"ആഗോള വിതരണ ശ്യംഖല സുരക്ഷിതമാക്കുന്നതിൽ ഇന്ത്യ നിർണായക പങ്കാളി" :ജേക്കബ് ഹെൽബർഗ്

വാഷിങ്ടൺ: നിർമിത ബുദ്ധി, സെമികണ്ടക്‌ടർ മേഖലകളിലെ ആഗോള വിതരണ ശ്യംഖല സുരക്ഷിതമാക്കുന്നതിൽ ഇന്ത്യ നിർണായക പങ്കാളിയെന്ന് അമേരിക്ക. സപ്ലൈ ചെയിൻ സുരക്ഷയുമായി ബന്ധപ്പെട്ട ശ്രമങ്ങളിൽ ഇന്ത്യയെ തന്ത്രപരമായ സാധ്യതയുള്ള പങ്കാളിയായാണ് കരുതുന്നതെന്നും ഇന്ത്യയുമായി ഇടപഴകാനുള്ള അവസരത്തെ സ്വാഗതം ചെയ്യുന്നതായും അമേരിക്കൻ അണ്ടർ സെക്രട്ടറി ജേക്കബ് ഹെൽബർഗ് പറഞ്ഞു.
വാഷിങ്ടണിൽ നടന്ന പാക്‌സ് സിലിക്ക ഉച്ചകോടിയിൽ ഇന്ത്യയുടെ അഭാവത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്കുള്ള മറുപടിയ്ക്കിടെയാണ് ജേക്കബ് ഹെൽബർഗിൻ്റെ പ്രസ്‌താവന. എന്നാൽ, പാക്‌സ് സിലിക്ക ഉച്ചകോടിയിലുള്ള ഇന്ത്യയുടെ പങ്കാളിത്തം രാഷ്ട്രീയ സംഘർഷങ്ങൾ തടഞ്ഞുവെന്ന സൂചനയും ഇതോടൊപ്പം അമേരിക്ക തള്ളി. എഐ ഉപഭോഗത്തിലും സെമികണ്ടക്‌ടർ വിതരണ ശൃംഖലകളിലും രാജ്യങ്ങളെ ഏകോപിപ്പിക്കുന്നതിനുള്ള സമ്മേളനമാണ് പാക്‌സ് സിലിക്ക ഉച്ചകോടി.
2026 ഫെബ്രുവരിയിൽ ന്യൂഡൽഹിയിൽ നടക്കുന്ന എഐ ഇംപാക്റ്റ് ഉച്ചകോടിയിൽ അമേരിക്ക പങ്കെടുക്കുമെന്നും യുഎസ് സാമ്പത്തിക കാര്യങ്ങളുടെ അണ്ടർ സെക്രട്ടറി ജേക്കബ് ഹെൽബർഗ് പറഞ്ഞു. സാമ്പത്തിക സുരക്ഷാ കാര്യങ്ങളിൽ ഇന്ത്യയുമായുള്ള ബന്ധം ശക്തമാക്കാൻ അമേരിക്ക ശ്രമിക്കുന്നതിനിടെയാണ് പ്രസ്‌താവന.2026 ഫെബ്രുവരി 19–20 തീയതികളിൽ ന്യൂഡൽഹിയിൽ വച്ച് സംഘടിപ്പിക്കുന്ന ഉച്ചകോടിയാണ് എഐ ഇംപാക്‌ട് ഉച്ചകോടി. 2025 സെപ്‌തംബറിൽ ഉച്ചകോടി സംഘടിപ്പിക്കുമെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്‌ണവ് വ്യക്തമാക്കിയിരുന്നു.
എഐ ഇംപാക്‌ട് ഉച്ചകോടി ഗ്ലോബൽ എഐയെ കൂടുതല്‍ വേദിയിലേക്ക് ഉയർത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അശ്വിനി വൈഷ്‌ണവ് പറഞ്ഞിരുന്നു. സുരക്ഷിതവും ധാർമ്മികവുമായ എഐ ഭരണ ചട്ടക്കൂടുകൾ രൂപപ്പെടുത്തുക, ഉൾക്കൊള്ളുന്ന വികസനത്തിനും സുസ്ഥിര പുരോഗതിക്കും എഐ ഉപയോഗിക്കുക എന്നതാണ് സമ്മേളനത്തിന്‍റെ പ്രാഥമിക ലക്ഷ്യം.