'ഓപ്പറേഷൻ സതേൺ റെഡിനസ്'; അന്താരാഷ്ട്ര നാവികസേനാ അഭ്യാസത്തിന് ദക്ഷിണ നാവിക ആസ്ഥാനത്ത് തുടക്കം

എറണാകുളം: സമുദ്രസുരക്ഷാ രംഗത്ത് പുതിയൊരു നാഴികക്കല്ല് കുറിച്ചുകൊണ്ട് അന്താരാഷ്ട്ര നാവികസേനാ അഭ്യാസമായ 'ഓപ്പറേഷൻ സതേൺ റെഡിനസ്' കൊച്ചിയിലെ ദക്ഷിണ നാവികസേനാ ആസ്ഥാനത്ത് തുടക്കമായി. ഇതാദ്യമായാണ് ഈ അന്താരാഷ്ട്ര പരിശീലന പരിപാടിക്ക് ഇന്ത്യ വേദിയാകുന്നത്. കംബൈൻഡ് മാരിടൈം ഫോഴ്‌സിൻ്റെ (CMF) നേതൃത്വത്തിൽ സംഘടിപ്പിച്ച ഈ ബഹുരാഷ്ട്ര സംയുക്ത നാവികസേനാ അഭ്യാസത്തിന് മേൽനോട്ടം വഹിക്കുന്നത് ഇന്ത്യൻ നാവികസേനയുടെ നേതൃത്വത്തിലുള്ള 'കംബൈൻഡ് ടാസ്‌ക് ഫോഴ്‌സ്' ആണ്. ജൂലൈ 20 മുതൽ 23 വരെയാണ് ഈ വിപുലമായ പരിശീലന പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്.

സിഎംഎഫും ഭാരതീയ നാവികസേനയും തമ്മിൽ വളർന്നുവരുന്ന ശക്തമായ സഹകരണത്തിൻ്റെയും പങ്കാളിത്തത്തിൻ്റെയും തെളിവാണ് ഈ സംയുക്ത അഭ്യാസം. സമുദ്രസുരക്ഷാ വെല്ലുവിളികൾ നേരിടുന്നതിൽ പരസ്‌പര സഹകരണം വർധിപ്പിക്കുക, അറിവുകളും പരിചയസമ്പത്തും പങ്കുവയ്‌ക്കുക, സംയുക്ത പ്രതികരണ ശേഷി മെച്ചപ്പെടുത്തുക എന്നിവയാണ് ഇതിൻ്റെ പ്രധാന ലക്ഷ്യങ്ങൾ.ഇന്ത്യയെക്കൂടാതെ അമേരിക്ക, യുകെ, ഓസ്‌ട്രേലിയ, ജപ്പാൻ, കാനഡ, തായ്‌ലന്‍ഡ്, യുഎഇ, ഒമാൻ, ജിബൂട്ടി, സീഷെൽസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഇരുനൂറിലധികം നാവികസേനാ പ്രതിനിധികളും ദക്ഷിണ നാവിക കമാൻഡിൽ പരിശീലനം നടത്തുന്ന വിദേശ കേഡറ്റുകളും ഇതിൽ പങ്കാളികളാകുന്നു. 26 രാജ്യങ്ങളിൽ നിന്നായി 254 പ്രൊഫഷണലുകൾ ഈ പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. കൂടാതെ 74 പരിശീലകരും അന്താരാഷ്ട്ര സംഘടനകളിൽ നിന്നുള്ള നാല് പ്രമുഖരും വിവിധ വിഷയങ്ങളിലെ വിദഗ്‌ധരും പരിശീലനത്തിന് നേതൃത്വം നൽകുന്നു. പങ്കാളിത്ത രാജ്യങ്ങളുടെ നാവിക ശേഷി വർധിപ്പിക്കുക, പരസ്‌പര പ്രവർത്തനക്ഷമത കൂട്ടുക, പ്രൊഫഷണൽ സജ്ജത ഉറപ്പാക്കുക എന്നിവയാണ് നിലവിൽ ഇന്ത്യൻ നാവികസേനയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കംബൈൻഡ് ടാസ്‌ക് ഫോഴ്‌സ് ലക്ഷ്യമിടുന്നത്.
പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങിൽ കംബൈൻഡ് ടാസ്‌ക് ഫോഴ്‌സ് കമാൻഡർ കമ്മഡോർ മിലിന്ദ് എം മൊകാഷി ആമുഖ പ്രസംഗം നടത്തി. തുടർന്ന് കംബൈൻഡ് മാരിടൈം ഫോഴ്‌സ് ഡെപ്യൂട്ടി കമാൻഡർ കമ്മഡോർ ഡാൻ തോമസ് ഉദ്ഘാടന പ്രസംഗവും ഹെഡ്ക്വാർട്ടേഴ്‌സ് സതേൺ നാവിക കമാൻഡ് ചീഫ് സ്റ്റാഫ് ഓഫിസർ (ട്രെയിനിങ്) റിയർ അഡ്‌മിറൽ ദീപക് സിംഗാൾ മുഖ്യപ്രഭാഷണവും നടത്തി. സമകാലിക സമുദ്ര സുരക്ഷാ വെല്ലുവിളികളെ നേരിടുന്നതിന് പ്രൊഫഷണൽ പരിശീലനം, പരസ്‌പരമുള്ള അറിവ് പങ്കുവയ്‌ക്കൽ, ബഹുമുഖ സഹകരണം എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ചും അതിഥികൾ തങ്ങളുടെ പ്രസംഗത്തിൽ പറഞ്ഞു.