രാജ്യം വിടാനും , ജാഗ്രതാ നിർദ്ദേശവും നൽകി ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യൻ എംബസികൾ

ഇറാനും ഇസ്രയേലും സംഘർഷങ്ങൾ തുടർന്നതിന് പിന്നാലെ പശ്ചിമേഷ്യിലെ സ്ഥിതിഗതികള്‍ കണക്കിലെടുത്ത് ഇന്ത്യൻ പൗരന്മാര്‍ക്ക് ജാഗ്രതാ നിർദേശം നൽകി എംബസികൾ. അടിയന്തര സാഹചര്യങ്ങളിൽ ബന്ധപ്പെടാൻ ഹൈൽപ്പ് ലൈൻ നമ്പറുകളും ഇമെയിൽ ഐഡികളും പുറത്തുവിട്ടു. ഇറാൻ, ജോർദാൻ, യുഎഇ, സൗദി അറേബ്യ, അബുദാബി, ബഹ്‌റൈൻ, പലസ്‌തീൻ എന്നിവിടങ്ങളിലെ ഇന്ത്യൻ എംബസികളാണ് പൗരന്മാർക്ക് ജാഗ്രതാ നിർദേശങ്ങൾ നൽകിയത്.
സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ജനങ്ങളോട് പരമാവധി ജാഗ്രത പാലിക്കാനും കഴിയുന്നത്ര വീടിനുള്ളിൽ തന്നെ തുടരാനും ഇറാനിലെ ഇന്ത്യൻ എംബസി നിർദേശിച്ചു.
"നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഇറാനിലുള്ള എല്ലാ ഇന്ത്യൻ പൗരന്മാരും അതീവ ജാഗ്രത പാലിക്കാനും, അനാവശ്യമായി പുറത്തിറങ്ങുന്നത് ഒഴിവാക്കാനും, കഴിയുന്നത്ര വീടിനുള്ളിൽ തന്നെ തുടരാനും നിർദേശിക്കുന്നു", എന്ന് ഇറാനിലെ ഇന്ത്യൻ എംബസിയുടെ എക്‌സ് പോസ്‌റ്റിൽ പറയുന്നു. എല്ലാ ഇന്ത്യൻ പൗരന്മാരും വാർത്തകൾ നിരീക്ഷിക്കുകയും ഇന്ത്യൻ എംബസിയിൽ നിന്നുള്ള കൂടുതൽ മാർഗനിർദേശങ്ങൾ ശ്രദ്ധിക്കുകയും ചെയ്യണം എന്നും പോസ്‌റ്റിൽ കൂട്ടിച്ചേർക്കുന്നു. ഇസ്രയേൽ ആക്രമണങ്ങൾ ആരംഭിച്ചതിന് ശേഷം ഇറാനിൽ പ്രതിരോധ പ്രവർത്തനങ്ങളും പോരാട്ടങ്ങളും ആരംഭിച്ചിട്ടുണ്ടെന്നും എംബസി വ്യക്തമാക്കി.
പിന്നാലെ ഖത്തറിലെ ഇന്ത്യൻ എംബസിയും തങ്ങളുടെ പൗരന്മാർക്ക് സുരക്ഷാ നിർദേശങ്ങൾ നൽകിക്കൊണ്ട് ഉത്തരവുകൾ പുറപ്പെടുവിച്ചു. "നിലവിലെ പ്രാദേശിക സാഹചര്യം കണക്കിലെടുത്ത്, ഖത്തറിലെ എല്ലാ ഇന്ത്യൻ പൗരന്മാരും ജാഗ്രത പാലിക്കണമെന്നും എംബസിയും പ്രാദേശിക അധികാരികളും പുറപ്പെടുവിക്കുന്ന വാർത്തകളും നിർദേശങ്ങളും പാലിക്കണമെന്നും", ഖത്തറിലെ ഇന്ത്യൻ എംബസിയുടെ എക്‌സ് പോസ്‌റ്റിൽ പറഞ്ഞു.എന്തെങ്കിലും തരത്തിലുള്ള സഹായങ്ങൾ ആവശ്യമായി വന്നാൽ എംബസിയുടെ 24×7 ഹെൽപ്പ്‌ലൈൻ നമ്പറിലോ 00974-55647502 അല്ലെങ്കിൽ [email protected] എന്ന മെയിലിലോ ബന്ധപ്പെടാൻ പ്രസ്‌താവനയിൽ പറയുന്നു.
സംഘർഷങ്ങൾ രൂക്ഷമായതിനെത്തുടർന്ന് ജോർദാനിലെ എല്ലാ ഇന്ത്യൻ പൗരന്മാർക്കും വിനോദസഞ്ചാരികൾക്കും ജോർദാനിലെ ഇന്ത്യൻ എംബസി അടിയന്തര യാത്രാ വിലക്കും ഏർപ്പെടുത്തി. വിമാന സര്‍വീസുകള്‍ തടസപ്പെടുന്നതിന് മുൻപ് എല്ലാ ഇന്ത്യൻ പൗരന്മാരും ഉടൻ രാജ്യം വിടാൻ അറിയിച്ചു."നിലവിലുള്ള പ്രാദേശിക സാഹചര്യം കണക്കിലെടുത്ത്, ജോർദാനിലെ എല്ലാ ഇന്ത്യൻ പൗരന്മാരും വിനോദസഞ്ചാരികളും അതീവ ജാഗ്രത പാലിക്കാനും സുരക്ഷിതരായിരിക്കാനും അധികാരികൾ നൽകുന്ന നിർദേശങ്ങൾ ശ്രദ്ധാപൂർവ്വം പാലിക്കണം. വിമാന സർവീസുകൾ തടസപ്പെടുന്നതിന് മുൻപ് ജോർദാനിലെ എല്ലാ ഇന്ത്യൻ വിനോദസഞ്ചാരികളും രാജ്യം വിടാൻ നിർദേശിക്കുന്നു. എന്തെങ്കിലും അടിയന്തര സാഹചര്യമുണ്ടായാൽ, 00962-770 422 276 എന്ന നമ്പറിൽ എംബസിയുമായി ബന്ധപ്പെടാവുന്നതാണ്", എന്ന് എംബസി എക്‌സ് പോസ്‌റ്റിൽ കുറിച്ചു.കൂടാതെ എല്ലാ ഇന്ത്യൻ പൗരന്മാരും അനാവശ്യ യാത്രകൾ ഒഴിവാക്കി ജാഗ്രത പാലിക്കാൻ അബുദാബിയിലെ ഇന്ത്യൻ എംബസി നിർദേശിച്ചു. അബുദാബിയിലെ ഇന്ത്യൻ എംബസിയും ദുബായിലെ കോൺസുലേറ്റ് ജനറലും സാധാരണഗതിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും അറിയിച്ചു. അടിയന്തര സാഹചര്യങ്ങളിൽ ബന്ധപ്പെടാൻ 800-46342 (ടോൾ ഫ്രീ നമ്പർ) +971543090571 (വാട്‌സാപ്പ് നമ്പർ) [email protected], [email protected] തുടങ്ങിയ ഇമെയിൽ ഐഡികളും നൽകി.
എല്ലാ പൗരന്മാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി റിയാദിലെ ഇന്ത്യൻ എംബസിയും നിർദേശങ്ങൾ പുറപ്പെടുവിച്ചു. റിയാദിലെ ഇന്ത്യൻ എംബസിയും ജിദ്ദയിലെ കോൺസുലേറ്റും സാധാരണഗതിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും അറിയിച്ചു. അടിയന്തര സാഹചര്യങ്ങളിൽ ബന്ധപ്പെടാൻ 00-966-11-4884697, 00-966-542126748 (വാട്ട്‌സാപ്പ് മാത്രം), 800 247 1234 (ടോൾ-ഫ്രീ) എന്നിവയും cw.riyadha mea.gov.in എന്ന ഇമെയിൽ ഐഡിയും നൽകി.ബഹ്‌റൈനിലെ ഇന്ത്യൻ എംബസിയും നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. നിലവിലെ പ്രാദേശിക സാഹചര്യം കണക്കിലെടുത്ത് എംബസി പതിവുപോലെ പ്രവർത്തിക്കുന്നുണ്ടെന്ന് അറിയിച്ചു. പൊതുജനങ്ങൾക്കായി 00973-39418071 എന്ന ഹെൽപ്പ്‌ലൈൻ നമ്പറും പങ്കുവച്ചു.തുടർന്ന് സുരക്ഷയ്‌ക്കായി പലസ്‌തീനിലെ ഇന്ത്യയുടെ പ്രതിനിധി ഓഫിസ് നിർദേശങ്ങൾ നൽകി. അടിയന്തിര സാഹചര്യങ്ങളിൽ +970592916418 അല്ലെങ്കിൽ [email protected] / [email protected] എന്നതിൽ ബന്ധപ്പെടാൻ എക്‌സ് പോസ്‌റ്റിലൂടെ അറിയിച്ചു.
ഇറാൻ്റെ അർദ്ധ സൈനിക വിഭാഗം ഇസ്രയേലിനെ ലക്ഷ്യമിട്ട് ഡ്രോണുകളും മിസൈലുകളും വിക്ഷേപിച്ചതോടെ സംഘർഷങ്ങൾ കൂടുതൽ രൂക്ഷമായി. ഇതോടെ യുഎസ്-ഇസ്രയേൽ സംയുക്ത ആക്രമണം ഇറാന് പുറത്തേക്കും വ്യാപിച്ചു. സംഘർഷങ്ങളിൽ യുഎസ് നാവികസേനയുടെ ആസ്ഥാനം ലക്ഷ്യമിട്ടാണ് മിസൈൽ ആക്രമണം നടന്നതെന്നാണ് ബഹ്‌റൈൻ ഭരണകൂടം പറയുന്നത്. അതേസമയം കുവൈത്തിൽ നിന്നും സ്‌ഫോടന ശബ്‌ദങ്ങൾ ഉയർന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.