പശ്ചിമേഷ്യൻ പ്രതിസന്ധിയിൽ അമേരിക്കയുമായും ഗൾഫ് രാജ്യങ്ങളുമായും ചർച്ച നടത്തി ഇന്ത്യ

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷവും ആഗോള സമ്പദ്‌വ്യവസ്ഥയിലുണ്ടാകുന്ന പ്രത്യാഘാതങ്ങളും ഇന്ത്യയും അമേരിക്കയും വിലയിരുത്തി. വിദേശകാര്യ മന്ത്രി എസ് ജയശങ്കറും അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമാണ് ഫോണിൽ സംസാരിച്ചത്. ഊർജ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങൾക്കാണ് ഇരുവരും പ്രാധാന്യം നൽകിയത്.പശ്ചിമേഷ്യൻ പ്രതിസന്ധിയെക്കുറിച്ച് റൂബിയോയുമായി ചർച്ച നടത്തിയതായി എസ് ജയശങ്കർ എക്‌സിൽ കുറിച്ചു. ഊർജ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ചയായെന്നും തുടർന്നും ആശയവിനിമയം നടത്താൻ തീരുമാനിച്ചതായും അദ്ദേഹം വ്യക്തമാക്കി.പരസ്പര താത്പര്യമുള്ള വിഷയങ്ങളിൽ ഒരുമിച്ച് പ്രവർത്തിക്കേണ്ടതിൻ്റെ പ്രാധാന്യം യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റും അംഗീകരിച്ചു. പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങൾ ഇരുവരും വിലയിരുത്തിയതായി പ്രിൻസിപ്പൽ ഡെപ്യൂട്ടി വക്താവ് ടോമി പീഗോട്ട് അറിയിച്ചു. ലക്ഷ്യങ്ങൾ കൈവരിക്കാൻ ഒരുമിച്ച് പ്രവർത്തിക്കുമെന്ന് ഇരുവരും സമ്മതിച്ചതായും അദ്ദേഹം പറഞ്ഞു.അംബാസഡർമാരുമായി കൂടിക്കാഴ്ച
ഗൾഫ് സഹകരണ കൗൺസിലിലെ (ജിസിസി) അംഗരാജ്യങ്ങളുടെ അംബാസഡർമാരുമായി എസ് ജയശങ്കർ കൂടിക്കാഴ്ച നടത്തി. പശ്ചിമേഷ്യൻ സംഘർഷമായിരുന്നു പ്രധാന ചർച്ച. സൗദി അറേബ്യ, യുഎഇ, ഒമാൻ, ഖത്തർ, ബഹ്‌റൈൻ, കുവൈറ്റ് എന്നീ ആറ് രാജ്യങ്ങളുടെ പ്രതിനിധികളാണ് പങ്കെടുത്തത്.സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഊർജ സുരക്ഷയുമായി ബന്ധപ്പെട്ട ഇന്ത്യയുടെ ആശങ്കകൾ യോഗത്തിൽ ചർച്ചയായി. പശ്ചിമേഷ്യൻ പ്രതിസന്ധിയെക്കുറിച്ചുള്ള നിലപാട് പങ്കുവച്ചതായും മേഖലയിലെ ഇന്ത്യൻ സമൂഹത്തിന് നൽകുന്ന പിന്തുണയ്ക്ക് നന്ദി അറിയിച്ചതായും വിദേശകാര്യ മന്ത്രി വ്യക്തമാക്കി.
ലോകത്തെ മൊത്തം എണ്ണയുടെയും എൽഎൻജിയുടെയും 20 ശതമാനം കടന്നുപോകുന്നത് ഹോർമുസ് കടലിടുക്കിലൂടെയാണ്. ഇത് ഇറാൻ തടഞ്ഞതോടെ ആഗോള തലത്തിൽ വാതക വില കുതിച്ചുയർന്നിരുന്നു. ഇന്ത്യയുടെ ഊർജ ആവശ്യങ്ങളുടെ പ്രധാന സ്രോതസ്സാണ് പശ്ചിമേഷ്യ. പേർഷ്യൻ ഗൾഫിനെയും ഒമാൻ ഉൾക്കടലിനെയും ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനമായ പാതയാണ് ഹോർമുസ് കടലിടുക്ക്. ഹോർമുസ് കടലിടുക്ക് തുറക്കാൻ ഇറാനിന് നൽകിയിരുന്ന സമയപരിധി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് അഞ്ച് ദിവസത്തേക്ക് കൂടി നീട്ടി. ഇറാൻ്റെ ഊർജ കേന്ദ്രങ്ങൾക്ക് നേരെയുള്ള അമേരിക്കയുടെ സൈനിക ആക്രമണങ്ങളും താത്കാലികമായി നിർത്തിവച്ചു. ഇതിനു പിന്നാലെയാണ് വിദേശകാര്യ മന്ത്രിമാരുടെ ഫോൺ സംഭാഷണം.ഈ ദിവസങ്ങളിൽ ഇറാൻ്റെ ഊർജ കേന്ദ്രങ്ങളിൽ ആക്രമണം നടത്തില്ലെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. പശ്ചിമേഷ്യൻ സംഘർഷം പരിഹരിക്കുന്നതിന് അമേരിക്കയും ഇറാനും തമ്മിൽ ഫലപ്രദമായ ചർച്ചകൾ നടന്നുവെന്നും ട്രംപ് അറിയിച്ചു. എന്നാൽ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ശ്രീലങ്ക, ജർമനി വിദേശകാര്യ മന്ത്രിമാരുമായും ചർച്ച
ശ്രീലങ്കൻ വിദേശകാര്യ മന്ത്രി വിജിത ഹെറത്തുമായും ജയശങ്കർ ഫോണിൽ സംസാരിച്ചു. പശ്ചിമേഷ്യൻ സംഘർഷത്തിൻ്റെ പ്രത്യാഘാതങ്ങൾ ഇരുവരും വിലയിരുത്തി. അയൽപക്കം ആദ്യം, വിഷൻ മഹാസാഗർ എന്നീ നയങ്ങളിൽ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ജർമൻ വിദേശകാര്യ മന്ത്രി ജോഹാൻ വാഡെഫുളുമായും പശ്ചിമേഷ്യൻ വിഷയം അദ്ദേഹം ഫോണിലൂടെ ചർച്ച ചെയ്തു.