ഹോങ്കോങ് തീപിടിത്തം; മരണം 94

ഹോങ്കോങ് തീപിടിത്തം; മരണം 94

ഹോങ്കോങ്ങ്:  തായ്‌പോ ജില്ലയിലെ കെട്ടിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം 94 ആയി. 100ലധികം പേർക്ക് പരിക്കേറ്റതായാണ് വിവരം. ഇവരില്‍ നിരവധി പേരുടെ നില ഗുരുതരമാണെന്നും റിപ്പോർട്ട് ഉണ്ട്. 200 ഓളം പേരെ കാണാതായെന്നും അധികൃതര്‍ അറിയിച്ചു.തീപിടുത്തം ആരംഭിച്ച് 24 മണിക്കൂറിലധികം സമയം പിന്നിട്ടിട്ടും കെട്ടിട സമുച്ചയത്തിന്‍റെ പല ഭാഗങ്ങങ്ങളില്‍ നിന്നും പുക ഉയരുന്നുണ്ട്. ഇതിനിടെ ഇന്നലെ  വൈകിട്ട് കെട്ടിടത്തിന്‍റെ 16-ാം നിലയില്‍ നിന്ന് രക്ഷാപ്രവർത്തകർ ഒരാളെ ജീവനോടെ കണ്ടെത്തി.

മൂന്ന് പതിറ്റാണ്ടിനിടയില്‍ ഹോങ്കോങ്ങിലുണ്ടായ ഏറ്റവും വലിയ തീപിടിത്തമാണിത്. എന്താണ് സംഭവിച്ചതെന്ന് അറിയാതെ സമുച്ചയത്തിലെ ജനങ്ങള്‍ പരിഭ്രാന്തരായി നെട്ടോട്ടമോടുന്ന ഭയാനകമായ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. നവീകരണത്തിലിരിക്കുന്ന 32 നിലകളുള്ള ഒരു ടവറിൻ്റെ മുള കൊണ്ടുള്ള മേല്‍ത്തട്ടിന് തീപിടിച്ചതാണ് ദുരന്തത്തിന് കാരണം.എട്ട് ടവറുകളുള്ള ഭവന സമുച്ചയത്തിലെ ഏഴ് കെട്ടിടങ്ങളിലേക്ക് വേഗത്തിൽ തീപടർന്നു. ശക്തമായ കാറ്റ് കാരണം തീജ്വാലകൾ സമുച്ചയത്തിൻ്റെ മുകളിലേക്ക് ഉയരുകയായിരുന്നുവെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 140-ലധികം ഫയർ ട്രക്കുകളും 60 ആംബുലൻസുകളും വിന്യസിച്ച അഗ്നിശമന സേനാംഗങ്ങൾ തീ അണയ്ക്കാൻ  ഇപ്പോഴും ശ്രമിക്കുകയാണ്. ഏകദേശം 900 പേരെ താൽക്കാലിക ഷെൽട്ടറുകളിലേക്ക് മാറ്റി.കാണാതായവര്‍ക്കായി അടിയന്തര സംഘങ്ങൾ തെരച്ചിൽ തുടരുന്നുവെന്നും പ്രാഥമിക അന്വേഷണങ്ങൾ ആരംഭിച്ചെന്നും ഹോങ്കോങ്ങിൻ്റെ ചീഫ് എക്‌സിക്യൂട്ടീവ് ജോൺ ലീ പറഞ്ഞു. "തീപിടിത്തത്തിൻ്റെ കാരണം അന്വേഷിക്കാൻ പൊലീസും ഫയർ സർവീസും ഇതിനകം ഒരു അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്," അദ്ദേഹം പറഞ്ഞു. അർദ്ധരാത്രിക്ക് ശേഷം തീ നിയന്ത്രണവിധേയമാകുന്നുണ്ടെന്ന് ലീ കൂട്ടിച്ചേർത്തു.