ചരിത്ര വിജയം! : ന്യുയോർക്ക് മേയറായി സൊഹ്‌റാൻ മംദാനി തെരഞ്ഞെടുക്കപ്പെട്ടു

ചരിത്ര വിജയം! : ന്യുയോർക്ക് മേയറായി സൊഹ്‌റാൻ മംദാനി തെരഞ്ഞെടുക്കപ്പെട്ടു

   ന്യുയോർക്ക് :ഈ വർഷം ആദ്യം നടന്ന ഡെമോക്രാറ്റിക് പ്രൈമറിയിൽ വിജയിച്ച സൊഹ്‌റാൻ മംദാനി ന്യൂയോർക്ക് സിറ്റി മേയർ  തിരഞ്ഞെടുപ്പിൽ വിജയിച്ചു. ഡെമോക്രാറ്റിക് പാർട്ടി അംഗമായ മംദാനി, മുൻ ഗവർണർ സ്വതന്ത്ര സ്ഥാനാർത്ഥിയായ ആൻഡ്രൂ ക്യൂമോയെയും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി കർട്ടിസ് സ്ലിവയെയുമാണ്   മേയർ തിരഞ്ഞെടുപ്പിൽ നേരിട്ടത് .

ഡെമോക്രാറ്റ് 948,202 വോട്ടുകൾ (50.6 ശതമാനം) നേടി വിജയിച്ചു, 83 ശതമാനം വോട്ടുകൾ നേടി. ക്യൂമോ 776,547 വോട്ടുകൾ (41.3 ശതമാനം) നേടിയപ്പോൾ സ്ലിവ 137,030 വോട്ടുകൾ നേടി.

1969 ന് ശേഷം ആദ്യമായി രണ്ട് ദശലക്ഷം വോട്ടുകൾ രേഖപ്പെടുത്തിയതായി NYC ബോർഡ് ഓഫ് ഇലക്ഷൻസ് അറിയിച്ചു. മാൻഹട്ടനിൽ 444,439 പേർ വോട്ട് ചെയ്തു. ബ്രോങ്ക്സ് (187,399), ബ്രൂക്ലിൻ (571,857), ക്വീൻസ് (421,176), സ്റ്റാറ്റൻ ഐലൻഡ് (123,827) എന്നിങ്ങനെയാണ് വോട്ടെടുപ്പ് നടന്നത്.ഈ വിജയത്തോടെ, ന്യൂയോർക്ക് നഗരത്തിലെ ആദ്യത്തെ മുസ്ലീം നേതാവും തലമുറകളിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറുമാണ് മംദാനി.ഇന്ത്യന്‍ വംശജയും ഒറീസ്സ  സ്വദേശിയുമായ പ്രശസ്ത  സംവിധായിക മീരാ നായരുടെ (മലയാളിയല്ല ) മകനാണ് 33 വയസുകാരനായ മംദാനി. 2018ലാണ് അദ്ദേഹത്തിന് അമേരിക്കന്‍ പൗരത്വം ലഭിക്കുന്നത്. ബെഞ്ചമിന്‍ നെതന്യാഹു ന്യൂയോര്‍ക്കില്‍ കാലു കുത്തിയാല്‍ പൊലീസിനെ കൊണ്ട് അറസ്റ്റ് ചെയ്യിപ്പിക്കും എന്ന് മംദാനി പറഞ്ഞത് അന്തരാഷ്ട്ര തലത്തില്‍ ശ്രദ്ധേയമായിരുന്നു. ജൂത വംശജര്‍ മംദാനിക്ക് വോട്ട് ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ പമ്പര വിഢികളാണെന്ന് ട്രംപ് പറഞ്ഞു. ട്രംപിന് അനഭിമതനാണ്  മംദാനി. എല്ലാ കാലത്തും ട്രംപിൻ്റെ നയങ്ങളോട് മംദാനി വിയോജിപ്പും പ്രകടിപ്പിച്ചിരുന്നു.മംദാനി ജയിച്ചാല്‍ ന്യൂയോര്‍ക്കിനുള്ള ഫെഡറല്‍ ധനസഹായം വെട്ടിക്കുറയ്ക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

"തൊഴിലാളി വർഗമായ ന്യൂയോർക്ക് നിവാസികളുടെ ജീവിതച്ചെലവ് കുറയ്ക്കുന്നതിനാണ് താൻ  മേയർ സ്ഥാനത്തേക്ക് മത്സരിക്കുന്നത്," എന്ന് അദ്ദേഹം തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ  പറഞ്ഞിരുന്നു. രാജ്യത്തെ കഠിനമായ സാമ്പത്തിക, രാഷ്ട്രീയ കാലാവസ്ഥയ്ക്കിടയിൽ ഉയർന്ന ചെലവുകളുടെയും തൊഴിൽ അരക്ഷിതാവസ്ഥയുടെയും ഭാരത്തിൽ വലയുന്ന യുവാക്കൾക്കും തൊഴിലാളി വർഗത്തിനും ഇടയിലുമാണ്  ഈ യുവ രാഷ്ട്രീയക്കാരൻ ജനപിന്തുണനേടിയിരിക്കുന്നത് .