ശ്രീലങ്കയെ തകർത്ത് ഇന്ത്യ മുന്നില്‍, ഷഫാലിക്ക് അർധസെഞ്ചുറി

ശ്രീലങ്കയെ തകർത്ത് ഇന്ത്യ മുന്നില്‍, ഷഫാലിക്ക്  അർധസെഞ്ചുറി

വിശാഖപട്ടണം:  ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടി20 മത്സരത്തിൽ സന്ദർശകരെ ഏഴ് വിക്കറ്റിന് തകർത്ത് ഇന്ത്യ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ 2-0ത്തിന് മുന്നിലെത്തി. ഇന്ത്യൻ സ്പിന്നർമാർ കൃത്യതയോടെ പന്തെറിഞ്ഞപ്പോൾ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 128 റൺസിലൊതുങ്ങി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഓപ്പണർ ഷഫാലി വർമ്മയുടെ തകർപ്പൻ ബാറ്റിങ് കരുത്തിൽ വെറും 11.5 ഓവറിൽ ലക്ഷ്യം മറികടന്നു. 34 പന്തിൽ നിന്ന് 11 ഫോറുകളും ഒരു സിക്സറുമടക്കം 69 റൺസുമായി ഷഫാലി പുറത്താകാതെ നിന്നു.

സ്മൃതി മന്ദാന (14), ജെമീമ റോഡ്രിഗസ് (26), നായിക ഹർമൻപ്രീത് കൗർ (10) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ജെമീമ റോഡ്രിഗസ് നാല് ഫോറുകളും ഒരു സിക്സറും സഹിതം ഷഫാലിക്ക് മികച്ച പിന്തുണ നൽകി.

ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത ഇന്ത്യയെ തുടക്കത്തിൽ ലങ്കൻ നായിക ചമരി അത്തപ്പത്തു വിറപ്പിച്ചെങ്കിലും സ്പിന്നർമാരുടെ വരവോടെ മത്സരം ഇന്ത്യയുടെ കൈപ്പിടിയിലായി. അത്തപ്പത്തു 31 റൺസെടുത്ത് പവർപ്ലേയിൽ തന്നെ പുറത്തായി.

സ്നേ റാണയുടെ അച്ചടക്കമുള്ള ബൗളിങ് ലങ്കൻ ബാറ്റിങ് നിരയുടെ വേഗത കുറച്ചു. നാല് ഓവറിൽ വെറും 11 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്ത സ്നേ റാണയുടെ പ്രകടനം ശ്രദ്ധേയമായി. ഹർഷിത സമരവിക്രമ (33) പൊരുതി നോക്കിയെങ്കിലും ഇന്ത്യൻ സ്പിന്നർമാരായ വൈഷ്ണവി ശർമ്മയും ശ്രീ ചരണിയും ലങ്കൻ മധ്യനിരയുടെ നട്ടെല്ലൊടിച്ചു. ഇരുവരും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി. മോശം റണ്ണിങ്ങും കൃത്യതയാർന്ന ഇന്ത്യൻ ഫീൽഡിങ്ങും മൂന്ന് റണ്ണൗട്ടുകൾക്കാണ് വഴിതുറന്നത്. ഇതോടെ ലങ്കൻ സ്കോർ 128-ൽ ഒതുങ്ങി.

മറുപടി ബാറ്റിങ്ങിൽ ഷഫാലി വർമ തുടക്കം മുതൽ ആക്രമിച്ച് കളിച്ചു. ലങ്കൻ സ്പിന്നർമാരായ ഇനോക രണവീരയെയും ശശിനി ഗിംഹാനിയെയും ഷഫാലി നിഷ്പ്രഭമാക്കി. വെറും 27 പന്തിൽ നിന്നാണ് ഷഫാലി തന്റെ അർധസെഞ്ചുറി തികച്ചത്.

അത്തപ്പത്തു എറിഞ്ഞ പവർപ്ലേയിലെ അവസാന ഓവറിൽ രണ്ട് ഫോറും ഒരു സിക്സറുമടക്കം 14 റൺസ് ഷഫാലി അടിച്ചെടുത്തു. ഇന്ത്യൻ ബാറ്റിങ് നിരയുടെ കരുത്തിന് മുന്നിൽ ലങ്കൻ ബൗളർമാർക്ക് മറുപടിയുണ്ടായിരുന്നില്ല. 49 പന്തുകൾ ബാക്കി നിൽക്കെ ഇന്ത്യ വിജയലക്ഷ്യം മറികടന്നത് ഇരു ടീമുകളും തമ്മിലുള്ള ക്ലാസിലെ വ്യത്യാസം പ്രകടമാക്കുന്നതായിരുന്നു. പരമ്പരയിലെ മൂന്നാം മത്സരം വ്യാഴാഴ്ച നടക്കും. ഇനിയുള്ള മൂന്നു മത്സരങ്ങളും തിരുവനന്തപുരത്താണ്. മത്സരങ്ങള്‍ക്കായി ഇന്ത്യൻ വനിതാ ക്രിക്കറ്റ് ബുധനാഴ്ച നാളെ കേരളത്തിലെത്തും. ഇന്ത്യ-ശ്രീലങ്ക വനിതാ ടി20 പരമ്പരയിലെ അവസാന മൂന്ന് മത്സരങ്ങൾക്കായിട്ടാണ് ടീമുകൾ നാളെ തിരുവനന്തപുരത്ത് എത്തിച്ചേരുന്നത്.

ഡിസംബർ 26, 28, 30 തീയതികളിലായി കാര്യവട്ടം സ്പോർട്സ് ഹബ് ഗ്രീൻഫീൽഡ് ഇന്‍റർനാഷണൽ സ്റ്റേഡിയത്തിൽ വെച്ചാകും മത്സരങ്ങൾ നടക്കുക. അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ നിർണായകമായ മൂന്ന് മത്സരങ്ങൾക്കാണ് കേരളം സാക്ഷ്യം വഹിക്കുന്നത്. നാളെ (ബുധനാഴ്ച) വൈകുന്നേരം 5.40-ന് പ്രത്യേക വിമാനത്തിൽ എത്തുന്ന ടീമുകൾക്ക് തിരുവനന്തപുരം ഹയാത്ത് റീജൻസിയിലാണ് താമസ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. ഡിസംബർ 25-ന് ഉച്ചയ്ക്ക് 2:00 മുതൽ 5:00 വരെ ശ്രീലങ്കൻ ടീമും, വൈകിട്ട് 6:00 മുതൽ രാത്രി 9:00 വരെ ഇന്ത്യൻ ടീമും ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ പരിശീലനം നടത്തും.