അഫ്‌ഗാനെ തകര്‍ത്ത് ഇന്ത്യ അണ്ടര്‍-19 ലോകകപ്പ് ഫൈനലില്‍

അഫ്‌ഗാനെ തകര്‍ത്ത് ഇന്ത്യ അണ്ടര്‍-19 ലോകകപ്പ് ഫൈനലില്‍

ഹരാരെ: അണ്ടർ 19 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന റൺ ചേസ് എന്ന റെക്കോർഡ് കുറിച്ചുകൊണ്ട് ഇന്ത്യ ഫൈനലിൽ പ്രവേശിച്ചു. ഹരാരെ സ്പോർട്സ് ക്ലബ്ബിൽ നടന്ന ആവേശകരമായ രണ്ടാം സെമി ഫൈനലിൽ അഫ്ഗാനിസ്ഥാൻ ഉയർത്തിയ 311 റൺസ് എന്ന കൂറ്റൻ ലക്ഷ്യം കേവലം 41.1 ഓവറിൽ ഏഴ് വിക്കറ്റ് ബാക്കിനിൽക്കെ ഇന്ത്യ മറികടന്നു.മലയാളി ഓപ്പണർ ആരോൺ ജോർജിന്‍റെ (115) തകർപ്പൻ സെഞ്ചുറിയും വൈഭവ് സൂര്യവംശിയുടെ (68) സ്ഫോടനാത്മക ബാറ്റിംഗുമാണ് ഇന്ത്യയ്ക്ക് അനായാസ വിജയം സമ്മാനിച്ചത്.

ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ നിശ്ചിത 50 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 310 റൺസെന്ന കരുത്തുറ്റ സ്കോറാണ് പടുത്തുയർത്തിയത്. ഫൈസൽ ഷിനോസാദ (110), ഉസൈറുള്ള നിയാസി (പുറത്താകാതെ 101) എന്നിവരുടെ സെഞ്ചുറികൾ അഫ്ഗാൻ നിരയിൽ കരുത്തായി. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 148 റൺസിന്‍റെ കൂട്ടുകെട്ടുയർത്തി. 93 പന്തുകളിൽനിന്ന് 15 ഫോറുകൾ ഉൾപ്പെടുന്നതാണ് ഷിനോസാദയുടെ ഇന്നിങ്‌സെങ്കിൽ, 86 പന്തിൽ 12 ഫോറും രണ്ട് സിക്‌സും ചേർന്നതാണ് ഉസൈറുള്ളയുടെ ഇന്നിങ്‌സ്. ഇന്ത്യൻ നിരയിൽ ദീപേഷ് ദേവേന്ദ്രനും കനിഷ്‌ക് ചൗഹാനും 2 വിക്കറ്റുകൾ വീതം വീഴ്ത്തി.എന്നാൽ ഇന്ത്യയുടെ മറുപടി അതിവേഗത്തിലായിരുന്നു. ഓപ്പണർ വൈഭവ് സൂര്യവംശി വെറും 33 പന്തിൽ നിന്ന് 9 ഫോറും 4 സിക്സറുമടക്കം 68 റൺസ് വാരിക്കൂട്ടി ഇന്ത്യയ്ക്ക് സ്വപ്നതുല്യമായ തുടക്കം നൽകി. വെറും പത്തോവറിൽ തന്നെ ഇന്ത്യ 90 റൺസ് പിന്നിട്ടിരുന്നു.

മറുഭാഗത്ത് നങ്കൂരമിട്ടു കളിച്ച ആരോൺ ജോർജ് പക്വതയാർന്ന ഇന്നിംഗ്സിലൂടെ ഇന്ത്യയെ മുന്നോട്ട് നയിച്ചു. 104 പന്തിൽ 15 ഫോറും 2 സിക്സും സഹിതമാണ് ആരോൺ 115 റൺസ് നേടിയത്. ഇടവേളയ്ക്ക് ശേഷം ഫോമിലേക്ക് തിരിച്ചെത്തിയ ആരോൺ മത്സരത്തിലെ താരമായിl തെരഞ്ഞെടുക്കപ്പെട്ടു.

ക്യാപ്റ്റൻ ആയുഷ് മ്ഹാത്രെയും (62) അർധ സെഞ്ചുറിയുമായി തിളങ്ങിയതോടെ ഇന്ത്യയുടെ വിജയം ഉറപ്പിക്കുകയായിരുന്നു. വിജയത്തിന് 11 റൺസ് മാത്രം അകലെ വെച്ച് ആരോൺ പുറത്തായെങ്കിലും വിഹാൻ മൽഹോത്ര (38*), വേദാന്ത് ത്രിവേദി (5*) എന്നിവർ ചേർന്ന് 53 പന്തുകൾ ബാക്കിനിൽക്കെ ടീമിനെ ലക്ഷ്യത്തിലെത്തിച്ചു.തുടർച്ചയായ ആറാം തവണയാണ് ഇന്ത്യ അണ്ടർ 19 ലോകകപ്പിന്‍റെ ഫൈനലിൽ പ്രവേശിക്കുന്നത്. വരാനിരിക്കുന്ന കലാശപ്പോരാട്ടത്തിൽ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികൾ. മലയാളി താരം ആരോണ്‍ ഏറ്റവും നിർണായകമായ സെമി ഫൈനലിൽ തന്നെ സെഞ്ചുറി നേടി ഫോമിലേക്ക് തിരിച്ചെത്തിയത് ഫൈനലിൽ ഇന്ത്യയ്ക്ക് വലിയ ആത്മവിശ്വാസം നൽകുന്നുണ്ട്.