യുഎസിലെ ഡാലസിൽ ഇന്ത്യൻ വിദ്യാർഥിയെ വെടിവച്ചു കൊന്നു

വാഷിങ്‌ടണ്‍: യുഎസിലെ ഡാലസിൽ ഇന്ത്യൻ വിദ്യാർഥിയെ വെടിവച്ചു കൊന്നു. ഹൈദരാബാദ് എൽബി നഗര്‍ സ്വദേശിയായ പോൾ ചന്ദ്രശേഖറാണ് കൊല്ലപ്പെട്ടത്. പെട്രോൾ പമ്പിൽ ജോലി ചെയ്യുന്നതിനിടെയാണ് വിദ്യാര്‍ഥിയെ അജ്ഞാതന്‍ കൊലപ്പെടുത്തിയത്. ഇന്ധനം നിറയ്ക്കാൻ വന്നയാളാണ് വെടി വച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു.2023 ൽ ഡെൻ്റൽ സർജറി (ബിഡിഎസ്) ബിരുദം പൂർത്തിയാക്കിതിന് ശേഷമാണ് തുടര്‍പഠനത്തിനായി പോള്‍ അമേരിക്കയിലേക്ക് പോയത്. പഠനത്തിനിടയിലാണ് പാർട്ട് ടൈമായി പെട്രോള്‍ പമ്പില്‍ ജോലിക്ക് പോയത്. മൃതദേഹം നാട്ടിലേക്കു കൊണ്ടുവരാൻ കുടുംബം യുഎസ് അധികൃതരുടെ സഹായം തേടി. ബിആർസ് എംഎൽഎ സുധീർ റെഡ്ഡി, മുൻ മന്ത്രി ടി.ഹരീഷ് റാവു എന്നിവർ ചന്ദ്രശേഖറിൻ്റെ വീട്ടിലെത്തി അനുശോചനം അറിയിച്ചു.ചന്ദ്രശേഖറിൻ്റെ മൃതദേഹം സുരക്ഷിതമായി ഹൈദരാബാദിലേക്ക് കൊണ്ടുവരുന്നതിനുള്ള അടിയന്തര നടപടികൾ എത്രയും പെട്ടന്ന് സ്വീകരിക്കണമെന്ന് ഹരീഷ് റാവു തെലങ്കാന സർക്കാരിനോട് അഭ്യർഥിച്ചു. ഡാളസിലെ പ്രാദേശിക അധികാരികൾ വെടിവയ്പ്പിനെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നും സംഭവവുമായി ബന്ധപ്പെട്ടുള്ള കൂടുതൽ വിവരങ്ങൾ ഇതുവരെ ലഭിച്ചിട്ടില്ലന്നും മുന്‍ മന്ത്രി വ്യക്തമാക്കി.
"മാതാപിതാക്കളുടെ ദുഃഖം കാണുന്നത് അങ്ങേയറ്റം ഹൃദയഭേദകമാണ്. വലിയ കഴിവുള്ള, വലിയ ഉയരങ്ങൾ കൈവരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന അവരുടെ മകൻ ഇനിയില്ല. കുടുംബത്തിന് ഇത് തീരാദുഃഖമാണ്. ഞാനും ദുഃഖത്തില്‍ പങ്ക് ചേരുന്നു." മുൻ മന്ത്രി ഹരീഷ് റാവു പറഞ്ഞു. ചന്ദ്രശേഖറിൻ്റെ കുടുംബത്തെ പിന്തുണയ്‌ക്കുമെന്നും അമേരിക്കയിലെ ഇന്ത്യൻ കോൺസുലേറ്റിനെ ബന്ധപ്പെടുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.അമേരിക്കയിലെ ഹ്യൂസ്റ്റണില്‍ സ്ഥിചെയ്യുന്ന ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ചന്ദ്രശേഖറിൻ്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. "ഞങ്ങൾ കുടുംബവുമായി ബന്ധപ്പെടുകയും സാധ്യമായ എല്ലാ സഹായവും നൽകുകയും ചെയ്യും. പ്രാദേശിക അധികാരികൾ സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്, ഞങ്ങൾ അവരുമായി ആശയവിനിമയം നടത്തുന്നുണ്ട്," ഇന്ത്യൻ കോൺസുലേറ്റ് പറഞ്ഞു