ഏകദിന പരമ്പരയിൽ ഇന്ത്യക്ക് ഉജ്ജ്വല തിരിച്ചുവരവ്: ഇംഗ്ലണ്ടിനെ ആറ് വിക്കറ്റിന് തകർത്തു

ഏകദിന പരമ്പരയിൽ  ഇന്ത്യക്ക് ഉജ്ജ്വല തിരിച്ചുവരവ്: ഇംഗ്ലണ്ടിനെ ആറ് വിക്കറ്റിന് തകർത്തു

ബെർമിംഗ്ഹാം: ടി20 പരമ്പരയിലെ 4-0 ന്റെ കനത്ത തോൽവിക്ക് പിന്നാലെ ഇംഗ്ലണ്ടിനെതിരെ ഏകദിന പരമ്പരയിൽ തകർപ്പൻ ജയത്തോടെ ഇന്ത്യക്ക് ഉജ്ജ്വല തിരിച്ചുവരവ്. എഡ്ജ്ബാസ്റ്റണിൽ നടന്ന ഒന്നാം ഏകദിനത്തിൽ ആറ് വിക്കറ്റിനാണ് ഇന്ത്യ ആതിഥേയരെ പരാജയപ്പെടുത്തിയത്. ഇതോടെ എഡ്ജ്ബാസ്റ്റൺ മൈതാനത്ത് ഏകദിന ക്രിക്കറ്റിൽ കഴിഞ്ഞ 12 വർഷമായി തോൽവിയറിയാതെ മുന്നേറിയ ഇംഗ്ലണ്ടിന്റെ അപ്രമാദിത്യത്തിനാണ് ഇന്ത്യൻ സംഘം അറുതി വരുത്തിയത്. ഈ മൈതാനത്ത് 2014 സെപ്റ്റംബറിന് ശേഷം ഇംഗ്ലണ്ട് നേരിടുന്ന ആദ്യ ഏകദിന പരാജയമാണിത്. അന്നും ഇന്ത്യയായിരുന്നു ഇംഗ്ലണ്ടിനെ വീഴ്ത്തിയത്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് മികച്ച തുടക്കത്തിന് ശേഷമാണ് തകർന്നടിഞ്ഞത്. വിക്കറ്റ് നഷ്ടമില്ലാതെ 61 റൺസ് എന്ന നിലയിൽ നിന്ന് വെറും 80 റൺസ് എടുക്കുന്നതിനിടെ അവർക്ക് 5 വിക്കറ്റുകൾ നഷ്ടമായി. എന്നാൽ ഒരു വശത്ത് ഉറച്ചുനിന്ന ജോ റൂട്ടും (76*), മികച്ച പിന്തുണ നൽകിയ ലിയാം ഡോസണും (68) ചേർന്ന് ഇംഗ്ലണ്ടിനെ കരകയറ്റി. ആറാം വിക്കറ്റിൽ ഇരുവരും പടുത്തുയർത്തിയ 111 റൺസിന്റെ കൂട്ടുകെട്ടാണ് സ്കോർ 258-ൽ എത്തിച്ചത്. ഇന്ത്യക്കായി നാല് വിക്കറ്റ് വീഴ്ത്തിയ സ്പിന്നർ അക്സർ പട്ടേലാണ് ഇംഗ്ലണ്ട് ബാറ്റിംഗ് നിരയുടെ നട്ടെല്ലൊടിച്ചത്.

259 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് നായകൻ ശുഭ്മാൻ ഗിൽ മികച്ച അടിത്തറ നൽകി. 80 റൺസെടുത്ത ഗിൽ പേശി വലിവ് അനുഭവപ്പെട്ടതിനെ തുടർന്ന് പിന്നീട് കളം വിടുകയായിരുന്നു. തുടർന്ന് ഒരു ഘട്ടത്തിൽ 160 റൺസിന് നാല് വിക്കറ്റ് എന്ന നിലയിലേക്ക് ഇന്ത്യ പതറിയെങ്കിലും അക്സർ പട്ടേലും (57*) വാഷിംഗ്ടൺ സുന്ദറും (52*) ചേർന്ന് ഇന്ത്യയെ സുരക്ഷിതമായി വിജയതീരത്ത് എത്തിച്ചു. വേർപിരിയാത്ത അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടിൽ ഇരുവരും ചേർന്ന് 102 റൺസ് അടിച്ചെടുത്തു. 28 പന്തുകൾ ബാക്കിനിൽക്കെയാണ് ഇന്ത്യ ലക്ഷ്യം കണ്ടത്. ഇംഗ്ലണ്ടിനെതിരെ ഇന്ത്യ തുടർച്ചയായി നേടുന്ന ആറാമത്തെ ഏകദിന വിജയമാണിത്.