ശ്രീലങ്കയ്‌ക്ക് കൈത്താങ്ങായി ഇന്ത്യ , അവശ്യ സാധനങ്ങള്‍ കൈമാറി

കൊളംബോ: 'ഡിറ്റ് വാ' ചുഴലിക്കാറ്റില്‍ ദുരിതം അനുഭവിക്കുന്നവർക്കായുള്ള അടിയന്തര ദുരിതാശ്വാസ സാമഗ്രികളുമായി പോയ ഇന്ത്യന്‍ വിമാനം ശ്രീലങ്കയിലെത്തി. ഇന്ത്യൻ വ്യോമസേനയുടെ സി 130 വിമാനം ഇന്ന് (നവംബര്‍ 29) പുലർച്ചെ 1.30 ഓടെയാണ് എത്തിയത്. അവശ്യ ഭക്ഷ്യവസ്‌തുക്കളും സാനിറ്ററി സാമഗ്രികളും വഹിച്ചുകൊണ്ടുള്ള വിമാനം കൊളംബോയിലെ ബന്ദാരനായകെ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ലാന്‍ഡ് ചെയ്‌തത്. ഇന്ത്യൻ ഹൈക്കമ്മിഷൻ ഉദ്യോഗസ്ഥരും ശ്രീലങ്കൻ വ്യോമസേന ഉദ്യോഗസ്ഥരും അവരെ സ്വീകരിച്ചു.

ശ്രീലങ്കയുടെ പ്രതിസന്ധി ഘട്ടത്തിൽ സഹായിക്കുന്നതിനായി ഇന്ത്യ വെള്ളിയാഴ്‌ച ‘ഓപ്പറേഷൻ സാഗർ ബന്ധു’ ആരംഭിച്ചു. ഇന്ത്യൻ നാവികസേനയുടെ വിമാന വാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്തും ഫ്രണ്ട്‌ലൈൻ കപ്പലായ ഐഎൻഎസ് ഉദൈഗിരിയും ഓപ്പറേഷൻ്റെ ഭാഗമായി. ദ്വീപ് രാഷ്ട്രത്തിലേക്ക് ദുരിതാശ്വാസ സാമഗ്രികൾ എത്തിച്ചതിന് ശേഷം ദുരിതാശ്വാസ സാമഗ്രികളുടെ ആദ്യ ഭാഗം കൈമാറിയതായി ഉദ്യേഗസ്ഥര്‍ അറിയിച്ചു.

കെലാനി, അത്തണഗലു നദികളിലെ ജലനിരപ്പ് ഉയർന്നതിനെത്തുടർന്നാണ് വെള്ളിയാഴ്‌ച രാത്രി മുതൽ പശ്ചിമ പ്രവിശ്യയിൽ ദുരന്ത സാഹചര്യമുണ്ടായത്. ശ്രീലങ്കയിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ് ഡിറ്റ് വാ ചുഴലിക്കാറ്റ്. വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമാണ് ദുരന്തത്തിന് കാരണമായത്. ഇത് അടിസ്ഥാന സൗകര്യങ്ങൾക്ക് വലിയ നാശനഷ്‌ടങ്ങൾ വരുത്തിവച്ചു.ഇന്ന് രാവിലെ 6 മണി വരെ 100 പേർ മരിച്ചതായി ദുരന്ത നിവാരണ കേന്ദ്രം (ഡിഎംസി) സ്ഥിരീകരിച്ചു. കുറഞ്ഞത് 34 പേരെ കാണാതായിട്ടുണ്ട്. 61,000 കുടുംബങ്ങളിൽ നിന്നുള്ള 200,000ലധികം ആളുകളെ ദുരന്തം ബാധിച്ചതായും റിപ്പോർട്ടുണ്ട്.ഇന്നലെ പുലർച്ചെ മുതൽ ദ്വീപിലെ ഏകദേശം 35 ശതമാനം പ്രദേശങ്ങളിലും വൈദ്യുതി വിതരണം നിലച്ചു. സിലോൺ വൈദ്യുതി ബോർഡിൻ്റെ 7 ദശലക്ഷം ഉപഭോക്താക്കളെ ഇത് ബാധിച്ചു. തുടർച്ചയായ മഴയും വെള്ളപ്പൊക്കവും പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് തടസം സൃഷ്‌ടിച്ചു.

കാണ്ടി ജില്ലയിൽ മാത്രം വെള്ളിയാഴ്‌ച രാത്രിയോടെ മരണസംഖ്യ 50ൽ കൂടുതലായിരിക്കുമെന്ന് ദുരിതാശ്വാസ പ്രവര്‍ത്തകര്‍ പറഞ്ഞു. കാണ്ടി ജില്ലയിലെ മരണ സംഖ്യ ഔദ്യോഗികമായി സ്ഥിരീകരിക്കാത്തതിനാൽ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ബദുള്ളയാണ് മണ്ണിടിച്ചിലിൽ വ്യപകമായി നാശനഷ്‌ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌ത മറ്റൊരു ജില്ല. ഇവിടെ നിരവധി പേരെ കാണാതാവുകയും 35-ലധികം പേർ മരിക്കുകയും ചെയ്‌തു.

ഡിറ്റ് വാ ചുഴലിക്കാറ്റിനെ തുടര്‍ന്ന് പ്രധാന ജലസംഭരണികളില്‍ ചോർച്ചയുണ്ടായതാണ് ദുരന്തങ്ങള്‍ക്ക് ആക്കം കൂട്ടിയത്. അതുകൊണ്ട് ജലാശയങ്ങള്‍ക്ക് സമീപം താമസിക്കുന്ന ജനങ്ങൾ ഒഴിഞ്ഞ് പോകണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. വരും ദിവസങ്ങളിലും 200 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

https://www.worldm.news/global/more-than-50-killed-in-deadly--12485