യുഎസുമായി 10 വര്‍ഷത്തെ പ്രതിരോധ കരാറില്‍ ഒപ്പുവച്ച് ഇന്ത്യ

യുഎസുമായി 10 വര്‍ഷത്തെ പ്രതിരോധ കരാറില്‍ ഒപ്പുവച്ച് ഇന്ത്യ

ന്യൂഡൽഹി: പത്ത് വർഷത്തെ പ്രതിരോധ കരാറിൽ ഒപ്പ് വച്ച് ഇന്ത്യയും അമേരിക്കയും. ക്വാലാലംപൂരിൽ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും അമേരിക്കൻ പ്രതിരോധമന്ത്രി പീറ്റർ ഹെഗ്‌സെത്തും തമ്മിലുള്ള കൂടിക്കാഴ്‌ചയിലാണ് ധാരണാപത്രം ഒപ്പുവച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന കരാറാണ് ഒപ്പുവച്ചിരിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം എക്‌സിൽ വ്യക്തമാക്കി.രാജ്യങ്ങള്‍ തമ്മിലുള്ള ഏകോപനം, വിവരങ്ങള്‍ പങ്കുവയ്‌ക്കൽ, സഹകരണം എന്നിവ മെച്ചപ്പെടുത്തുക എന്നതാണ് കരാർ ലക്ഷ്യമിടുന്നതെന്ന് ഇന്ത്യയും അമേരിക്കയും അറിയിച്ചു. "പ്രാദേശിക സ്ഥിരതയ്ക്കും പ്രതിരോധത്തിനുമുള്ള നാഴികക്കല്ല്'' എന്നാണ് പ്രതിരോധ മന്ത്രാലയം കരാറിനെ വിശേഷിപ്പിച്ചത്. ഹെഗ്‌സെത്തുമായുള്ള കൂടിക്കാഴ്‌ച ഫലപ്രദമായിരുന്നു" എന്ന് രാജ്‌നാഥ് സിങ് പറഞ്ഞതിന് പിന്നാലെയാണ് കരാറിനെ പറ്റിയുള്ള കൂടുതൽ വിവരങ്ങള്‍ പുറത്ത് വന്നത്.

ക്വാലലംപൂരിൽ നടന്ന ആസിയാൻ-ഇന്ത്യ പ്രതിരോധ മന്ത്രിമാരുടെ അനൗപചാരിക യോഗത്തോടനുബന്ധിച്ചാണ് രാജ്‌നാഥ് സിങും പീറ്റ് ഹെഗ്‌സെത്തും തമ്മിലുള്ള കൂടിക്കാഴ്‌ച നടന്നത്. നവംബർ 1ന് നടക്കാനിരിക്കുന്ന ആസിയാൻ പ്രതിരോധ മന്ത്രിമാരുടെ മീറ്റിങ് പ്ലസിന് (എഡിഎംഎം പ്ലസ്) മുന്നോടിയായി അനൗപചാരിക യോഗവും വിളിച്ചുച്ചേർത്തിരുന്നു.

അതേസമയം അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ്ങും തമ്മില്‍ നടന്ന കൂടിക്കാഴ്‌ചയിൽ ചൈനയ്‌ക്ക് മേലുള്ള മൊത്തം ഇറക്കുമതി തീരുവ 57 ശതമാനത്തിൽ നിന്ന് 47 ശതമാനമായി കുറച്ചു. ലോകം തന്നെ ഉറ്റുനോക്കുന്ന ഒരു കൂടിക്കാഴ്‌ചയായിരുന്നു നടന്നത്. ലോകത്തെ വലിയ രണ്ട് സമ്പദ്‌ശക്തികള്‍ തമ്മിലുള്ള വ്യാപാര യുദ്ധത്തിലാണ് അയവ് വന്നത്. ട്രംപിൻ്റെ തീരുവ ചുമത്തൽ മാസങ്ങളായി വിപണികളെ പിടിച്ചുലയ്ക്കുകയും വിതരണ ശൃംഖലകളെ സ്‌തംഭിപ്പിക്കുകയും ചെയ്‌തു വരികയായിരുന്നു. ഇതിനിടെയാണ് ഇരുരാജ്യങ്ങളും തമ്മില്‍ പത്ത് വര്‍ഷത്തെ കരാറില്‍ ഒപ്പുവച്ചത്.