ഇന്ത്യയും ചൈനയും നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ഈ മാസം അവസാനത്തോടെ പുനരാരംഭിക്കും.

ന്യൂഡല്‍ഹി: ഇന്ത്യയും ചൈനയും തമ്മിലുള്ള നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ഈ മാസം അവസാനത്തോടെ പുനരാരംഭിക്കാന്‍ ധാരണ. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയമാണ് വിമാന സര്‍വീസ് പുനരാംരഭിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്.അഞ്ചു വര്‍ഷത്തോളമായി നിര്‍ത്തിവെച്ചിരുന്ന സര്‍വീസുകളാണ് ഇപ്പോള്‍ പുനഃസ്ഥാപിക്കുന്നത്. ഇരു രാജ്യങ്ങളിലെയും സിവില്‍ ഏവിയേഷന്‍ അധികൃതര്‍ തമ്മില്‍ നടന്ന തുടര്‍ച്ചയായ ചര്‍ച്ചകള്‍ക്കൊടുവിലാണ് ഈ സുപ്രധാന തീരുമാനം.ഷാങ്ഹായ് സഹകരണ ഉച്ചകോടിക്ക് ഇടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡന്‍റ് ഷി ജിന്‍പിങ്ങും തമ്മില്‍ നടന്ന കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള വലിയൊരു നീക്കമായാണ് ഇത് കണക്കാക്കപ്പെടുന്നത്. ഈ വര്‍ഷം ആദ്യം മുതല്‍ തന്നെ വ്യോമയാന ഉദ്യോഗസ്ഥര്‍ സാങ്കേതിക തലത്തില്‍ ഇതിനുള്ള ചര്‍ച്ചകള്‍ നടത്തിയിരുന്നു. നേരിട്ടുള്ള വിമാന ബന്ധം പുനഃസ്ഥാപിക്കുന്നതിലും പുതിയ എയര്‍ സര്‍വീസസ് കരാറിന് അന്തിമ രൂപം നല്‍കുന്നതിലുമാണ് ചര്‍ച്ചകള്‍ ശ്രദ്ധിച്ചത്.