"അമേരിക്ക സമാധാനപാലകരാണ് ,ഇന്ത്യ-പാക് യുദ്ധം ഇല്ലാതാക്കിയത് താൻ തന്നെ"- ആവർത്തിച്ച്‌ ട്രംപ്

"അമേരിക്ക സമാധാനപാലകരാണ് ,ഇന്ത്യ-പാക് യുദ്ധം ഇല്ലാതാക്കിയത് താൻ തന്നെ"- ആവർത്തിച്ച്‌ ട്രംപ്

വാഷിങ്‌ടണ്‍ : ഇന്ത്യ-പാക് പ്രതിസന്ധി അവസാനിപ്പിച്ചത് താനാണെന്ന അവകാശവാദവുമായി വീണ്ടും ട്രംപ്. വ്യാപാര മാർഗങ്ങളിലൂടെയാണ് താൻ ഇരുരാജ്യങ്ങളെയും അനുനയിപ്പിച്ചതെന്നും അമേരിക്കൻ പ്രസിഡന്‍റ് ആവർത്തിച്ചു.  അമേരിക്ക സമാധാനപാലകരാണെന്നും ട്രംപ് അവകാശപ്പെട്ടു.

'നമ്മൾ ഒരു സമ്പന്ന രാജ്യമാണ്, ശക്തമായ ഒരു രാജ്യമാണ്, കാരണം, നിങ്ങൾക്കറിയാമോ, ഞാൻ ഏഴ് യുദ്ധങ്ങൾ അവസാനിപ്പിച്ചു, അവയിൽ പകുതിയും സാധ്യമായത് എന്‍റെ വ്യാപാര തന്ത്രങ്ങളും താരിഫുകളും മൂലമാണ്. എനിക്ക് താരിഫുകളില്‍ അധികാരം ഇല്ലായിരുന്നുവെങ്കിൽ, ഏഴ് യുദ്ധങ്ങളിൽ നാലെണ്ണമെങ്കിലും പൊട്ടിപ്പുറപ്പെടുമായിരുന്നു. നിങ്ങൾ ഇന്ത്യയേയും പാകിസ്ഥാനെയും നോക്കൂ, അവർ യുദ്ധത്തിന് തയാറായിരുന്നു. ഏഴ് വിമാനങ്ങൾ വെടിവച്ചു വീഴ്ത്തി. ഞാൻ പറഞ്ഞ കാര്യങ്ങള്‍ മുഴുവനായി വിശദീകരിക്കുന്നില്ല. പക്ഷേ ഞാൻ പറഞ്ഞ കാര്യം വളരെ ഫലപ്രദമായിരുന്നു. ഞങ്ങൾ നൂറുകണക്കിന് ബില്യൺ ഡോളർ സമ്പാദിക്കുന്നു എന്നത് മാത്രമല്ല, താരിഫുകൾ ഉപയോഗിച്ച് ഞങ്ങൾ ഒരു സമാധാനം പുലർത്തുക കൂടിയാണ്' -ട്രംപ് പറഞ്ഞു.നേരത്തെ സെപ്‌റ്റംബർ 21നും ട്രംപ് ഇതേ അവകാശവാദം ഉന്നയിച്ചിരുന്നു. ഏഴ് യുദ്ധങ്ങള്‍ ഇല്ലാതാക്കിയതിന് തനിക്ക് നൊബേല്‍ നല്‍കണമെന്നും ട്രംപ് പ്രസ്‌താവന നടത്തി. 'ഇന്ത്യ, പാകിസ്ഥാൻ, തായ്‌ലൻഡ്, കംബോഡിയ, അർമേനിയ, അസർബൈജാൻ, കൊസോവോ, സെർബിയ, ഇസ്രായേൽ, ഇറാൻ, ഈജിപ്‌ത്, എത്യോപ്യ, റുവാണ്ട, കോംഗോ- ഈ രാജ്യങ്ങള്‍ക്കിടയിലെ പ്രതിസന്ധകളെല്ലാം ഞങ്ങൾ പരിഹരിച്ചതാണ്. അവയിൽ 60 ശതമാനവും വ്യാപാരത്തെ മുൻനിർത്തിയാണ് തടഞ്ഞത്.' -ട്രംപ് പറഞ്ഞു.