ടി20 ലോകകപ്പ് വേദിമാറ്റണമെന്ന ബംഗ്ളാദേശിൻ്റെ ആവശ്യം ഐസിസി നിരസിച്ചു

ടി20 ലോകകപ്പ് വേദിമാറ്റണമെന്ന ബംഗ്ളാദേശിൻ്റെ   ആവശ്യം ഐസിസി നിരസിച്ചു

മുംബൈ: ബംഗ്ലാദേശിന്‍റെ ടി20 ലോകകപ്പ് മത്സരങ്ങൾ ഇന്ത്യയിൽ നിന്ന് ശ്രീലങ്കയിലേക്ക് മാറ്റണമെന്ന അഭ്യർത്ഥന ജയ് ഷാ അധ്യക്ഷനായ ഐസിസി നിരസിച്ചതായി റിപ്പോര്‍ട്ട്. ബംഗ്ലാദേശ് ക്രിക്കറ്റ് താരം മുസ്‌തഫിസുർ റഹ്‌മാനെ ഇന്ത്യൻ പ്രീമിയർലീഗില്‍ കൊല്‍ക്കത്ത ടീമില്‍ നിന്നു മാറ്റിയതാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്.ഇതോടെ അടുത്തമാസം നടക്കുന്ന ടി20 ക്രിക്കറ്റ് ലോകകപ്പിനായി ഇന്ത്യയിലേക്കില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് അറിയിക്കുകയായിരുന്നു. ഇന്ത്യയിൽ താരങ്ങളുടെ സുരക്ഷയിൽ ആശങ്കയുണ്ടെന്നായിരുന്നു ബിസിബി കാരണമായി ചൂണ്ടിക്കാട്ടിയത്. കൂടാതെ രാജ്യത്തെ ഐപിഎൽ സംപ്രേഷണത്തിനു അനിശ്ചിതകാലത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്‌തു. ടി20 ലോകകപ്പ് കളിക്കാൻ ബംഗ്ലാദേശ് പുരുഷ ദേശീയ ടീം ഇന്ത്യയിലേക്ക് പോകാൻ ബാധ്യസ്ഥരാണെന്ന് ഐസിസി ബിസിബിക്ക് മുന്നറിയിപ്പ് നൽകിയതായി പറയപ്പെടുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ), ബിസിബി, ഐസിസി എന്നിവരില്‍ നിന്നു ഇതുവരെ ഔദ്യോഗിക അറിയിപ്പ് വന്നിട്ടില്ല.

ഈ വർഷത്തെ ടി20 ലോകകപ്പ് ഫെബ്രുവരി 7 മുതൽ മാർച്ച് 8 വരെ ഇന്ത്യയിലും ശ്രീലങ്കയിലുമായാണ് നടക്കുന്നത്. ഗ്രൂപ്പ് സിയിൽ മത്സരിക്കുന്ന ബംഗ്ലാദേശ്, കൊൽക്കത്തയിൽ മൂന്ന് മത്സരങ്ങളോടെയാണ് തങ്ങളുടെ ലോകകപ്പിനു തുടക്കം കുറിക്കുന്നത്. ഫെബ്രുവരി 7 ന് വെസ്റ്റ് ഇൻഡീസിനെയും ഫെബ്രുവരി 9 ന് ഇറ്റലിയെയും ഫെബ്രുവരി 14 ന് ഇംഗ്ലണ്ടിനെയും നേരിടും. തുടർന്ന് ഫെബ്രുവരി 17 ന് നേപ്പാളിനെതിരായ ഗ്രൂപ്പ് ഘട്ടം പൂർത്തിയാക്കാൻ അവർ മുംബൈയിലേക്ക് പോകും.

ഇരു രാജ്യങ്ങൾക്കുമിടയിലുള്ള അസ്ഥിരമായ രാഷ്ട്രീയ സാഹചര്യങ്ങൾക്കിടയിൽ, മുസ്‌തഫിസുറിനെ 9.20 കോടി രൂപയുടെ കരാറിൽ നിന്ന് ഒഴിവാക്കാന്‍ കൊല്‍ക്കത്തയോട് നിർദ്ദേശിച്ചതായി ബിസിസിഐ വെളിപ്പെടുത്തിയതിനെ തുടർന്നാണ് വിവാദങ്ങൾ ആരംഭിച്ചത്. അതേസമയം താരത്തെ ഒഴിവാക്കുന്നത് ചർച്ച ചെയ്യാൻ ഐപിഎൽ ഗവേണിംഗ് കൗൺസിലം ബിസിസിഐയിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥരും യോഗം ചേർന്നിട്ടില്ലെന്നും റിപ്പോർട്ടുണ്ട്.ഇന്ത്യ-പാക് സംഘര്‍ഷത്തെ തുടര്‍ന്ന് ലോകകപ്പിൽ പാക്കിസ്ഥാന്‍റെ മത്സരങ്ങൾ ശ്രീലങ്കയിലാണു നടക്കുന്നത്. താരങ്ങളെ ഇന്ത്യയിലേക്ക് അയക്കാൻ സാധിക്കില്ലെന്ന് പാക്ക് ബോർഡ് തീരുമാനിച്ചതോടെയാണ് കളികൾ ശ്രീലങ്കയിൽ നടത്താൻ ധാരണയായത്.

2026 ടി20 ലോകകപ്പ് ഗ്രൂപ്പുകൾ

ഗ്രൂപ്പ് എ: ഇന്ത്യ, യുഎസ്എ, നമീബിയ, നെതർലാൻഡ്‌സ്, പാകിസ്ഥാൻ

ഗ്രൂപ്പ് ബി: ഓസ്‌ട്രേലിയ, ശ്രീലങ്ക, സിംബാബ്‌വെ, അയർലൻഡ്, ഒമാൻ

ഗ്രൂപ്പ് സി: ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ്, ബംഗ്ലാദേശ്, ഇറ്റലി, നേപ്പാൾ

ഗ്രൂപ്പ് ഡി: ദക്ഷിണാഫ്രിക്ക, ന്യൂസിലാൻഡ്, അഫ്‌ഗാനിസ്ഥാൻ, കാനഡ, യുഎഇ