ഇന്ത്യ വിശ്വസ്‌തനായ പങ്കാളി:ഇന്ത്യയുമായുള്ള ബന്ധത്തിന് വളരെയധികം പ്രാധാന്യം നൽകുന്നുവെന്നും ഇസ്രയേൽ

ടെൽ അവീവ്: ഇന്ത്യ വിശ്വസ്‌തനായ പങ്കാളിയെന്ന് ഇസ്രയേൽ സാംസ്‌കാരിക, കായിക മന്ത്രി മിക്കി സോഹർ. ഇന്ത്യയുമായുള്ള ബന്ധത്തിന് തൻ്റെ രാജ്യം വളരെയധികം പ്രാധാന്യം നൽകുന്നുവെന്നും മിക്കി സോഹർ കൂട്ടിച്ചേർത്തു. ടെൽ അവീവിലെ ഇന്ത്യൻ എംബസിയിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷ പരിപാടിയിൽ പങ്കെടുക്കുന്നതിനിടെയാണ് മിക്കി സോഹറിൻ്റെ പരാമർശം.ഇസ്രയേലിനെ സംബന്ധിച്ചിടത്തോളം 2026 ലെ ജനുവരി 26 പ്രത്യേകത നിറഞ്ഞ ദിവസമാണ്. ഹമാസിൻ്റെ ബന്ദിയായിരുന്ന ഇസ്രയേൽ പൗരൻ റാൻ ഗ്വാലിയുടെ മൃതദേഹം വിട്ടുകിട്ടിയ ദിവസമാണെന്നും രാജ്യത്തിന് തെല്ലെങ്കിലും ആശ്വാസം നൽകിയെന്നും മിക്കി സോഹർ പറഞ്ഞു. ഇന്ത്യയുടെ റിപ്പബ്ലിക് ദിനത്തിലാണ് ഈ സംഭവമെന്നും ഇന്ത്യയുടെ സന്തോഷം ഇസ്രയേലിന് പ്രധാനമാണെന്നും മിക്കി സോഹർ കൂട്ടിച്ചേർത്തു."ഇന്ത്യ സ്വാതന്ത്ര്യത്തിൻ്റെയും പ്രതിരോധത്തിൻ്റെയും പാരമ്പര്യമുള്ള രാഷ്ട്രമാണ്. നിരവധി ഇസ്രയേൽ പൗരരെ ഈ പാരമ്പര്യം പ്രചോദിപ്പിക്കുന്നുണ്ട്. ഇസ്രയേൽ ജനതയ്ക്ക് ഇന്ത്യ വെറുമൊരു സുഹൃത്ത് മാത്രമല്ല, അതിലുപരിയുള്ള ബന്ധമുണ്ട്. ഇന്ത്യ ഞങ്ങൾക്ക് വിശ്വസിക്കാൻ കഴിയുന്ന തന്ത്രശീലമായ പങ്കാളിയാണ്," മിക്കി സോഹർ വ്യക്തമാക്കി.ഇന്ത്യയ്ക്കും ഇസ്രയേലിനും ഭാവിയെ കുറിച്ചുള്ള ദീർഘ വീക്ഷണവും ദർശനങ്ങളും സമാനമാണെന്നും ഇരു രാജ്യങ്ങൾ തമ്മിലുള്ള ബന്ധം വിശാലമായതാണെന്നും മിക്കി സോഹർ അഭിപ്രായപ്പെട്ടു.ടെൽ അവീവിലെ ഇന്ത്യൻ എംബസിയിൽ നടന്ന റിപ്പബ്ലിക് ദിന ആഘോഷ പരിപാടിയിൽ ഇസ്രയേലിലെ ഇന്ത്യൻ നയതന്ത്രഞ്ജൻ ജെ പി സിങ്, ഇന്ത്യൻ നയതന്ത്ര വിദഗ്‌ധർ, പ്രവാസികൾ എന്നിവർ പങ്കെടുത്തു.സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവെക്കുന്നതിനായി ഇസ്രായേൽ ടൂറിസം മന്ത്രി ഹൈം കാറ്റ്‌സ്, സാമ്പത്തിക, വ്യവസായ മന്ത്രി നിർ ബർക്കത്ത്, കൃഷി, ഭക്ഷ്യസുരക്ഷാ മന്ത്രി അവി ഡിക്റ്റർ, ധനകാര്യ മന്ത്രി ബെസലേൽ സ്മോട്രിച്ച് എന്നിവർ കഴിഞ്ഞ വർഷം ഇന്ത്യ സന്ദർശിച്ചിരുന്നു. മന്ത്രിമാരുടെ സന്ദർശന വേളയിൽ ഇരു രാജ്യങ്ങളും ഉഭയകക്ഷി നിക്ഷേപ ഉടമ്പടിയിൽ ഒപ്പു വച്ചിരുന്നു.
പലസ്‌തീനെയും ഇസ്രയേലിനേയും ബന്ധിപ്പിക്കുന്ന റഫ അതിർത്തി വീണ്ടും തുറക്കാമെന്ന് ഇസ്രയേൽ കഴിഞ്ഞ ദിവസം സമ്മതം അറിയിച്ചിരുന്നതായി റിപ്പോർട്ട്. അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ നേതൃത്വത്തിൽ നടപ്പിലാക്കിയ വെടിനിർത്തൽ കരാറിൻ്റെ അടിസ്ഥാനത്തിലാണ് സമ്മതം അറിയിച്ചിരിക്കുന്നത്. കാൽനട യാത്രക്കാർക്ക് മാത്രം നിലവിൽ റഫ അതിർത്തി തുറന്ന് നൽകാനാണ് ഇസ്രയേൽ അനുവാദം നൽകിയതെന്ന് വിവിധ വൃത്തങ്ങൾ അറിയിച്ചു.സംഘർഷത്തെ തുടർന്ന് രണ്ട് വർഷത്തിൽ ഏറെയായി റഫ അതിർത്തി അടഞ്ഞ് കിടക്കുകയായിരുന്നു. സംഘർഷത്തിൽ മുറിവേറ്റവർക്ക് അവശ്യമായ മെഡിക്കൽ ഉപകരണങ്ങൾ, ഭക്ഷണം, മറ്റ് സാധനങ്ങൾ, സഹായ സംഘടനകൾ എന്നിവയുൾപ്പെടെ ഗാസയിലേക്ക് എത്തിക്കണമെന്ന് മുൻപും ആവശ്യം ഉന്നയിച്ചിരുന്നു.