ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു ടീമില്‍, ഹാര്‍ദിക് പാണ്ഡ്യ തിരിച്ചെത്തി
ഹൈദരാബാദ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അഞ്ച് മത്സരങ്ങളുള്ള ടി20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. സൂര്യ കുമാർ ക്യാപ്റ്റനായുള്ള ടീമിൽ പരിക്കുമാറി എത്തിയ ശുഭ്‌മന്‍ ഗിൽ വൈസ് ക്യാപ്റ്റനായി തിരിച്ചെത്തി. ഗില്ലിന്‍റെ ലഭ്യത ബിസിസിഐയുടെ മെഡിക്കൽ ടീമിന്‍റെ അനുമതിക്ക് വിധേയമായിരിക്കും. കഴിഞ്ഞ മാസം കൊൽക്കത്തയിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റ് മുതൽ ഗിൽ കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കുകയാണ്. കഴുത്തിന് പരിക്കേറ്റതിനെ തുടർന്ന് ടെസ്റ്റും ഏകദിന പരമ്പരയും താരത്തിനു നഷ്‌ടമായിരുന്നു.
വിക്കറ്റ് കീപ്പറായി മലയാളി താരം സഞ്ജു സാംസൺ ടീമിലുണ്ട്. ജിതേഷ് ശർമയാണ് 15 അംഗ ടീമിലെ മറ്റൊരു വിക്കറ്റ് കീപ്പർ. അടുത്തിടെ മത്സര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ ഹാർദിക് പാണ്ഡ്യയും ടീമിലിടം നേടി. സെപ്റ്റംബർ 26 ന് ദുബായിൽ നടന്ന ഏഷ്യാ കപ്പിൽ ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിനിടെ പരിക്കേറ്റതിനെ തുടർന്ന് ഹാർദിക് പുറത്തായിരുന്നു. ബെംഗളൂരുവിലെ ബിസിസിഐ സെന്‍റര്‍ ഓഫ് എക്‌സലൻസിൽ (സിഒഇ) വിശ്രമത്തിലായിരുന്നു ഹാർദിക്. രണ്ട് മാസത്തിന് ശേഷം തിരിച്ചുവരവ് നടത്തിയ ഹാർദിക്, ചൊവ്വാഴ്ച മുഷ്‌താഖ് അലി ട്രോഫിയിൽ പഞ്ചാബിനെതിരെ നടന്ന മത്സരത്തില്‍ ബാറ്റിംഗിനിറങ്ങി 77 റണ്‍സടിച്ച് തിളങ്ങിയിരുന്നു.ഓസ്‌ട്രേലിയയ്‌ക്കെതിരായ ഇന്ത്യയുടെ മുൻ ടി20 പരമ്പരയുടെ ഭാഗമായിരുന്ന റിങ്കു സിങ്ങിന് ടീമിൽ ഇടം ലഭിച്ചില്ല. ഇടംകൈയ്യന്‍ ബാറ്റര്‍ യശസ്വി ജയ്‌സ്വാളും നിതീഷ് റെഡ്ഡിയും ടീമിലില്ല. ഏകദിന പരമ്പരയിൽ വിശ്രമം അനുവദിച്ചതിന് ശേഷം, ടി20 പരമ്പരയ്ക്കായി ജസ്പ്രീത് ബുംറ തിരിച്ചെത്തി. അർഷ്‌ദീപ് സിംഗും ഹർഷിത് റാണയും ഫാസ്റ്റ് ബൗളിംഗ് നിരയെ നയിക്കും.കുൽദീപ് യാദവ്, വരുൺ ചക്രവർത്തി, വാഷിംഗ്ടൺ സുന്ദർ എന്നിവർ സ്‌പിന്‍ കൈകാര്യം ചെയ്യും. അഞ്ച് മത്സരങ്ങളുള്ള പരമ്പര ഡിസംബർ 9 ന് കട്ടക്കിൽ ആരംഭിക്കും. ശേഷിക്കുന്ന മത്സരങ്ങൾ മുള്ളൻപൂർ (ഡിസംബർ 11), ധർമ്മശാല (ഡിസംബർ 14), ലഖ്‌നൗ (ഡിസംബർ 17), അഹമ്മദാബാദ് (ഡിസംബർ 19) എന്നിവിടങ്ങളിലാണ് നടക്കുക.
ടി20 ഐ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം: സൂര്യകുമാർ യാദവ്, ശുഭ്‌മന്‍ ഗിൽ, അഭിഷേക് ശർമ, തിലക് വർമ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്ഷർ പട്ടേൽ, ജിതേഷ് ശർമ, സഞ്ജു സാംസൺ, ജസ്പ്രീത് ബുംറ, വരുൺ ചക്രവർത്തി, അർഷ്ദീപ് സിങ്, കുൽദീപ് യാദവ്, ഹർഷിത് റാണ, വാഷിങ്ടൺ സുന്ദർ.

