യുഎസിൽ വാഹനാപകടത്തിൽ ഇന്ത്യൻ വിദ്യാർത്ഥിനി കൊല്ലപ്പെട്ട സംഭവം : കുടുംബത്തിന് 262 കോടി രൂപ നഷ്‌ടപരിഹാരം

സിയാറ്റിൽ: യുഎസിലെ സിയാറ്റിലിൽ പൊലീസ് വാഹനമിടിച്ച് മരിച്ച ഇന്ത്യൻ വിദ്യാർഥിനി ജാൻവി കണ്ഡുലയുടെ കേസില്‍ സുപ്രധാന നടപടി. ജാൻവി കണ്ട്ലയുടെ കുടുംബത്തിന് 29 മില്യൺ ഡോളർ (ഏകദേശം 262 കോടി രൂപ)നഷ്‌ടപരിഹാരം നല്‍കാന്‍ ഭരണകൂടം ഉത്തരവിട്ടു.
ദീർഘനാളത്തെ നിയമനടപടികൾക്കും പ്രതിഷേധങ്ങൾക്കും ശേഷമാണ് കുടുംബത്തിന് അനുകൂലമായ വിധി വന്നത്. "ജാന്‍വിയുടെ വിയോഗം ഹൃദയഭേദകമാണെന്നും നഷ്‌ട പരിഹാരം കുടുംബത്തിന് സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നതായും" സിറ്റി അറ്റോർണി എറിക്ക ഇവാന്‍സ് പറഞ്ഞു.2023 ജനുവരി 23 ന് രാത്രിയാണ് സംഭവം. 23 കാരിയായ ജാൻവി അമിതവേഗത്തിൽ വന്ന പൊലീസ് പട്രോളിംഗ് വാഹനമിടിച്ച് മരിച്ചത്. മണിക്കൂറിൽ 119 കിലോമീറ്റർ വേഗതയിലായിരുന്നു പോലീസ് വാഹനം സഞ്ചരിച്ചിരുന്നത്. യുഎസ് പൊലീസ് ഓഫിസർ കെവിൻ ആയിരുന്നു പൊലീസ് വാഹനം ഓടിച്ചിരുന്നത്. ഉദ്യോഗസ്ഥർ ജാന്‍വിക്ക് സിപിആർ നല്‍കാന്‍ ശ്രമിച്ചു. തുടർന്ന് ജാന്‍വിയെ അടുത്തുള്ള ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ആന്ധ്രാപ്രദേശ് സ്വദേശിനിയാണ് മരിച്ച ജാന്‍വി. നോർത്ത് ഈസ്റ്റേൺ യൂണിവേഴ്‌സിറ്റിയുടെ സിയാറ്റിൽ കാമ്പസിൽ ഇൻഫർമേഷൻ സിസ്റ്റത്തിൽ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയായിരുന്നു. ബിരുദം നേടാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് മരണം സംഭവിച്ചത്. കണ്ടുലയുടെ മരണം ഇന്ത്യയില്‍ വന്‍ പ്രതിക്ഷേധത്തിന് വഴി തെളിച്ചിരുന്നു. അപകടസമയത്ത് വാഹനത്തിനകത്തുനിന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പരിഹസിച്ച് പൊട്ടിച്ചിരിക്കുന്ന വീഡിയോ പുറത്ത് വന്നത് രാജ്യത്ത് കോളിളക്കം സൃഷ്‌ടിച്ചു. ഡാനിയേല്‍ ഓഡറര്‍ എന്ന പൊലീസ് ഉദ്യോഗസ്ഥൻ്റെ ശരീരത്തില്‍ ഘടിപ്പിച്ചിരുന്ന ബോഡി ക്യാമിലെ ദൃശ്യമാണ് പുറത്തുവന്നത്. കണ്ടുലയുടെ ജീവന് പരിമിതമായ മൂല്യം മാത്രമേയുള്ളൂവെന്നും നഗരം ഒരു ചെക്ക് എഴുതണമെന്ന് ഓഫിസർ ചിരിച്ചുകൊണ്ട് നിർദ്ദേശിക്കുന്ന ശബ്‌ദ സന്ദേശവും ഇതില്‍ ഉള്‍പ്പട്ടു.
ഇന്ത്യയിൽ നിന്നുള്ള നയതന്ത്രജ്ഞർ ഭരണകൂടത്തോട് അന്വേഷണം ആവശ്യപ്പെട്ടു. തുടർന്ന് ഡാനിയേൽ ഔഡററെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. വാഹനം ഓടിച്ചിരുന്ന കെവിൻ ഡേവിനെതിരെ അശ്രദ്ധമായി വാഹനമോടിച്ചതിന് കേസെടുക്കുകയും 5,000 ഡോളർ പിഴ ശിക്ഷ വിധിക്കുകയും ചെയ്‌തു. നഷ്‌ടപരിഹാര തുകയായ 29 മില്യൻ ഡോളറിൽ 20 മില്യൻ ഡോളറോളം നഗരത്തിന്‍റെ ഇൻഷുറൻസ് വിഹിതത്തിൽ നിന്നും നൽകും. അദോണിയിൽ സ്വദേശിയായ സ്‌കൂള്‍ അധ്യാപികയുടെ മകളായിരുന്നു ജാന്‍വി. വായ്‌പ എടുത്താണ് ബിരുദാനന്തര ബിരുദത്തിനായി സിയാറ്റിലില്‍ പോയത്.