ഏഷ്യാ കപ്പ് ടൂര്‍ണമെന്‍റില്‍ ഇന്ത്യ- പാക് പോരാട്ടം ഇന്ന്

മുംബൈ : എസിസി പുരുഷ അണ്ടർ 19 ഏഷ്യാ കപ്പ് ടൂര്‍ണമെന്‍റില്‍ ഇന്ത്യഇന്ന് പാകിസ്ഥാൻ നേരിടും. ദുബായിലെ ഐസിസി അക്കാദമിയില്‍ രാവിലെ ഒന്‍പത് മണിക്കാണ് മത്സരം നടക്കുക. ഇന്ത്യയെ ആയുഷ് മാത്രയും പാകിസ്ഥാനെ ഫർഹാൻ യൂസഫുമാണ് നയിക്കുന്നത്. സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ ഓസ്‌ട്രേലിയയിൽ നടന്ന മൾട്ടി-ഫോർമാറ്റ് പര്യടനത്തിലും മാത്രെ ഇന്ത്യയെ നയിച്ചിരുന്നു.
ഉദ്ഘാടന മത്സരത്തിൽ യുഎഇക്കെതിരെ ഇന്ത്യ വമ്പൻ വിജയമാണ് സ്വന്തമാക്കിയത്. 234 റണ്‍സ് വിജയമാണ് മത്സരത്തിൽ ഇന്ത്യ നേടിയത്. കൗമാരതാരം വൈഭവ് സൂര്യവംശിയുടെ 171 റൺസിന്‍റെ വെടിക്കെട്ട് പ്രകടനത്തിന്‍റെ പിൻബലത്തിലാണ് യുഎഇയെ തകർത്തത്. മലയാളി താരം ആരോൺ ജോർജ് (69), വിഹാൻ മൽഹോത്ര (69) എന്നിവർ നിർണായക അർധസെഞ്ച്വറികളുമായി തിളങ്ങി. മറുവശത്ത്, പാകിസ്ഥാനും മികച്ച മുന്നേറ്റത്തോടെയാണ് വരുന്നത്. മലേഷ്യയ്‌ക്കെതിരായ 297 റൺസിന്‍റെ തകർപ്പൻ വിജയത്തോടെയാണ് അവർ ടൂർണമെന്‍റ് ആരംഭിച്ചത്. ഇന്ത്യയ്‌ക്കെതിരായ അവസാന അഞ്ച് U19 മത്സരങ്ങളിൽ മൂന്നെണ്ണത്തിൽ വിജയിച്ച് പാകിസ്ഥാൻ അടുത്തിടെ മുൻതൂക്കം നേടിയിട്ടുണ്ട്. എന്നാല്‍ ബാറ്റിംഗ് മികവും ഫോമും കാരണം ഇന്ത്യ ടൂർണമെന്‍റിലെ ഫേവറിറ്റുകളാണ്. ബാറ്റര്‍മാർക്ക് അനുകൂലമായ ഐസിസി അക്കാദമി പിച്ചിൽ കടുത്ത മത്സരമാണ് പ്രതീക്ഷിക്കുന്നത്. അടുത്ത വർഷം ജനുവരി-ഫെബ്രുവരി മാസങ്ങളിൽ സിംബാബ്‌വെയിലും നമീബിയയിലുമായി നടക്കാനിരിക്കുന്ന U19 ലോകകപ്പിനുള്ള തയ്യാറെടുപ്പും കൂടിയാണ് ഏഷ്യാ കപ്പ്. അതേസമയം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരം സോണി സ്പോർട്‌സ് നെറ്റ്‌വർക്കിൽ തത്സമയം സംപ്രേക്ഷണം ചെയ്യും, സോണിലിവ് ആപ്പിലും തത്സമയം കാണാം.
ഇന്ത്യ, പാകിസ്ഥാൻ ടീമുകൾ
ഇന്ത്യ അണ്ടർ 19: ആയുഷ് മാത്രേ(സി), വൈഭവ് സൂര്യവംശി, ആരോൺ ജോർജ്, വിഹാൻ മൽഹോത്ര, വേദാന്ത് ത്രിവേദി, അഭിഗ്യാൻ കുണ്ടു(ഡബ്ല്യു), കനിഷ്ക് ചൗഹാൻ, ഖിലാൻ പട്ടേൽ, ദീപേഷ് ദേവേന്ദ്രൻ, കിഷൻ കുമാർ സിംഗ്, ഹെനിൽ പട്ടേൽ, ഹർവൻഷ് പംഗലിയ, നമൻ ഗോവ് പുഷ്‌പക്.
പാകിസ്ഥാൻ അണ്ടർ 19: ഉസ്‌മാന്‍ ഖാൻ, സമീർ മിൻഹാസ്, അലി ഹസൻ ബലോച്ച്, അഹമ്മദ് ഹുസൈൻ, ഫർഹാൻ യൂസഫ് (സി), ഹംസ സഹൂർ(ഡബ്ല്യു), ഹുസൈഫ അഹ്‌സൻ, നിഖാബ് ഷഫീഖ്, ദാനിയാൽ അലി ഖാൻ, മുഹമ്മദ് സയ്യാം, അലി റാസ, അബ്ദുൾ സുബാൻ, മുഹമ്മദ് ഹുസായ്, മുഹമ്മദ് ഹുസായ്.