മഴ :ഇന്ത്യ-ഓസ്‌ട്രേലിയ അഞ്ചാം ടി20 മത്സരം ഉപേക്ഷിച്ചു, പരമ്പര സ്വന്തമാക്കി ഇന്ത്യ

 മഴ :ഇന്ത്യ-ഓസ്‌ട്രേലിയ അഞ്ചാം ടി20 മത്സരം ഉപേക്ഷിച്ചു, പരമ്പര സ്വന്തമാക്കി ഇന്ത്യ

ബ്രിസ്ബേൻ: ഇന്ത്യ-ഓസ്‌ട്രേലിയ ടി20 പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരം മഴയെത്തുടർന്ന് ഉപേക്ഷിച്ചു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 4.5 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 52 റൺസ് എടുത്തുനിൽക്കെയാണ് മഴ കളി മുടക്കിയത്. കനത്ത മഴ തുടർന്നതിനാൽ പിന്നീട് മത്സരം പുനരാരംഭിക്കാൻ കഴിയാതെ വന്നതോടെ ഫലമില്ലാതെ ഉപേക്ഷിക്കുകയായിരുന്നു.അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ മത്സരവും മഴമൂലം ഉപേക്ഷിച്ചിരുന്നു. ശേഷിച്ച നാല് മത്സരങ്ങളിൽ രണ്ടെണ്ണം ജയിച്ച ഇന്ത്യ 2-1 എന്ന നിലയിൽ പരമ്പര സ്വന്തമാക്കി. ഓസ്ട്രേലിയക്കെതിരെ ഇന്ത്യയുടെ തുടർച്ചയായ മൂന്നാം ടി20 പരമ്പര ജയമാണിത്. 2020-21 സീസണിന് ശേഷം ഓസ്ട്രേലിയൻ മണ്ണിൽ ഇന്ത്യ നേടുന്ന ആദ്യ ടി20 പരമ്പര വിജയം കൂടിയാണിത്. പരമ്പരയിലെ രണ്ടാമത്തെ മത്സരം ഓസ്‌ട്രേലിയ നേടിയപ്പോൾ, മൂന്നും നാലും മത്സരങ്ങൾ വിജയിച്ചാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്.അഞ്ചാം മത്സരത്തിൽ ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇന്ത്യൻ ഓപ്പണർമാർ വെടിക്കെട്ട് തുടക്കമാണ് നൽകിയത്. ശുഭ്മാൻ ഗിൽ (16 പന്തിൽ 29 റൺസ്), അഭിഷേക് ശർമ്മ (13 പന്തിൽ 23 റൺസ്) എന്നിവരായിരുന്നു ക്രീസിൽ. ബെൻ ഡ്വാർഷൂയിസ് എറിഞ്ഞ ആദ്യ ഓവറിൽ തന്നെ ഇന്ത്യ 11 റൺസ് നേടി. ഓപ്പണർ അഭിഷേക് ശർമ്മ നൽകിയ അനായാസ ക്യാച്ച് ലോങ് ഓണിൽ ഗ്ലെൻ മാക്സ്‌വെൽ കൈവിട്ടത് ഓസ്‌ട്രേലിയക്ക് തിരിച്ചടിയായി. പിന്നീട് അഭിഷേക് ശർമ്മ താളം കണ്ടെത്താൻ പാടുപെട്ടപ്പോൾ ശുഭ്മാൻ ഗിൽ ആക്രമണം ഏറ്റെടുത്തു.നാലാം ഓവറിൽ നഥാൻ എല്ലിസ് എറിഞ്ഞ പന്തിൽ വീണ്ടും അഭിഷേക് നൽകിയ ക്യാച്ച് ഡ്വാർഷൂയിസ് നഷ്ടപ്പെടുത്തി. പിന്നാലെ സിക്സർ പറത്തിയ അഭിഷേക്, ടി20 ക്രിക്കറ്റിൽ ഏറ്റവും കുറഞ്ഞ പന്തുകളിൽ 1000 റൺസ് തികയ്ക്കുന്ന ബാറ്റർ എന്ന ലോക റെക്കോർഡ് സ്വന്തമാക്കി. സേവിയർ ബാർട്ലെറ്റ് എറിഞ്ഞ അഞ്ചാം ഓവറിലെ അഞ്ചാം പന്തിലാണ് മഴയെത്തിയത്.