ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം യൂത്ത് ഏകദിനത്തിലും വിജയശ്രീലാളിതരായി ഇന്ത്യ

ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം യൂത്ത് ഏകദിനത്തിലും വിജയശ്രീലാളിതരായി ഇന്ത്യ

ഹൈദരാബാദ്: ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം യൂത്ത് ഏകദിനത്തിലും ഇന്ത്യയ്ക്ക് മിന്നും ജയം. ഡിഎൽഎസ് നിയമപ്രകാരം ഇന്ത്യയുടെ വിജയലക്ഷ്യം 27 ഓവറിൽ 174 റൺസായി വെട്ടിച്ചുരുക്കിയ മത്സരത്തില്‍ 21 പന്തുകൾ ബാക്കിനിൽക്കെ രണ്ടു വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ വിജയത്തിലെത്തിയത്. ഇതോടെ മൂന്നു മത്സരങ്ങളുള്ള പരമ്പര ഇന്ത്യ 2–0ന് സ്വന്തമാക്കി. ആദ്യ മത്സരം ഇന്ത്യ ഡക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം 25 റണ്‍സിന് ജയിച്ചിരുന്നു. ടീമിന്‍റെ ക്യാപ്റ്റൻ കൂടിയായ വൈഭവ് 24 പന്തില്‍ 68 റണ്‍സെടുത്തു. പത്ത് സിക്‌സറും ഒരു ഫോറും അടക്കമായിരുന്നു ഇന്നിങ്‌സ്.

ആയുഷ് മാത്രെയുടെ അഭാവത്തിൽ ഇന്ത്യ U19 ടീമിനെ വൈഭവാണ് നയിച്ചത്. മത്സരത്തില്‍ വെറും 15 പന്തിൽ നിന്നാണ് താരം അർധസെഞ്ച്വറി നേടിയത്. ദക്ഷിണാഫ്രിക്കയുടെ ബൗളിംഗ് ആക്രമണത്തെ വൈഭവ് കാറ്റിൽ പറത്തുകയായിരുന്നു. ഒരു യൂത്ത് ഏകദിനത്തിലെ ഏറ്റവും വേഗതയേറിയ അർധസെഞ്ച്വറിയാണ് താരം സ്വന്തമാക്കിയത്. ഈ ഇന്നിംഗ്സിലൂടെ, യൂത്ത് ഏകദിനത്തിലെ ഏറ്റവും വേഗതയേറിയ അർധസെഞ്ച്വറി എന്ന ഋഷഭ് പന്തിന്‍റെ റെക്കോർഡ് സൂര്യവംശി തകർത്തു. നേരത്തെ, 2016 ലെ U19 ലോകകപ്പിൽ നേപ്പാളിനെതിരെ ധാക്കയിൽ നടന്ന മത്സരത്തിൽ വെറും 18 പന്തിൽ നിന്ന് റിഷഭ് അർധസെഞ്ച്വറി നേടിയിരുന്നു.അതേസമയം മത്സരത്തില്‍ വേദാന്ത് ത്രിവേദി (31), അഭിഗ്യാൻ കുണ്ടു (48), മലയാളി ഓപ്പണർ ആരൺ ജോർജ്(20) എന്നിവർ തകർത്തുകളിച്ചാണു ടീമിന്‍റെ വിജയമുറപ്പിച്ചത്. ഇന്ത്യയ്ക്കായി കിഷൻ സിങ് നാലും ആർ.എസ്. അംബരീഷ് രണ്ടും വിക്കറ്റുകൾ വീഴ്ത്തി. മലയാളി താരം മുഹമ്മദ് ഇനാൻ ഏഴോവറുകളിൽ 47 റൺസ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും ലഭിച്ചില്ല.

ഇന്ത്യയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കും U19 ലോകകപ്പിന് തയ്യാറെടുക്കാനുള്ള ഒരു അവസരമാണ് ഇപ്പോൾ നടക്കുന്ന പരമ്പര നൽകുന്നത്. ജനുവരി 15 ന് ടൂര്‍ണമെന്‍റ് ആരംഭിക്കും. യുഎസ്എ, ബംഗ്ലാദേശ്, ന്യൂസിലൻഡ് എന്നിവയ്‌ക്കൊപ്പം ഇന്ത്യ ഗ്രൂപ്പ് ബിയിലാണ്. ജനുവരി 15 ന് ബുലവായോയിലെ ക്വീൻസ് സ്‌പോർട്‌സ് ക്ലബ്ബിൽ യുഎസ്എയ്‌ക്കെതിരെയാണ് ഇന്ത്യയുടെ പോരാട്ടം ആരംഭിക്കുന്നത്.

കഴിഞ്ഞ വർഷം, വോർസെസ്റ്ററിൽ ഇംഗ്ലണ്ടിനെതിരെ വെറും 52 പന്തിൽ മൂന്നക്ക സെഞ്ച്വറി നേടിയ സൂര്യവംശി യുവതലത്തിലെ ഏറ്റവും വേഗതയേറിയ സെഞ്ച്വറി നേടിയിരുന്നു. ഇന്ത്യയുടെ U19 ടീമിലെ പ്രകടനമാണ് സൂര്യവംശിയെ ഇന്ത്യ എ ടീമിലേക്കെത്തിച്ചത്.