ലോകകപ്പ്‍ ക്രിക്കറ്റ് മത്സരത്തില്‍ പാക് താരങ്ങള്‍ക്ക് ഹസ്‌തദാനം വേണ്ടെന്ന തീരുമാനത്തിൽ ഇന്ത്യൻ വനിതാടീമും

ലോകകപ്പ്‍ ക്രിക്കറ്റ് മത്സരത്തില്‍ പാക് താരങ്ങള്‍ക്ക് ഹസ്‌തദാനം വേണ്ടെന്ന തീരുമാനത്തിൽ ഇന്ത്യൻ വനിതാടീമും

ന്യൂഡല്‍ഹി:  ഏഷ്യാകപ്പ് ക്രിക്കറ്റിൽ  ഇന്ത്യൻ ടീം പാക് താരങ്ങളോട്  കാണിച്ച അതെ  നിലപാട്  തുടരാൻ ഇന്ത്യൻ  വനിതാ ടീമും .  ലോകകപ്പില്‍ പാകിസ്താനെതിരായുള്ള  മത്സരത്തില്‍ ഇന്ത്യന്‍ ടീം പാക് താരങ്ങള്‍ക്ക് ഹസ്തദാനം ചെയ്യില്ലെന്ന് റിപ്പോര്‍ട്ട്. കൊളംബോയില്‍ ഞായറാഴ്ച നടക്കുന്ന ലോകകപ്പ് ലീഗ് മത്സരത്തിന് മുന്നോടിയായി ഇന്ത്യന്‍ കളിക്കാര്‍ക്കും ടീം മാനേജ്മെന്‍റിനും ബിസിസിഐ നിര്‍ദ്ദേശം നല്‍കിയതായി പ്രമുഖ സ്‌പോര്‍ട്‌സ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.ഇന്ത്യന്‍ പുരുഷ ടീം ഏഷ്യാകപ്പ് ക്രിക്കറ്റിൽ പാകിസ്താന്‍ കളിക്കാര്‍ക്ക് ഹസ്തദാനം നല്‍കാന്‍ വിസമ്മതിച്ചിരുന്നു. ഈ നിലപാട് പിന്തുടരാനാണ്  വനിതാ ടീമിനും ബിസിസിഐ  നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

പഹല്‍ഗാം ഭീകരാക്രമണവും 'ഓപ്പറേഷന്‍ സിന്ദൂര്‍' വിഷയങ്ങളും കാരണം ഇന്ത്യയും പാകിസ്താനും തമ്മിലുള്ള രാഷ്ട്രീയ ബന്ധം വഷളായ പശ്ചാത്തലത്തിലാണ് ഈ നീക്കം. ഏഷ്യാ കപ്പില്‍ ഇരുടീമുകളും മൂന്ന് തവണ ഏറ്റുമുട്ടിയപ്പോഴും ഇന്ത്യന്‍ ടീം ഹസ്തദാനം ഒഴിവാക്കിയിരുന്നു. മാത്രമല്ല, ഏഷ്യാ കപ്പ് കിരീടം നേടിയ ശേഷം, പാകിസ്താന്‍ ആഭ്യന്തര മന്ത്രി കൂടിയായ എസിസി (ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍) മേധാവി മൊഹ്സിന്‍ നഖ്‌വിയില്‍ നിന്ന് ട്രോഫി സ്വീകരിക്കാനും ഇന്ത്യന്‍ ടീം വിസമ്മതിച്ചിരുന്നു.അതേസമയം, ഐസിസി (ഇന്‍റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍) ലോകകപ്പ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം കളിക്കാര്‍ തമ്മിലുള്ള ഹസ്തദാനം നിര്‍ബന്ധമല്ല. കായിക മര്യാദയ്ക്ക് നിരക്കാത്ത പെരുമാറ്റം ഉണ്ടായാല്‍ മാത്രമേ ടീമിനോ കളിക്കാര്‍ക്കോ എതിരെ നടപടിയെടുക്കാന്‍ സാധിക്കൂ. അതിനാല്‍, ഹസ്തദാനം നല്‍കിയില്ലെന്ന കാരണത്താല്‍ ഒരു ടീമിനെതിരേയും നടപടിക്ക് സാധ്യതയുമില്ല.