"വേണമെങ്കിൽ പാക് -അഫ്‌ഗാൻ യുദ്ധം ഈസിയായി തനിക്കു പരിഹരിക്കാൻ കഴിയും: " ട്രംപ്

"വേണമെങ്കിൽ പാക് -അഫ്‌ഗാൻ യുദ്ധം ഈസിയായി തനിക്കു പരിഹരിക്കാൻ കഴിയും: " ട്രംപ്

വാഷിങ്ടണ്‍: 8യുദ്ധങ്ങൾ ഇല്ലാതാക്കിയ തനിക്ക് വേണമെങ്കിൽ  വളരെ 'ഈസി'യായി പാകിസ്ഥാന്‍- അഫ്‌ഗാനിസ്ഥാന്‍ സംഘർഷം പരിഹരിക്കാൻ കഴിയുമെന്ന്  യുഎസ് പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപ്."അതിനിടയിൽ, എനിക്ക് അമേരിക്ക ഭരിക്കണം, പക്ഷേ യുദ്ധങ്ങൾ പരിഹരിക്കുന്നത് എനിക്ക് ഇഷ്ടമാണ്," വൈറ്റ് ഹൗസിൽ ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയുമൊത്തുള്ള ഉഭയകക്ഷിചർച്ച കഴിഞ്ഞുള്ള  ഉച്ചഭക്ഷണത്തിനിടെ ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. വെടിനിര്‍ത്തല്‍ ലംഘിച്ച് പാകിസ്ഥാന്‍ ആമണം നടത്തിയതിന് പിന്നാലെയാണ് ട്രംപിൻ്റെ പ്രസ്‌താവന. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം പരിഹരിക്കുന്നതിൽ തനിക്ക് വിജയം ഉറപ്പെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.എട്ട് യുദ്ധങ്ങൾ പരിഹരിച്ചിട്ടും സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിക്കാത്തതിൽ ട്രംപ് വീണ്ടും നിരാശ പ്രകടിപ്പിച്ചു."അമേരിക്ക മറ്റ് എട്ട് യുദ്ധങ്ങൾ പരിഹരിച്ചുവെന്ന് നിങ്ങൾക്കറിയാം. എന്നാല്‍ ആളുകൾക്ക് ഇതിനോടുള്ള മനോഭാവം രസകരമാണ്. ഞാൻ ഓരോ തവണയും യുദ്ധം അവസാനിപ്പിക്കുന്നത് അവർ മറക്കുന്നു," ട്രംപ് പറഞ്ഞു. താൻ ഓരോ തവണയും ഒരു യുദ്ധം പരിഹരിക്കുമ്പോൾ നിങ്ങൾ അടുത്തത് പരിഹരിച്ചാൽ നൊബേല്‍ സമ്മാനം ലഭിക്കുമെന്ന് അവർ പറയുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

പാകിസ്ഥാൻ ആക്രമിച്ചത് എനിക്ക് മനസിലായി, അല്ലെങ്കിൽ അഫ്‌ഗാനിസ്ഥാനുമായി ഒരു ആക്രമണം നടക്കുന്നുണ്ടെന്ന് അറിയാം. എനിക്കത് പരിഹരിക്കാന്‍ എളുപ്പമാണ്," ട്രംപ് പറഞ്ഞു.ചര്‍ച്ചയ്‌ക്കിടയില്‍ ദശലക്ഷക്കണക്കിന് ജീവൻ രക്ഷിച്ചതായി ട്രംപ് വീണ്ടും അവകാശപ്പെട്ടു. ആളുകൾ കൊല്ലപ്പെടുന്നത് തടയാൻ താൻ ഇഷ്‌ടപ്പെടുന്നു. ദശലക്ഷക്കണക്കിന് ജീവൻ താൻ രക്ഷിച്ചുവെന്നും ഈ യുദ്ധത്തിലും താന്‍ വിജയം കൈവരിക്കുമെന്നും ട്രംപ് അവകാശപ്പെട്ടു.അതേസമയം, അഫ്‌ഗാനിസ്ഥാനിലെ തീവ്രവാദ ഒളിത്താവളങ്ങൾ ലക്ഷ്യമിട്ട് പാകിസ്ഥാൻ പുതിയ വ്യോമാക്രമണങ്ങൾ നടത്തിയതായി അവകാശപ്പെട്ടു. രണ്ട് ദിവസത്തെ വെടിനിർത്തൽ നീട്ടിയതിന് ഏതാനും മണിക്കൂറുകൾക്ക് ശേഷമാണ് വസീറിസ്ഥാനിലെ ഒരു സൈനിക താവളത്തിൽ പാകിസ്ഥാൻ ബോംബ് ആക്രമണം ഉണ്ടായത്. മുമ്പ് ഉണ്ടായ ആക്രമണങ്ങളിൽ രണ്ട് രാജ്യങ്ങളിലുമുള്ള നിരവധി സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടിരുന്നു. സംഭവത്തെക്കുറിച്ച് അഫ്‌ഗാനിസ്ഥാൻ ഇതുവരെ ഔദ്യോഗിക പ്രതികരണം നൽകിയിട്ടില്ല. ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം സംബന്ധിച്ച വിവരങ്ങൾ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് അഫ്‌ഗാനിസ്ഥാനിലെ പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്‌തു.