ഐസിസി വനിതാ ഏകദിന ലോകകപ്പ് മത്സരം : ദക്ഷിണാഫ്രിക്കയെ തകർത്ത് ഇന്ത്യയുടെ ഉജ്ജ്വല വിജയം

നവിമുംബൈ: ഐസിസി വനിതാ ഏകദിന ലോകകപ്പില്‍ ഇന്ത്യക്ക് ചരിത്രവിജയം! ദക്ഷിണാഫ്രിക്കയെ  52 റണ്‍സിന് തകർത്താണ്  മുംബൈയുടെ മണ്ണിൽ  ഇന്ത്യന്‍ പെൺപട  ഐതിഹാസിക വിജയം നേടിയത്.  ഷഫാലി വര്‍മയുടെ ഓള്‍ റൗണ്ട് മികവാണ് ഇന്ത്യയ്ക്ക് ലോകകിരീടം സമ്മാനിച്ചിരിക്കുന്നത്. ബാറ്റുകൊണ്ടും പന്തുകൊണ്ടും മികവ് കാട്ടിയ ഷഫാലി, ഗംഭീര പ്രകടനത്തിലൂടെ ഇന്ത്യയെ  ആദ്യമായി  ലോകകിരീടം ചൂടിച്ചു.നവി മുംബൈയിലെ ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിൽ നടന്ന ആവേശപ്പോരാട്ടത്തിൽ, 299 റൺസ് എന്ന വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക 45.3 ഓവറിൽ 246 റൺസിന് ഓൾ ഔട്ടായി. പ്രോടിയാസ് നായിക ലോറ വോൾവാർഡിന്റെ (98 പന്തിൽ 101) ഉജ്ജ്വല സെഞ്ചുറിക്ക് പോലും ടീമിനെ വിജയതീരത്ത് എത്തിക്കാൻ സാധിച്ചില്ല.8 പന്തിൽ 11 ഫോറുകളും ഒരു സിക്‌സറും അടക്കമായിരുന്നു ലോറയുടെ 101 റൺസിന്‍റെ ഇന്നിങ്‌സ്. ഇന്ത്യക്ക് വേണ്ടി ദീപ്‌തി ശർമ അഞ്ചു വിക്കറ്റും ഷെഫാലി വർമ രണ്ട് വിക്കറ്റും നേടി. ആദ്യം ബാറ്റിംഗിനെത്തിയ ഇന്ത്യയ്‌ക്കായി ഷെഫാലി വര്‍മ (87), ദീപ്‌തി ശര്‍മ (58), സ്‌മൃതി മന്ദാന (45), റിച്ചാ ഘോഷ് (34) എന്നിവരുടെ പ്രകടനമാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്.ഏകദിന ലോകകപ്പുകളുടെ ചരിത്രത്തിൽ അർദ്ധശതകം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ പുരുഷ-വനിതാ ബാറ്ററായി ഷെഫിലി മാറി. 49 പന്തുകളിൽ അർധസെഞ്ച്വറി തികച്ച താരം ലോകകപ്പിലെ തന്‍റെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ രേഖപ്പെടുത്തി. മറുവശത്ത്, മന്ദാന തുടക്കത്തിൽ മിന്നിയെങ്കിലും പിന്നാലെ വീഴുകയായിരുന്നു. ഒന്നാം വിക്കറ്റില്‍ മന്ദാന - ഷെഫാലി സഖ്യം 104 റണ്‍സ് ചേര്‍ത്തിരുന്നു.ക്ലോ ട്രൈയോണിന്‍റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ സിനാലോ ജാഫ്‌തയ്ക്ക് ക്യാച്ച് നല്‍കിയാണ് മന്ദാന മടങ്ങുന്നത്.

തുടർന്ന് ജെമിമയും ഷഫാലിയും രണ്ടാം വിക്കറ്റിൽ 62 റൺസ് കൂട്ടിച്ചേർത്തു. ഷഫാലി തന്‍റെ കന്നി ഏകദിന സെഞ്ച്വറി നേടാൻ ഒരുങ്ങുന്നതിനിടെ 28-ാം ഓവറില്‍ ഖാകയുടെ പന്തില്‍ സുനെ ലുസിന് ക്യാച്ച്. 78 പന്തുകള്‍ നേരിട്ട താരം രണ്ട് സിക്‌സറും ഏഴ് ഫോറും നേടി. ഹർമൻപ്രീത് കൗർ (20), ജെമീമ (24) എന്നിവർക്ക് അവരുടെ കഴിഞ്ഞ മത്സരങ്ങളിലെ മാന്ത്രികത ആവർത്തിക്കാനായില്ല, ദീപ്‌തി ശർമ്മ 58 റൺസ് നേടിയെങ്കിലും അവസാന 10 ഓവറിൽ ഇന്ത്യയ്ക്ക് 69 റൺസ് മാത്രമേ നേടാനായുള്ളൂ. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി അയബോംഗ ഖാക മൂന്ന് വിക്കറ്റ് വീഴ്ത്തി. മ്ലാബ, ട്രയോൺ, ഡി ക്ലർക്ക് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച തുടക്കമാണ് ക്യാപ്റ്റന്‍ ലോറ വോള്‍വര്‍ത്തും ടാസ്മിന്‍ ബ്രിറ്റ്‌സും നല്‍കിയത്. ഇരുതാരങ്ങളും ഒന്‍പത് ഓവറില്‍ ടീമിനെ അമ്പത് കടത്തി.അമൻജോത് കൗറിന്‍റെ ഒരു മികച്ച ഡയറക്ട് ഹിറ്റ് ബ്രിറ്റ്‌സിന്റെ ഇന്നിംഗ്സ് 35 പന്തിൽ നിന്ന് 23 റൺസിന് അവസാനിപ്പിച്ചു. വണ്‍ഡൗണായി ഇറങ്ങിയ അന്നെകെ ബോഷ് പൂജ്യത്തിന് മടങ്ങിയതോടെ ദക്ഷിണാഫ്രിക്ക തെല്ലൊന്ന് ഞെട്ടി. പിന്നാലെ 25 റൺസെടുത്ത സ്യൂണ്‍ ല്യൂസിനെ ഷഫാലി പുറത്താക്കിയതോടെ ടീം 114-3 എന്ന നിലയിലായി. ഷഫാലിയെ ടീമിൽ ഉൾപ്പെടുത്തിയ ഹർമൻപ്രീതിന്‍റെ തന്ത്രപരമായ നീക്കം കളി ഇന്ത്യയ്ക്ക് അനുകൂലമാക്കി. മരിസാനെ കാപ്പ് (4), സിനാലോ ജാഫ്‌ത (16) എന്നിവരെല്ലാം നിരാശപ്പെടുത്തി. ക്ലോ ട്രൈയോണ്‍ (9), നതീന്‍ ഡി ക്ലാര്‍ക്ക് (18), അയബോന്‍ഗ ഖാക (1) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. മ്ലാബ പുറത്താവാതെ നിന്നു.