ഇന്ത്യ-ഇയു ഉച്ചകോടി: സ്വതന്ത്ര വ്യാപാര കരാറിൽ ഇന്ത്യ ഒപ്പിടും, ഇന്ത്യയ്ക്ക് നേട്ടം

ന്യൂഡൽഹി: ഇന്ത്യയും യൂറോപ്യൻ യൂണിയനും (ഇയു) തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ (എഫ്‌ടിഎ) ചർച്ചകൾ 18 വർഷത്തെ കാത്തിരിപ്പിനൊടുവിൽ വിജയകരമായി പൂർത്തിയായി. ഇരു സമ്പദ്‌വ്യവസ്ഥകളിലെയും വാണിജ്യം വർധിപ്പിക്കാനും സാമ്പത്തിക ബന്ധം ശക്തമാക്കാനും ഉതകുന്ന കരാറിൻ്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന്  നടക്കുന്ന ഇന്ത്യ-ഇയു ഉച്ചകോടിയിൽ ഉണ്ടാകും.വാണിജ്യ സെക്രട്ടറി രാജേഷ് അഗർവാൾ ആണ് ചർച്ചകൾ പൂർത്തിയായ വിവരം അറിയിച്ചത്. കരാറിൻ്റെ അന്തിമരൂപം തയാറായിക്കഴിഞ്ഞു. ഇനി നിയമപരമായ പരിശോധനകൾ (Legal scrubbing) മാത്രമാണ് അവശേഷിക്കുന്നത്. അഞ്ചു മുതൽ ആറു മാസം വരെ നീളുന്ന ഈ നടപടികൾ പൂർത്തിയാക്കി ഈ വർഷം തന്നെ കരാറിൽ ഒപ്പുവയ്ക്കും. അടുത്ത വർഷം (2027) ആദ്യത്തോടെ കരാർ പ്രാബല്യത്തിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയിൽ കേന്ദ്ര മന്ത്രിസഭയുടെ അനുമതി മാത്രം മതിയാകുമെങ്കിലും യൂറോപ്യൻ പാർലമെൻ്റെ അംഗീകാരം കൂടി ലഭിച്ച ശേഷമാകും കരാർ നടപ്പാക്കുക.

ഉച്ചകോടിയും കൂടിക്കാഴ്ചകളും

ഇന്ന്  നടക്കുന്ന 16-ാമത് ഇന്ത്യ-ഇയു ഉച്ചകോടിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ആതിഥേയത്വം വഹിക്കും. യൂറോപ്യൻ കൗൺസിൽ പ്രസിഡൻ്റ് അൻ്റോണിയോ കോസ്റ്റ, യൂറോപ്യൻ കമ്മീഷൻ പ്രസിഡൻ്റ് ഉർസുല വോൺ ഡെർ ലെയ്‌ൻ എന്നിവർ ഇയുവിനെ പ്രതിനിധീകരിക്കും. ജനുവരി 27ന് ഇവർ പ്രധാനമന്ത്രിയുമായി ചർച്ച നടത്തും. കൂടാതെ, 77-ാം റിപ്പബ്ലിക് ദിന ആഘോഷങ്ങളുടെ ഭാഗമായി ഇയു കമ്മീഷൻ വൈസ് പ്രസിഡൻ്റ് കാജ കല്ലാസ് ഡൽഹിയിലെത്തിയിട്ടുണ്ട്. സമൃദ്ധി-സുസ്ഥിരത, സാങ്കേതികവിദ്യ-നവീകരണം, സുരക്ഷ-പ്രതിരോധം, കണക്റ്റിവിറ്റി എന്നിങ്ങനെ നാല് മേഖലകളിലെ സഹകരണം വർധിപ്പിക്കാനുള്ള തന്ത്രപ്രധാന അജണ്ടയ്ക്ക് നേതാക്കൾ അംഗീകാരം നൽകും. 2025 ഒക്ടോബറിൽ ഇയു കൗൺസിൽ ഈ പുതിയ അജണ്ടയ്ക്ക് അംഗീകാരം നൽകിയിരുന്നു.2007ൽ ആരംഭിച്ച് 2022ൽ പുനഃരാരംഭിച്ച ചർച്ചകളാണ് ഇപ്പോൾ ഫലപ്രാപ്തിയിലെത്തിയത്. രാജ്യം ഇതുവരെ ഒപ്പുവച്ചതിൽ വച്ച് ഏറ്റവും വലിയ കരാർ എന്നാണ് വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ ഇതിനെ വിശേഷിപ്പിച്ചത്. 'കരാറുകളുടെ മാതാവ്' (Mother of all deals) എന്ന് ഇയു ട്രേഡ് കമ്മിഷണർ മാർക്കോസ് സെഫ്‌കോവിച്ചും അഭിപ്രായപ്പെട്ടു. ചരക്കുകൾ, സേവനങ്ങൾ, നിക്ഷേപം എന്നിവയുൾപ്പെടെ 24 അധ്യായങ്ങൾ കരാറിലുണ്ട്. നിക്ഷേപ സംരക്ഷണം, ഭൂപ്രദേശ സൂചകങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട കരാറുകളിലും ഇരുപക്ഷവും ധാരണയിലെത്തിയിട്ടുണ്ട്. ടെലികമ്മ്യൂണിക്കേഷൻ, ഗതാഗതം, അക്കൗണ്ടിങ്, ഓഡിറ്റിങ് തുടങ്ങിയ സേവന മേഖലകളിലെ നിയമങ്ങളും ഉദാരമാക്കും.

കരാർ പ്രകാരം 90 ശതമാനത്തിലധികം ഉത്പന്നങ്ങളുടെയും ഇറക്കുമതി തീരുവ കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യും. ടെക്‌സ്‌റ്റൈൽസ്, കെമിക്കൽസ്, രത്‌നങ്ങൾ, ആഭരണങ്ങൾ, ഇലക്ട്രിക്കൽ മെഷിനറി, ലെതർ, പാദരക്ഷകൾ തുടങ്ങിയ തൊഴിൽ സാന്ദ്രതയുള്ള മേഖലകൾക്ക് തീരുവയില്ലാതെ വിപണി പ്രവേശനം ലഭിക്കാൻ കരാർ സഹായിക്കും. നിലവിൽ ഇന്ത്യൻ ഉത്പന്നങ്ങൾക്ക് ഇയു ഏകദേശം 3.8 ശതമാനം നികുതിയാണ് ചുമത്തുന്നത്. എന്നാൽ തൊഴിൽ സാന്ദ്രതയുള്ള മേഖലകൾക്ക് 10 ശതമാനത്തോളം ഇറക്കുമതി തീരുവയുണ്ട്. ഇത് ഒഴിവാകുന്നത് കയറ്റുമതിക്കാർക്ക് വലിയ ആശ്വാസമാകും.

യൂറോപ്യൻ ഉത്പന്നങ്ങൾക്ക് ഇളവ്

ഇന്ത്യയിൽ യൂറോപ്യൻ ഉത്പന്നങ്ങൾക്ക് ശരാശരി 9.3 ശതമാനമാണ് നികുതി. വാഹനങ്ങൾക്കും പാർട്സുകൾക്കും 35.5 ശതമാനം, പ്ലാസ്റ്റിക് 10.4 ശതമാനം, കെമിക്കൽസ്, ഫാർമസ്യൂട്ടിക്കൽസ് എന്നിവയ്ക്ക് 9.9 ശതമാനം എന്നിങ്ങനെയാണ് നിരക്കുകൾ. ചില മേഖലകളിൽ 150 ശതമാനം വരെയുള്ള നികുതി കുറയുന്നത് യൂറോപ്യൻ കമ്പനികൾക്ക് ഇന്ത്യൻ വിപണി തുറന്നുകിട്ടാൻ സഹായിക്കും. 6000ത്തോളം യൂറോപ്യൻ കമ്പനികൾ നിലവിൽ ഇന്ത്യയിലുണ്ട്. വിദേശ നിക്ഷേപങ്ങൾക്കായി വിപണി തുറന്നുകൊടുക്കാൻ ഇന്ത്യയും സന്നദ്ധത അറിയിച്ചിട്ടുണ്ട്.

200 കോടിയോളം ജനങ്ങളെ ഉൾക്കൊള്ളുന്ന സ്വതന്ത്ര വ്യാപാര മേഖലയാണ് ഇതിലൂടെ സൃഷ്ടിക്കപ്പെടുക. ഇന്ത്യയുടെ ഏറ്റവും വലിയ ചരക്ക് വ്യാപാര പങ്കാളിയാണ് ഇയു. 2024-25ൽ ഇരുപക്ഷവും തമ്മിലുള്ള ചരക്ക് വ്യാപാരം 136.53 ബില്യൺ ഡോളറായിരുന്നു. ഇതിൽ ഇന്ത്യയ്ക്ക് 15.17 ബില്യൺ ഡോളറിൻ്റെ വ്യാപാര മിച്ചമുണ്ട്. 20 ട്രില്യൺ ഡോളർ ജിഡിപിയും 45 കോടിയിലധികം ജനസംഖ്യയുമുള്ള ഇയു ആഗോള വ്യാപാരത്തിലെ വമ്പൻ ശക്തിയാണ്.

തന്ത്രപരമായ പങ്കാളിത്തം

ആഗോള വ്യാപാരത്തിൽ അമേരിക്കൻ നയങ്ങളും ചൈനീസ് സ്വാധീനവും സൃഷ്ടിക്കുന്ന വെല്ലുവിളികൾ നേരിടാൻ ഈ കരാർ സഹായിക്കും. കയറ്റുമതി വൈവിധ്യവൽക്കരിക്കാനും ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കാനും ഇത് വഴിയൊരുക്കും. 2014 മുതൽ എൻഡിഎ സർക്കാർ ഓസ്‌ട്രേലിയ, യുകെ, ഒമാൻ, ന്യൂസിലൻഡ്, യുഎഇ, ഇഎഫ്‌ടിഎ ബ്ലോക്ക്, മൗറീഷ്യസ് തുടങ്ങി ഏഴ് വ്യാപാര കരാറുകൾ പൂർത്തിയാക്കിയിട്ടുണ്ട്. വ്യാപാരത്തിന് പുറമെ സുരക്ഷ, പ്രതിരോധം എന്നീ മേഖലകളിലും ബന്ധം ശക്തമാക്കും. സമുദ്ര സുരക്ഷ, സൈബർ സുരക്ഷ, ഭീകരവാദ വിരുദ്ധ പ്രവർത്തനങ്ങൾ എന്നിവയിൽ സഹകരിക്കാൻ 'ഇയു-ഇന്ത്യാ സെക്യൂരിറ്റി ആൻഡ് ഡിഫൻസ് പാർട്ണർഷിപ്പ്' ഒപ്പുവയ്ക്കും.