ആഷസ് 2025: ഇംഗ്ലണ്ടിനും ഓസീസിനും കനത്ത തിരിച്ചടി; മാർക്ക് വുഡും ജോഷ് ഹേസൽവുഡും പുറത്തായി

ആഷസ് 2025: ഇംഗ്ലണ്ടിനും ഓസീസിനും കനത്ത തിരിച്ചടി; മാർക്ക് വുഡും ജോഷ് ഹേസൽവുഡും പുറത്തായി

ഹൈദരാബാദ്: മൂന്നാം ആഷസ് ടെസ്റ്റിന് മുന്നോടിയായി ഓസ്‌ട്രേലിയയ്ക്കും ഇംഗ്ലണ്ടിനും കനത്ത തിരിച്ചടി. പരിക്കുകൾ കാരണം ഓസീസ് പേസർ ജോഷ് ഹേസൽവുഡിനെ പരമ്പരയിൽ നിന്ന് ഒഴിവാക്കി. മറുവശത്ത്, പരിക്ക് ആവർത്തിച്ചതിനാൽ മാർക്ക് വുഡിന് പരമ്പരയുടെ ശേഷിക്കുന്ന മത്സരങ്ങളിൽ ഇറങ്ങാന്‍ കഴിയില്ല. ഷെഫീൽഡ് ഷീൽഡിൽ ബൗൾ ചെയ്യുന്നതിനിടെയാണ് ഹേസൽവുഡിന് ഹാംസ്ട്രിംഗ് സ്ട്രെയിൻ അനുഭവപ്പെട്ടത്. കൂടാതെ കഴിഞ്ഞയാഴ്‌ച അക്കില്ലസ് ടെൻഡോണിനും പരിക്കേറ്റതിനാൽ പ്രതീക്ഷിക്കാതെ വീണ്ടും തിരിച്ചടി നേരിട്ടതായി ഹെഡ് കോച്ച് ആൻഡ്രൂ മക്ഡൊണാൾഡ് സ്ഥിരീകരിച്ചു.

'അദ്ദേഹത്തിന് ശരിക്കും നിരാശയുണ്ട്. പ്രതീക്ഷിക്കാത്ത രണ്ട് തിരിച്ചടികളാണ് നേരിട്ടതെന്ന് മക്ഡൊണാൾഡ് പറഞ്ഞു. പരമ്പരയിൽ അദ്ദേഹം വലിയൊരു പങ്ക് വഹിക്കുമെന്ന് ഞങ്ങൾ കരുതി. പക്ഷേ, ആ അവസരം താരത്തിനു ലഭിക്കില്ലെന്ന് അറിയുന്നതിൽ ശരിക്കും വിഷമമുണ്ടെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.അതേസമയം മൂന്നാം ടെസ്റ്റിനായി പാറ്റ് കമ്മിൻസ് തിരിച്ചെത്തുകയും ടീമിനെ നയിക്കുകയും ചെയ്യും. ഏകദേശം അഞ്ച് മാസത്തിന് ശേഷമാണ് അദ്ദേഹം കളിക്കളത്തിലേക്ക് തിരിച്ചെത്തുന്നത് ജൂലൈയിൽ വെസ്റ്റ് ഇൻഡീസിലേക്കുള്ള പര്യടനത്തിലാണ് താരം അവസാനമായി ടെസ്റ്റ് കളിച്ചത്. ആഷസ് ടെസ്റ്റിന്‍റെ തീവ്രത കൈകാര്യം ചെയ്യാനും ടീമിന്‍റെ ബൗളിംഗ് ആക്രമണം വർധിപ്പിക്കാനും കമ്മിന്‍സിനു കഴിയുമെന്നാണ് ഓസീസിന്‍റെ പ്രതീക്ഷ.

മാർക്ക് വുഡ് പുറത്തായി

ഇടത് കാൽമുട്ടിനേറ്റ പരിക്ക് ആവർത്തിച്ചതിനാൽ ഇംഗ്ലണ്ട് പേസർ മാർക്ക് വുഡിനെ ആഷസിന്‍റെ ശേഷിക്കുന്ന മത്സരങ്ങളിൽ നിന്ന് ഒഴിവാക്കി. പരമ്പരയിലെ ആദ്യ ടെസ്റ്റിനിടെ കാൽമുട്ടിന് പരിക്കേറ്റ പേസർ ഇസിബി മെഡിക്കൽ സ്റ്റാഫിനൊപ്പം പുനരധിവാസം തുടരുന്നതിനായി നാട്ടിലേക്ക് മടങ്ങും. വുഡിന്‍റെ പുറത്താകൽ ഇംഗ്ലണ്ടിന് കടുപ്പമാകും. കൂടാതെ, അവരുടെ ബൗളിംഗ് യൂണിറ്റിൽ ഒരു പുനഃസംഘടനയും നിർബന്ധിതമായി നടത്തേണ്ടിവരും. ഇംഗ്ലീഷ് ടീം മാത്യു ഫിഷറിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ലയൺസിനൊപ്പം പരിശീലനത്തിൽ ഏർപ്പെട്ടിരുന്ന ഫിഷർ ഉടൻ തന്നെ ടീമിൽ ചേരും.2022-ൽ വെസ്റ്റ് ഇൻഡീസിനെതിരെ ഇംഗ്ലണ്ടിനായി ടെസ്റ്റ് ക്രിക്കറ്റിൽ വലംകൈയ്യൻ പേസർ ഒരിക്കൽ കളിച്ചിട്ടുണ്ട്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 56 മത്സരങ്ങളിൽ നിന്ന് 51.5 സ്ട്രൈക്ക് റേറ്റിൽ 175 വിക്കറ്റുകൾ അദ്ദേഹം നേടിയിട്ടുണ്ട്. ആഷസ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിനെ എട്ടു വിക്കറ്റിനാണ് ഓസ്ട്രേലിയ തകർത്തത്. മിച്ചല്‍ സ്റ്റാര്‍ക്ക് പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടി. ആദ്യ ടെസ്റ്റിലും സ്റ്റാര്‍ക്ക് തന്നെയായിരുന്നു കളിയിലെ കേമന്‍. പരമ്പരയിലെ മൂന്നാം ടെസ്റ്റ് ഡിസംബര്‍ 17നാണ്.