ഭാര്യയുടെ പേരില്‍ വസ്തു വാങ്ങിയാല്‍ ബന്ധം പിരിഞ്ഞാല്‍ സ്വത്ത് തിരികെ കിട്ടുമോ? അറിയാം...

ഭാര്യയുടെ പേരില്‍ വസ്തു വാങ്ങിയാല്‍ ബന്ധം പിരിഞ്ഞാല്‍ സ്വത്ത് തിരികെ കിട്ടുമോ? അറിയാം...

എറണാകുളം : പല ഭർത്താക്കന്മാരും സ്നേഹക്കൂടുതല്‍ കൊണ്ടോ സുരക്ഷിതത്വത്തിന് വേണ്ടിയോ ഭാര്യമാരുടെ പേരില്‍ സ്വത്തുക്കള്‍ വാങ്ങാറുണ്ട്.എന്നാല്‍ ബന്ധങ്ങളില്‍ വിള്ളല്‍ വീഴുമ്പോഴാണ് പലർക്കും അമളി പറ്റിയെന്ന് മനസ്സിലാകുന്നത്. ഭാര്യയുടെ പേരിലാക്കിയ സ്വത്ത് നിയമപരമായി തിരിച്ചുപിടിക്കാൻ സാധിക്കുമോ? വ്യക്തമാക്കുകയാണ് നിയമ വിദഗ്ധർ.

പ്രൊഹിബിഷന്‍ ഓഫി ബിനാമി ട്രാന്‍സാക്ഷന്‍ ആക്‌ട് പ്രകാരം 1988 നിലവില്‍ വന്നതോടുകൂടി ഇത്തരത്തിലുള്ള ട്രാന്‍സാക്ഷന്‍ നടത്തിയാല്‍ ഉടമസ്ഥന് പിന്നീട് ഈ വസ്തുവില്‍ അവകാശം ഉന്നയിക്കാൻ സാധിക്കില്ല. അയാളുടെ അവകാശം ഇവിടെ നഷ്ടപ്പെടുകയാണ് ചെയ്യാറ്. എന്നാല്‍ ഈ നിയമത്തില്‍ തന്നെ ചില സന്ദർഭങ്ങളില്‍ ഇളവും പറയുന്നുണ്ട്.ഭര്‍ത്താവ് ഭാര്യയുടെ പേരിലോ വിവാഹം കഴിക്കാത്ത മകളുടെ പേരില്‍ അച്ഛനോ സഹോദരനും സഹോദരിയും ഒരുമിച്ച്‌ വാങ്ങുകയോ ഒക്കെ ആണെങ്കില്‍ ഇത് ബിനാമി ട്രാന്‍സാക്ഷനില്‍ ഉള്‍പ്പെടില്ല. എങ്കിലും ഈ സ്വത്തുകള്‍ തിരികെ പിടിക്കുന്നത് അത്ര എളുപ്പമല്ല താനും. വിവാഹമോചനം ഫയല്‍ ചെയ്ത കേസുകളുടെ കാര്യത്തിലാണെങ്കില്‍ ഇത്തരത്തില്‍ ഭാര്യയുടെ പേരില്‍ വാങ്ങിയ സ്വത്ത് തിരികെ കിട്ടാന്‍ സാധ്യത കുറവാണ്.കേസ് പരിഗണിക്കുമ്പോള്‍ ജീവനാംശമുള്‍പ്പെടെയുള്ളവ നല്‍കുന്നതില്‍ തീരുമാനമെടുക്കുന്ന സമയത്ത് ഈ സ്വത്തിന്റെ ട്രാന്‍സാക്ഷന്‍ ഡീറ്റെയില്‍സ് കൂടി പരിഗണിച്ചേക്കാം. അതായത് ഒരിക്കല്‍ നിങ്ങള്‍ നിങ്ങളുടെ ഭാര്യയുടെ പേരില്‍ സ്വത്തുക്കള്‍ വാങ്ങിയാല്‍ അത് തിരിച്ചു പിടിക്കുക എന്നത് ബുദ്ധിമുട്ടുള്ളതാണ്.നിയമപ്രകാരം ഭാര്യയുടെ പേരില്‍ വസ്തുക്കള്‍ വാങ്ങുമ്പോള്‍ അത് ഭാര്യയ്ക്ക് നല്‍കിയ സമ്മാനമായോ അവരുടെ സുരക്ഷിതത്വത്തിന് വേണ്ടിയാണെന്നോ ആണ് പ്രാഥമികമായി കണക്കാക്കുക. അതിനാല്‍ സ്വത്തിന്റെ പൂര്‍ണ അവകാശം ഭാര്യയ്ക്കായിരിക്കും.

എന്നാല്‍ സ്വത്ത് ഭാര്യയ്ക്ക് സമ്മാനമായി നല്‍കിയതല്ലെന്നും മറിച്ച്‌ കുടുംബത്തിന്റെ ഭാവി ആവശ്യങ്ങള്‍ക്കോ ബിസിനസ് ആവശ്യങ്ങള്‍ക്കോ ആയി മാത്രം വാങ്ങിയതാണെന്ന് തെളിയിക്കാന്‍ കഴിഞ്ഞാല്‍ തിരിച്ചു പിടിക്കാന്‍ കഴിഞ്ഞേക്കാം.അതിനായി സിവില്‍ കോടതിയില്‍ ഹര്‍ജി നല്‍കാം. ഒരു വ്യക്തി തന്റെ റിയല്‍ എസ്റ്റേറ്റ് ബിസിനസിന്റെ ഭാഗമായി വസ്തു വാങ്ങുമ്പോള്‍ അതിന്റെ ആധാരത്തില്‍ ഭാര്യയുടെ പേര് കൂടി ഉള്‍പ്പെടുത്തിയാല്‍ അതിന്റെ അവകാശി ഭാര്യയാണെന്ന് പറയാനാവില്ലെന്ന് കേരള ഹൈക്കോടതിയുടെ മുന്‍ കാലങ്ങളില്‍ വിധി പുറപ്പെടുവിച്ചിട്ടുണ്ട്.