ദുബായ് എയർ ഷോയ്‌ക്കിടെ ഇന്ത്യയുടെ യുദ്ധവിമാനം തേജസ് തകര്‍ന്നുവീണു, പൈലറ്റിന് വീരമൃത്യു

ദുബായ് എയർ ഷോയ്‌ക്കിടെ ഇന്ത്യയുടെ യുദ്ധവിമാനം തേജസ് തകര്‍ന്നുവീണു, പൈലറ്റിന് വീരമൃത്യു

അബുദാബി: ഇന്ത്യയുടെ തേജസ് യുദ്ധവിമാനം തകർന്നുവീണു. വിമാനത്തിലുണ്ടായിരുന്ന പൈലറ്റ് വീരമൃത്യു വരിച്ചുവെന്ന് ഇന്ത്യന്‍ വ്യോമസേന. ദുബായ് എയർ ഷോയിലെ പ്രകടനത്തിനിടെയാണ് അപകടം.പ്രദര്‍ശത്തിനിടെ പ്രാദേശിക സമയം ഉച്ചയ്ക്ക് 2.10 ഓടെയാണ് വിമാനം തകർന്നുവീണത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ എയര്‍ ഷോ വീക്ഷിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അപകടത്തിന് പിന്നാലെ സൈറണ്‍ മുഴങ്ങിയതോടെ കാണികളായി എത്തിയവര്‍ പരിഭ്രാന്തരായെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.അപകടത്തെത്തുടർന്ന് വിമാനത്താവളത്തിന് മുകളിൽ കറുത്ത പുക ഉയർന്നു. ലോക വ്യോമയാന മേഖലയിലെ സുപ്രധാന ഇവൻ്റുകളിലൊന്നായ ദുബായ് എയർഷോയുടെ അവസാന ദിവസമാണ് അപകടമുണ്ടായത്. ദുബായ് വേൾഡ് സെൻട്രൽ – അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് എയർഷോയുടെ 19-ാമത് പതിപ്പ് നടക്കുന്നത്. ഇതിനിടെയാണ് ഏവരെയും ഞെട്ടിച്ച് ഇന്ത്യയുടെ യുദ്ധവിമാനം തകര്‍ന്നുവീണത്. അപകടത്തിന് പിന്നാലെ നിര്‍ത്തിവച്ച എയര്‍ഷോ രണ്ടര മണിക്കൂറിന് ശേഷം പുനരാരംഭിച്ചു.രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന ഈ പരിപാടിയിൽ ഈ വർഷം 150 രാജ്യങ്ങളിൽ നിന്നുള്ള 1,500-ലധികം വ്യോമയാന, ബഹിരാകാശ, പ്രതിരോധ മേഖലകളിലെ കമ്പനികളാണ് പങ്കെടുത്തത്. ഒന്നര ലക്ഷത്തോളം പേര്‍ എയര്‍ഷോ വീക്ഷിക്കാന്‍ എത്തിയിരുന്നു. ബോംബാർഡിയർ, ഡസ്സോൾട്ട് ഏവിയേഷൻ, എംബ്രെയർ, തേൽസ്, എയർബസ്, ലോക്ക്ഹീഡ് മാർട്ടിൻ, കാലിഡസ് തുടങ്ങിയ പ്രമുഖ അന്താരാഷ്ട്ര എയ്‌റോസ്‌പേസ് കമ്പനികൾ ഉൾപ്പെടെ പ്രദര്‍ശനത്തിന് എത്തിയിരുന്നു. ഇന്ത്യന്‍ യുദ്ധവിമാനം തേജസ് അപകടത്തില്‍പ്പെട്ട് തകര്‍ന്നതിനെ കുറിച്ച് ഇന്ത്യന്‍ വ്യോമസേന അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

തേജസ് എന്നത് ഒറ്റ എഞ്ചിനുള്ള, ഡെൽറ്റാ വിംഗ്, 4.5 തലമുറ മൾട്ടിറോൾ യുദ്ധവിമാനമാണ്. ഇന്ത്യയുടെ തദ്ദേശീയ വിമാനമാണിത്. ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (HAL) ആണ് ഇത് നിർമ്മിക്കുന്നത്. 2016-ൽ ഇന്ത്യൻ വ്യോമസേനയുടെ (IAF) ഭാഗമായി.

പ്രധാന സവിശേഷതകൾ:

  • നിർമാണം: ഭാരം കുറഞ്ഞതും ആധുനികവുമായ കോമ്പോസിറ്റ് മെറ്റീരിയലുകൾ ഉപയോഗിച്ചാണ് ഇതിന്റെ നിർമ്മാണം, ഇത് വിമാനത്തിന്റെ ഭാരം കുറയ്ക്കാൻ സഹായിക്കുന്നു.
  • രൂപകൽപ്പന: പിന്നിൽ തിരശ്ചീനമായ ചിറകില്ലാത്ത (tailless) ഒരു ഡെൽറ്റാ വിംഗ് ഡിസൈൻ ഇതിനുണ്ട്.
  • എഞ്ചിൻ: ജനറൽ ഇലക്ട്രിക് F404-GE-IN20 എഞ്ചിനാണ് തേജസിന് കരുത്തേകുന്നത്.
  • പ്രവർത്തനക്ഷമത: വ്യോമാക്രമണം, പ്രതിരോധം, കരയിലെ ലക്ഷ്യങ്ങളെ ആക്രമിക്കൽ തുടങ്ങിയ വിവിധ സൈനിക ആവശ്യങ്ങൾ നിറവേറ്റാൻ ഇതിന് കഴിവുണ്ട്.
  • ആയുധങ്ങൾ: വിവിധതരം മിസൈലുകൾ, ബോംബുകൾ, മറ്റ് കൃത്യതയാർന്ന ആയുധങ്ങൾ എന്നിവ വഹിക്കാൻ തേജസിന് സാധിക്കും.

ചരിത്രം:

1980-കളിൽ ഇന്ത്യൻ വ്യോമസേനയിലെ പഴയ മിഗ്-21 വിമാനങ്ങൾക്ക് പകരമായി ഒരു തദ്ദേശീയ യുദ്ധവിമാനം എന്ന ലക്ഷ്യത്തോടെയാണ് ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് (LCA) പദ്ധതിക്ക് തുടക്കം കുറിച്ചത്. ഈ പദ്ധതിയുടെ ഭാഗമായാണ് തേജസ് വികസിപ്പിച്ചത്. 2003-ൽ അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി ആണ് 'തേജസ്' എന്ന് വിമാനത്തിന് പേരിട്ടത്.