുകളും ലഭിച്ചു. പാർലമെൻ്റിലെ ആകെ 275 അംഗങ്ങളിൽ 165 പേരെ നേരിട്ടുള്ള വോട്ടെടുപ്പിലൂടെയും, ബാക്കിയുള്ള 110 പേരെ ആനുപാതിക രീതിയിലൂടെയും തെരഞ്ഞെടുക്കുന്നു.
നേപ്പാളി കോൺഗ്രസ് (എൻസി) 13 സീറ്റുകൾ നേടി മൂന്നിടത്ത് മുന്നിലാണ്, സിപിഎൻ-യുഎംഎൽ ഏഴ് സീറ്റുകൾ മാത്രം നേടി മൂന്നിടത്ത് മുന്നിലാണ്, നേപ്പാളി കമ്മ്യൂണിസ്റ്റ് പാർട്ടി (എൻസിപി) നാല് സീറ്റുകൾ നേടി മൂന്നിടത്ത് മുന്നിലാണ്, ശ്രമ ശക്തി പാർട്ടി (എസ്എസ്പി) മൂന്ന് സീറ്റുകളിൽ മുന്നിലാണ്, രാഷ്ട്രീയ പ്രജാതന്ത്ര പാർട്ടി (ആർപിപി) ഒരു സീറ്റിൽ വിജയിച്ചുവെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ ഡാറ്റ കാണിക്കുന്നു. വിജയിച്ചവരിൽ ഒരു സ്വതന്ത്ര സ്ഥാനാർഥിയും ഉൾപ്പെടുന്നു.