ഇസ്രയേല്‍ ഒരിക്കലും കീഴടങ്ങില്ല :ഹമാസിന്‍റെ കഥകഴിക്കുമെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ന്യൂയോര്‍ക്ക്: ഇസ്രേയേൽ ഹമാസിനെ പൂര്‍ണമായും ഇല്ലാതാക്കുമെന്ന പ്രഖ്യാപനവുമായി ഐക്യരാഷ്‌ട്രസഭയില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. വിമര്‍ശകരുടെയും പ്രതിഷേധക്കാരുടെയും നടുവില്‍ വച്ചാണ് ലോകനേതാക്കളോട് നെതന്യാഹു ഈ പ്രഖ്യാപനം നടത്തിയത്.
സര്‍വസംഹാരകമായ യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യവും രാജ്യാന്തര തലത്തിലെ ഒറ്റപ്പെടലിനുമിടയിലാണ് നെതന്യാഹുവിന്‍റെ ധിക്കാരപരമായ പ്രസംഗം. പാശ്ചാത്യ രാജ്യങ്ങള്‍ തങ്ങളെ സമ്മര്‍ദ്ദത്തിലാക്കിയേക്കാം. എന്നാല്‍ ഒരു കാര്യം താന്‍ ഉറപ്പ് നല്‍കുന്നു ഇസ്രയേല്‍ ഒരിക്കലും കീഴടങ്ങില്ല- നെതന്യാഹു അര്‍ത്ഥ ശങ്കയ്ക്കിടയില്ലാത്ത വിധം കാര്യങ്ങള്‍ വ്യക്തമാക്കി.
നെതന്യാഹുവിന്‍റെ പ്രകോപനപരമായ പ്രസംഗത്തെ തുടര്‍ന്ന് നിരവധി രാജ്യങ്ങള്‍ ഐക്യരാഷ്‌ട്രസഭ പൊതുസഭ ഹാളില്‍ നിന്ന് ഇറങ്ങിപ്പോയി. പലസ്‌തീന് രാഷ്‌ട്രപദവി അംഗീകരിക്കാനുള്ള നിരവധി രാജ്യങ്ങളുടെ തീരുമാനം ജൂതന്‍മാര്‍ക്കെതിരെയുള്ള ഭീകരത പ്രോത്സാഹിപ്പിക്കലാണെന്നും എല്ലായിടവുമുള്ള നിരപരാധികള്‍ക്കെതിരാണെന്നും നെതന്യാഹു ആരോപിച്ചു.നെതന്യാഹുവിന്‍റെ പ്രസംഗത്തിനിടെ ഹാളില്‍ നിന്ന് പ്രതിഷേധ സ്വരങ്ങള്‍ എമ്പാടുമുയര്‍ന്നു. അതേസമയം ചിലയിടങ്ങളില്‍ നിന്ന് കയ്യടിയും.