കൃത്യസമയത്ത് വൈദ്യ സഹായം ലഭിച്ചില്ല : ഇന്ത്യൻ വംശജൻ കാനഡയിൽ മരണപ്പെട്ടു

കാലിഫോര്‍ണിയ: കാനഡയില്‍ ഇന്ത്യന്‍ വംശജനായ യുവാവ് കൃത്യസമയത്ത് വൈദ്യ സഹായം ലഭിക്കാതെ മരണപ്പെട്ട സംഭവത്തില്‍ രാജ്യത്തെ ആരോഗ്യ സംവിധാനത്തിനെതിരേയുള്ള വിമര്‍ശനം ശക്തമാകുന്നു.എഡ്മണ്‍ടണിലുള്ള ഗ്രേ നണ്‍സ് കമ്മ്യൂണിറ്റി ആശുപത്രിയില്‍ ഡിസംബര്‍ 22-ന് കടുത്ത നെഞ്ചു വേദനയുമായി ആശുപത്രിയിലെത്തിയ 44 കാരനായ പ്രശാന്ത് ശ്രീകുമാറാണ് എട്ട് മണിക്കൂറിലധികം നീണ്ട കാത്തിരിപ്പിനു ശേഷം ചികിത്സ ലഭിക്കാതെ കുഴഞ്ഞു വീണ് മരിച്ചത്.കാനഡയില്‍ രോഗികള്‍ക്ക് ചികിത്സ ലഭിക്കുന്നതിലെ കാലതാമസത്തിനെതിരേ നേരത്തെ മുതല്‍ വലിയ പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. ആശുപത്രി അധികൃതരുടെ അനാസ്ഥയുടെ ഏറ്റവും ഒടുവിലത്തെ ഇരയായിരിക്കുകയാണ് പ്രശാന്ത് ശ്രീകുമാര്‍.ഇന്ത്യന്‍ യുവാവിന്റെ ദാരുണ മരണം അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയായിരിക്കുകയാണ്.
കാനഡയിലെ ആരോഗ്യരംഗത്തെ ഗുരുതരമായ വീഴ്ചകളെ തുറന്നുകാട്ടുന്ന ഈ സംഭവത്തില്‍ അമേരിക്കന്‍ ശത കോടീശ്വരനും ടെക് സംരംഭകനുമായ ഇലോണ്‍ മസ്‌ക്കും പ്രതികരിച്ചതോടെ കാനഡയ്‌ക്കെതിരേ വിമര്‍ശനങ്ങള്‍ ആഗോള ശ്രദ്ധ നേടിയിരിക്കുകയാണ്.
സര്‍ക്കാര്‍ നടത്തുന്ന ആരോഗ്യ സംവിധാനങ്ങളുടെ കാര്യക്ഷമതയില്ലായ്മയെ പരിഹസിച്ചുകൊണ്ടാണ് മസ്‌ക് രംഗത്തെത്തിയത്. സര്‍ക്കാര്‍ നല്‍കുന്ന വൈദ്യ സഹായം അമേരിക്കയിലെ മോട്ടോര്‍ വാഹന വകുപ്പിന്റെ സേവനം പോലെ മന്ദഗതിയിലുള്ളതാണെന്ന് മസ്‌ക് തന്റെ എക്‌സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു.